മിന്നിത്തിളങ്ങാൻ ഇരുട്ട് തേടി...

Mail This Article
∙വെളിച്ചം കൂടിപ്പോയത് കൊണ്ടു വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന പ്രാണി വർഗമാണ് മിന്നാമിനുങ്ങുകൾ. കാഴ്ചയ്ക്കു രസം എന്നതിനപ്പുറം ആ ഇത്തിരിവെളിച്ചം അവയുടെ പരസ്പരമുള്ള ആശയവിനിമയ മാർഗം കൂടിയാണ്. ‘ലൈറ്റ് പൊല്യൂഷൻ’ അഥവാ വെളിച്ചത്തിന്റെ അതിപ്രസരം കാഴ്ച മറച്ചതോടെ മിന്നാമിനുങ്ങൾ നാശത്തിന്റെ വക്കിലെത്തിയെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. പരിസ്ഥിതി പ്രവർത്തകൻ വെരായേൻ ഖന്നയുടെ നേതൃത്വത്തിൽ 20 അംഗ സംഘം ഡീർപാർക്കിൽ മിന്നാമിനുങ്ങുകളെ നിരീക്ഷിക്കാനെത്താറുണ്ട്.
അധികൃതരിൽ നിന്ന് പ്രത്യേക അനുമതിയെടുത്താണ് രാത്രികളിൽ ഇവരെത്തുന്നത്. ‘2016 മുതലാണ് ഡൽഹിയിൽ മിന്നാമിനുങ്ങുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2 വർഷങ്ങളിലായി ഗണ്യമായി കുറഞ്ഞു. ഡീർപാർക്കിൽ മുൻപ് ഒറ്റ രാത്രിയിൽ നൂറിലേറെ മിന്നാമിനുങ്ങുകളെ വരെ കണ്ടിരുന്നു. ഇപ്പോൾ മണിക്കൂറുകൾ കാത്തിരുന്നാലാണ് ഒന്നോ രണ്ടോ എണ്ണത്തെ കാണുന്നത്. രാത്രികാലങ്ങളിൽ പാർക്കിലെ വൈദ്യുതി വിളക്കുകളാണ് ഇവയെ അകറ്റിനിർത്തുന്നത്. ഈ വെളിച്ചത്തിൽ മിന്നാമിനുങ്ങൾക്ക് സ്വൈര്യവിഹാരം നടത്താനോ ഇണചേരാനോ കഴിയില്ല’– ഖന്ന പറഞ്ഞു.
മിന്നാമിനുങ്ങകളെ കൂട്ടത്തോടെ കണ്ടിരുന്ന ഹൗസ് ഖാസ് ലെയ്ക്കിനു സമീപത്തും ജെഎൻയു ക്യാംപസിലും ഇപ്പോൾ ഇവ തീരെയില്ല. കൊതുകു നശീകരണത്തിനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയായിരുന്നു മിന്നാമിനുങ്ങുകൾ. കൊതുകുകളും ലാർവകളുമാണ് ഇവയുടെ പ്രധാന ആഹാരം. പാർക്കുകളിൽ കാലൊച്ച കേൾക്കുമ്പോൾ മാത്രം തെളിയുന്ന ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് ഖന്ന ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ‘ൈലറ്റ് പൊലൂഷൻ മാത്രമല്ല, ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണവും മിന്നാമിനുങ്ങിന്റെ നാശത്തിന് കാരണമാകുന്നു’ –എന്റമോളജിസ്റ്റ് മുഹമ്മദ് ഫൈസൽ പറഞ്ഞു
രാത്രിവെളിച്ചത്തിന്റെ അതിപ്രസരം കൊണ്ടാണ് ഡൽഹിയിലെ മറ്റു സ്ഥിരം ആവാസകേന്ദ്രങ്ങളിൽ നിന്നും മിന്നാമിനുങ്ങൾ മാഞ്ഞുപോകുന്നത്.ഹൗസ് ഖാസ് ലെയ്ക്കിനു സമീപം ഈ വർഷം ഇതുവരെ ഒറ്റ മിന്നാമിനുങ്ങിനെപ്പോലും കണ്ടെത്തിയിട്ടില്ല. പരിസരത്തെ റസ്റ്ററന്റുകളിൽ നിന്നുള്ള തീവ്രതയേറിയ വെളിച്ചവും ശബ്ദവുമാണ് ഇവയെ അകറ്റിനിർത്തുന്നത്.
‘1990 കാലങ്ങളിൽ ജെഎൻയു ക്യാംപസിനുള്ളിൽ പലയിടത്തും മിന്നാമിനുങ്ങുകളുടെ കൂട്ടം തന്നെയുണ്ടായിരുന്നു. ഹൈമാസ് ലൈറ്റുകളും മറ്റും വന്നതോടെ ആൺ, പെൺ മിന്നാമിനുങ്ങുകൾക്കു രാത്രികളിൽ പരസ്പരം കണ്ടെത്താൻ തന്നെ കഴിയാതെയായി. സഞ്ജയ് വനിലെയും സ്ഥിതി ഇതുതന്നെയാണ്’– ജെഎൻയുവിലെ സുവോളജിസ്റ്റ് സൂര്യപ്രകാശ് പറഞ്ഞു.
‘മിന്നാമിനുങ്ങളുടെ നിലനിൽപ് തന്നെ ഇരുട്ടിലാണ്. ഈർപ്പമുള്ള അന്തരീക്ഷവും മരക്കൂട്ടങ്ങളുമാണ് അവയ്ക്കനുയോജ്യം. ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെയും വെളിച്ചത്തിന്റെയും കടന്നുകയറ്റമാണ് അവയുടെ സാന്നിധ്യമില്ലാതാക്കിയത്’ – ഗുരുഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിലെ അസി. പ്രഫ. സുമിത് ദൂക്കിയ പറഞ്ഞു. ഇനിയൊരു തലമുറയുടെ കൺമുന്നിൽ ഒരുതുള്ളി വെളിച്ചവുമായി മിന്നാമിനുങ്ങുൾ മിന്നിയെത്തുമോ എന്ന ആശങ്കയാണ് ഇവിടെ ബാക്കിയാകുന്നത്.