മധുരം പേരിൽ; പറഞ്ഞു പറ്റിക്കും ഈ സ്ഥലങ്ങൾ

Mail This Article
∙ ഓർക്കുമ്പോൾ തന്നെ മധുരിക്കുന്ന ചില സ്ഥലപ്പേരുകളുണ്ട്. ചാന്ദ്നി ചൗക്കിലെ അന്നപൂർണ, ചെയ്ന റാം സിന്ധി, ഹീര സ്വീറ്റ്സ്, ബംഗാളി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ മധുരിച്ചിട്ടല്ലാതെ ഓർക്കാനേ വയ്യ. എന്നാൽ, പേരിൽ മധുരം പുരട്ടിയിട്ടും പേരിനു പോലും മധുരം കിട്ടാനില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഡൽഹിയിൽ.
അതിലൊന്നാണ് പഹാഡ് ഗഞ്ചിലെ ലഡു ഘട്ടി. ലഡു കഴിച്ചുകളയാം എന്നുകരുതി നേരെ ലഡു ഘട്ടിയിലേക്ക് ചെന്നാൽ അതു കിട്ടുന്ന ഒരൊറ്റ കട പോലും കണ്ടെത്താൻ കഴിയില്ല. മറ്റു പലഹാരങ്ങൾ വിൽക്കുന്ന കടകൾ ഒട്ടേറെയുണ്ടെങ്കിലും സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ ലഡുവിനു മാത്രമായി ഒരു കടയില്ല.
ശ്യാം ശങ്കർ 50 വർഷമായി ഇവിടെ താമസിക്കുന്നു. ‘സ്ഥലപ്പേരിന് പിന്നിലെ ചരിത്രത്തെക്കുറിച്ച് പ്രദേശത്തുള്ളവർക്ക് പോലും കൃത്യമായി അറിയില്ല. പേര് കേൾക്കുമ്പോൾ ഇവിടെ ലഡു കിട്ടുമോ എന്നാണു പലരും ചോദിക്കുന്നത്. എന്നാൽ, ഞങ്ങൾ ഗോൾമാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയാണ് മധുരം വാങ്ങുന്നത്’–ശ്യാം പറഞ്ഞു.
ലഡു ഘാട്ടി പോലെ പേരിൽ മാത്രം മധുരമുള്ളൊരു സ്ഥലമാണ് പുൽ മിഠായി. ഡൽഹി ജംക്‌ഷനും കുത്തബ് റോഡിനുമിടയിലുള്ള ഈ പ്രദേശത്ത് ഒറ്റ മധുരക്കട പോലുമില്ല. തിക്കും തിരക്കും ഗതാഗതക്കുരുക്കും പതിവായ പുൽ മിഠായിയിൽ നിന്നുതിരിയാൻ പോലുമിടമില്ല.
‘ 75 വർഷമായി ഈ പ്രദേശത്താണു താമസിക്കുന്നത്. ഇക്കാലത്തിനിടെ മധുരം വിൽക്കുന്ന ഒറ്റക്കട പോലും ഇവിടയുണ്ടായിരുന്നതായി ഓർമയില്ല’ – തൊട്ടടുത്ത മോർ സരായ് റെയിൽവേ കോളനിയിൽ താമസിക്കുന്ന നന്ദ് കിഷോർ ജയ്സ്‌വാൾ പറഞ്ഞു. പുൽ മിഠായിയിൽ നിന്ന് കുറച്ചു മുന്നോട്ടു നീങ്ങിയാൽ സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്സും ധാന്യങ്ങളും മറ്റും വിൽക്കുന്ന ചില കടകൾ കാണാം. പക്ഷേ, കണ്ണെത്തുന്ന ദൂരത്തൊന്നും പേര് സൂചിപ്പിക്കും പോലെ മധുരക്കടകളില്ല.
ഇനി ഗുരുദ്വാര രഘബ്ഗഞ്ച് റോഡിലൂടെ സുൽത്താൻപുർ മജ്‌രയിലേക്കു നടന്നാൽ നേരെ ജിലേബി ചൗക്കിലെത്തും. പേര് കേൾക്കുമ്പോൾ കടുംചുവപ്പിലും ഇളം മഞ്ഞയിലും മധുരം കിനിഞ്ഞു നിൽക്കുന്ന ജിലേബികൾ ഓർമ വരും. പക്ഷേ, മറക്കുന്നതാണ് നല്ലത്. പേരിനു പോലും ഒരു ജിലേബിക്കട ഈ പരിസരത്തില്ല. ആളുകൾ പറഞ്ഞു കേൾക്കുന്നതല്ലാതെ ഔദ്യോഗിക രേഖകളിലും ഇപ്പോൾ ജിലേബി ചൗക്ക് എന്ന സ്ഥലപ്പേരില്ല.
പക്ഷേ, ഖാരി ബാവ്‌ലിയിലെ ഗലി ബതാഷാനിലേക്കു കടന്നാൽ കഥ വേറെയാണ്. ബതാഷ ഒരു മധുരപലഹാരമാണ്. പക്ഷേ, ഈ ഗലി പറഞ്ഞു പറ്റിക്കില്ല. വർഷങ്ങളായി മധുരം വിൽക്കുന്ന കടകൾ ഇവിടെയുണ്ട്. ദീപാവലിക്ക് ഉൾപ്പെടെ പൂജുകൾക്കും മറ്റും അത്യാവശ്യമായ ബതാഷ വിൽക്കുന്ന ഇവിടത്തെ കടകളിൽ തിരക്കു കൂടും.
‘ഇവിടത്തെ മധുരക്കടകളെല്ലാം ഒരേ കുടുംബങ്ങളിലെ പല തലമുറകൾ നടത്തി വരുന്നതാണ്. പരമ്പരാഗത രീതിയിൽ തന്നെയാണ് ഇപ്പോഴും പലഹാരങ്ങളുണ്ടാക്കുന്നത്. ബതാഷ വിൽക്കുന്ന 12ലേറെ കടകൾ ഇപ്പോഴിവിടെയുണ്ട്’– പലഹാരക്കട നടത്തുന്ന ആശിഷ് വർമ പറഞ്ഞു.