ഗ്രാപ് 4 ഡിസംബർ 2 വരെ തുടരണം: സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ വായുമലിനീകരണം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഗ്രേഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ 4 (ഗ്രാപ് 4) നിയന്ത്രണങ്ങൾ ഡിസംബർ 2 വരെ തുടരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് ഇളവുകളുള്ളത്. ഡീസൽ വാഹനങ്ങൾക്കുള്ള വിലക്കുകൾ ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരണം. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് യോഗം ചേർന്നു വിലയിരുത്തണമെന്നും ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഡൽഹിയിലേക്കു ട്രക്കുകൾ കടക്കുന്നതു തടയുന്നതിൽ വലിയ വീഴ്ച പറ്റിയെന്ന് കോടതി വിമർശിച്ചു. പൊലീസ് ഒന്നും ചെയ്യുന്നില്ല. ട്രക്കുകൾ നിർബാധം നഗരത്തിലേക്കു പ്രവേശിക്കുകയാണെന്നു ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു.
ഗ്രാപ് 4 നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വലിയ വീഴ്ച വന്നെന്ന് കോടതി നിയോഗിച്ച കോർട്ട് കമ്മിഷണർമാർ റിപ്പോർട്ട് നൽകിയെന്നും പറഞ്ഞു. വായുമലിനീകരണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമുണ്ടാകണം. ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദമായ വാദം കേൾക്കും. വൈക്കോൽ കത്തിക്കുന്നത്, പടക്കനിരോധനം, ട്രക്കുകളുടെ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ കർഷകരോട് വൈകിട്ട് 4ന് ശേഷം വൈക്കോൽ കത്തിക്കാൻ പഞ്ചാബിലെ ലാൻഡ് െറക്കോർഡ് ഓഫിസർ നിർദേശിച്ച വാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥരോട് പറയണമെന്ന് പഞ്ചാബ് സർക്കാരിന് നിർദേശം നൽകി.