ഡൽഹിയിലെ കൊടും തണുപ്പിൽ ജീവൻ നഷ്‌ടമായത് 474 പേർക്ക്

Mail This Article
ന്യൂഡൽഹി ∙ കൊടും തണുപ്പിൽ ജീവൻ നഷ്‌ടമായത് 474 പേർക്കെന്ന് എൻജിഒ സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ്. നവംബർ 15 മുതൽ ജനുവരി 10 വരെ 474 ഭവനരഹിതർ കൊടും തണുപ്പ് മൂലം മരിച്ചെന്നും കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ് മേധാവി സുനിൽകുമാർ അലെദിയ ചീഫ് സെക്രട്ടറി ധർമേന്ദ്ര സിങ്ങിനു സമർപ്പിച്ച പരാതിയിലാണ് കണക്കുകളുള്ളത്. ലഫ്. ഗവർണർ വി.കെ.സക്സേനയ്ക്കും അതിഷിക്കും ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിനും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡിസിപിമാർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. 15 പൊലീസ് ജില്ലകളിലെ കണക്കുകൾ കത്തിലുണ്ട്.
മഴ; തണുപ്പ് കൂടി
ന്യൂഡൽഹി ∙ തണുപ്പിന് ആക്കം കൂട്ടി മഴ തുടരുന്നു. 2.2 മില്ലിമീറ്റർ മഴയാണ് പുലർച്ചെ 8.30 വരെ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും പലയിടങ്ങളിലും മഴ പെയ്തു. 9 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 284 ആയിരുന്നു വായുഗുണനിലവാരം.