തലസ്ഥാനത്തെ കുടുംബശ്രീ കഫേ ഹിറ്റ്: ഇന്ത്യാ ഗേറ്റ് കടന്ന് നാട്ടുരുചിയിലേക്ക്

Mail This Article
ന്യൂഡൽഹി∙ ‘കേല ഫ്രൈ’: ഡൽഹി മെനുവിലെ പുതുമുഖം. ആരെന്നോർത്ത് അമ്പരക്കേണ്ട. ശരിക്കുള്ള പേര് ബ്രായ്ക്കറ്റിലുണ്ട്, സാക്ഷാൽ പഴംപൊരി. വാഴയ്ക്കാപ്പം, ഏത്തയ്ക്കാപ്പം ... തുടങ്ങി നാട്ടിൽ പലപേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും പലഹാരം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുന്നത് ഇതാദ്യം. ഇന്ത്യാ ഗേറ്റ് പരിസരത്തെ കുടുംബശ്രീ കഫേയിലേക്ക് ചെല്ലാം, തനി നാടൻ രുചിയിൽ ആവിപറക്കുന്ന ചെറുകടികൾ ഉൾപ്പെടെ കേരള വിഭവങ്ങൾ തയാറാണ്. കേരളത്തിനു പുറത്ത് കുടുംബശ്രീയുടെ സ്ഥിരം ഭക്ഷണശാല ആദ്യമായി ഡൽഹിയിലാണു തുടങ്ങിയത്.
മെനുവിൽ ആവശ്യക്കാർ ഏറെയുള്ള മറ്റൊരു വിഭവം കൂടിയുണ്ട്, ഫ്ലവർ കേക്ക്: എണ്ണയിൽ മൊരിയുമ്പോൾ പൂപോലെ വിടരുന്ന തനിനാടൻ വെട്ടുകേക്ക്. പഴംപൊരിയെക്കാൾ ഡൽഹിയിൽ ഡിമാൻഡ് വെട്ടുകേക്കിനാണ്’– കഫേയുടെ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ ലീന സുരേന്ദ്രനും രഞ്ജിനി രവീന്ദ്രനും പറഞ്ഞു. കാസർകോട് ‘സൽക്കാര’ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച കുടുംബശ്രീ കഫേ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതേയുള്ളൂ പ്രഭാത ഭക്ഷണം, ഊണ്, ചെറുകടികൾ തുടങ്ങിയവയ്ക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യാ ഗേറ്റ് കാണാനെത്തുന്നവർ രാവിലെ മുതൽ കാത്തുനിൽക്കുന്നു. നാട്ടിൽ നിന്നെത്തി ‘റൊട്ടിയും സബ്ജിയും’ കഴിച്ചു തളർന്നവർക്ക് ഇന്ത്യാ ഗേറ്റ് പരിസരത്ത് ‘വീട്ടിലെ ഊണ്’ കിട്ടും എന്നറിയുമ്പോൾ ഇരട്ടിസന്തോഷം.
സാമ്പാർ, തോരൻ, കൂട്ടുകറി, അവിയൽ, മോരുകറി, അച്ചാർ, പപ്പടം ഉൾപ്പെടെയുള്ള ഊണിന് 70 രൂപ. ഊണിനൊപ്പം സ്പെഷൽ ഇപ്പോൾ ഓംലറ്റ് മാത്രമേയുള്ളൂ. കേരളത്തിന്റെ തനതു മീൻകറികളും ‘ഹെർബൽ ചിക്കൻ’ ഉൾപ്പെടെയുള്ളവ ഉടനെത്തുമെന്നു ലീനയും രഞ്ജിനിയും പറഞ്ഞു. പലതരം ബിരിയാണികളും വരും. രാവിലെ 9 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന കഫേയിൽ ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട തുടങ്ങിയ ചെറുകടികൾക്കു 20 രൂപ. മറ്റുനിരക്കുകൾ: മസാല ദോശ(80), നെയ്യ് റോസ്റ്റ്(70), ചായ(20), കാപ്പി(30), ഗ്രീൻ ടീ(30), ദോശ, വട, സാമ്പാർ, ചട്നി കോംബോ– 50 രൂപ.
അതീവ സുരക്ഷാ മേഖലയായ ഇന്ത്യാ ഗേറ്റ് പരിസരത്തു പാചകവാതകം ഉപയോഗിക്കുന്നതിനു വിലക്കുള്ളതിനാൽ ഇൻഡക്ഷൻ കുക്കറിലും ഇലക്ട്രിക് അടുപ്പിലുമാണ് പാചകം. ‘പരിമിതികളുണ്ട്, പുറത്ത് മറ്റൊരു മുറിയെടുത്തിട്ടു വേണം കൂടുതൽ നോൺവെജ് വിഭവങ്ങൾ പാചകം ചെയ്ത് എത്തിക്കാൻ’– ലീന പറഞ്ഞു. ‘കാസർകോടിന്റെ സ്വന്തം സ്പെഷൽ നെയ് പത്തിരിയും ചിക്കൻ സുക്കയും ഉൾപ്പെടെയുള്ളവ തലസ്ഥാനം രുചിക്കാനിരിക്കുന്നതേയുള്ളൂ’ – രഞ്ജിനി പറഞ്ഞു.
ഇന്ത്യാ ഗേറ്റിനോടു ചേർന്നു കഫേ നടത്താനുള്ള സ്ഥലം സംസ്ഥാന കുടുംബശ്രീ മിഷനാണ് കേന്ദ്ര സർക്കാർ വിട്ടുനൽകിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് സംരംഭകരെ കണ്ടെത്തി നടത്തിപ്പു ചുമതല കൈമാറുന്നു. ഭക്ഷണശാലയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പ്രതിദിനചെലവുകൾ കണ്ടെത്തുന്നതിനു പുറമേ ലാഭവും നടത്തിപ്പുകാർക്കെടുക്കാം. കുടുംബശ്രീ യൂണിറ്റുകൾക്കു പരിശീലനം നൽകുന്ന ‘ഐഫ്രെയിം’ എന്ന സ്ഥാപനമാണ് ഡൽഹിയിലെ കഫേയുടെ മേൽനോട്ടച്ചുമതലയും പരിശീലനവും പിന്തുണയും നൽകുന്നത്. ‘കേരളത്തിലെ ജില്ലകളിലെ കുടുംബ ശ്രീ യൂണിറ്റുകളിൽ നിന്നുള്ളവർ മാറിമാറി പാചകവും മേൽനോട്ടവും വഹിക്കാനെത്തും. അതുകൊണ്ടുതന്നെ നാട്ടിൽ പലയിടങ്ങളിലായി പ്രചാരത്തിലുള്ള വ്യത്യസ്ത വിഭവങ്ങൾ ഇനി ഡൽഹിയിലും രുചിക്കാം’– ഐഫ്രെയിം ചീഫ് എക്സിക്യുട്ടീവ് ഓഫിസർ കെ.പി. അജയകുമാർ പറഞ്ഞു.
എത്തിച്ചേരാൻ
കെജി മാർഗിന് എതിർവശം ഇന്ത്യ ഗേറ്റ് സമുച്ചയത്തിനകത്ത് അമർ ജ്യോതിയിലേക്കുള്ള വഴി അകത്തേക്കു കടന്ന് വലത്തേക്കു തിരഞ്ഞാൽ താഴെ സബ്‌വേയിൽ അമിനിറ്റി ബ്ലോക്കിലാണ് കുടുംബശ്രീ കഫേ. ഇതിനോട് ചേർന്ന് മേഘാലയ, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണശാലകളുമുണ്ട്. കുടുംബശ്രീ കഫേയുടെ ലൊക്കേഷൻ അറിയാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക.