ഡൽഹി പൊലീസ്: മാറിയ റിക്രൂട്മെന്റ് രീതി വെല്ലുവിളി; മാറിനിൽക്കുന്നോ മലയാളികൾ?

Mail This Article
ന്യൂഡൽഹി∙ ഡൽഹി പൊലീസിൽ കേരളത്തിൽനിന്ന് എത്രപേരുണ്ട്? ഇപ്പോൾ, ഏകദേശം 750 പേർ എന്നതാണ് ഉത്തരം. ഏതാനും വർഷം കഴിഞ്ഞാലോ? ആരുമില്ല. കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ പോയി റിക്രൂട്മെന്റ് നടത്തുന്ന രീതിയാണ് കേരളീയർക്കും അവസരത്തിനു വഴിതുറന്നിരുന്നത്. നിയമനരീതി മാറിയത് തിരിച്ചടിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഡൽഹി പൊലീസ്.
കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് 81,702 ആണ് അംഗബലം; അനുവദനീയ അംഗബലം 94,249. അഞ്ചു വർഷം മുൻപുവരെ സേനയിൽ കേരളത്തിൽനിന്ന് 2500ലേറെപ്പേരുണ്ടായിരുന്നു. ഈ വർഷം 145 പേർ കൂടി വിരമിക്കുന്നതോടെ കേരളീയരുടെ എണ്ണം ഏതാണ്ട് 500ൽ എത്തും. രണ്ടുവർഷം കൂടി കഴിഞ്ഞാൽ അത് 120 ആവും; ക്രമേണ, ആരുമില്ലെന്ന സ്ഥിതിയുമാകും. ഇപ്പോൾ വനിതകളും വളരെ കുറവാണ്.
ആദ്യ ബാച്ച് അടിയന്തരാവസ്ഥയ്ക്കു മുൻപ്
ഡൽഹി പൊലീസിലേക്ക് ആദ്യ ബാച്ച് മലയാളികളെത്തുന്നത് അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുൻപ് 1974ലാണ്. സംസ്ഥാനങ്ങളിൽ പോയി നേരിട്ട് റിക്രൂട്മെന്റ് നടത്തുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. കേരളത്തിൽ നടന്ന ആദ്യ റിക്രൂട്മെന്റിൽ 50 മലയാളികളാണ് ഡൽഹി പൊലീസിന്റെ ഭാഗമായത്. ഡിസിപിയായിരുന്ന വി.രാജഗോപാലിന്റെ ശ്രമങ്ങളും അന്ന് സഹായകമായി.1976 പ്രത്യേക ന്യൂനപക്ഷ സംവരണ റിക്രൂട്മെന്റ് നടന്നു; കേരളത്തിൽനിന്ന് 58 പേർക്ക് നിയമനം ലഭിച്ചു.
1982, 1986, 1987, 1994, 1995 വർഷങ്ങളിൽ സംസ്ഥാനങ്ങളിൽനിന്നുള്ള റിക്രൂട്മെന്റ് ആവർത്തിച്ചു. 1986, ’87 ബാച്ചുകളിലായി 850 മലയാളികളാണ് സേനയിലെത്തിയത്. കേരള പൊലീസിനെ അപേക്ഷിച്ച് കൂടുതൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടെന്നത് ഡൽഹിയിലേക്ക് ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നു. എന്നാൽ, 1996നുശേഷം റിക്രൂട്മെന്റിനു കേന്ദ്രീകൃത രീതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. നിയമനം പൂർണമായി സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) വഴിയാക്കി.
ഇത് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളുടെ വരവ് കുറച്ചു. പ്ലസ്ടുവാണ് നിയമനത്തിന് നിലവിലെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ശാരീരിക ക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന, അഭിമുഖം തുടങ്ങിയവയ്ക്കായി പലതവണ ഡൽഹിയിൽ വരുന്നതിന്റെ ബുദ്ധിമുട്ടും പണച്ചെലവും വിദൂരസംസ്ഥാനക്കാർക്ക് താൽപര്യം കുറയാൻ കാരണമായിട്ടുണ്ട്.
പ്രതിവർഷം രണ്ടോ മൂന്നോ പേർ മാത്രം
പത്തുവർഷമായി രണ്ടോ മൂന്നോ മലയാളികളാണ് ഡൽഹി പൊലീസിലേക്ക് പ്രതിവർഷം എത്തുന്നത്. പ്രതികൂല കാലാവസ്ഥയും നാടുവിട്ടുനിൽക്കുന്നതിലെ പ്രയാസവും കാരണം പലരും പാതിവഴിയിൽ മറ്റ് അവസരങ്ങൾക്ക് ശ്രമിക്കുന്ന സ്ഥിതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രാതിനിധ്യവും ഏതാണ്ട് സമാനമാണ്. ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വളരെ കുറവാണ്. വൈകാതെ ഡൽഹി പൊലീസ് സേന ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേതു മാത്രമായി മാറാം.