ഡൽഹി: എച്ച്1എൻ1 പടരുന്നു; പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ രോഗങ്ങളും വ്യാപകം

Mail This Article
ന്യൂഡൽഹി ∙ തണുപ്പുകാലം കഴിഞ്ഞ് തലസ്ഥാനത്ത് വീണ്ടുമൊരു ചൂടുകാലമെത്തുന്നു. വേനൽ തുടങ്ങിയില്ലെങ്കിലും വസന്തത്തിനൊപ്പം താപനില ഉയർന്നു തുടങ്ങി. ചൂടിനൊപ്പം രോഗങ്ങളും കൂടെയെത്തുമ്പോൾ ആരോഗ്യ പാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പനി, വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ എന്നിവയാണ് കഴിഞ്ഞ മാസം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് പറയുന്നു.
മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ചികിത്സ തേടണം
എച്ച്1എൻ1 പടരുന്നു എന്ന് സർവേയിൽ കണ്ടെത്തി. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ ഡൽഹിയിലെ പകുതിയിലധികം വീടുകളിലും ഒരാളെയെങ്കിലും എച്ച്1എൻ1 ബാധിച്ചു. തൊണ്ടവേദന, തലവേദന, ചുമ, സന്ധി വേദന എന്നിവയാണ് ആരംഭ ലക്ഷണം. സ്വയം ചികിത്സ നടത്തരുതെന്നും ആശുപത്രികളിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഗർഭിണികൾ സൂക്ഷിക്കണം
ഇൻഫ്ലുവൻസ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച് 1എൻ1 പനി. ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ഡോക്‌ടറെ കാണണം.
പ്രതിരോധം
എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണ വിശ്രമമെടുക്കുക. സ്കൂൾ, ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു വിട്ടുനിൽക്കുക. പോഷകാഹാരം കഴിക്കുക. പോഷക ഗുണമുള്ള പാനീയങ്ങൾ കുടിക്കുക. മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. കൈ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്.
ലക്ഷണങ്ങൾ
സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫീവർ) എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകും. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാകും.