അമൃത് മഹോത്സവിൽ കേരളാ രുചിമേളം; പ്രശംസ നേടി സൗപർണിക കുടുംബശ്രീ യൂണിറ്റ്

Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തിൽ സംഘടിപ്പിച്ച ‘വിവിധ് കാ അമൃത് മഹോത്സവിൽ’ കേരളത്തിന്റെ വൈവിധ്യമാർന്ന രുചികൾ വിളമ്പാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപർണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമുന, ഷാഹിദ എന്നിവർ. മേളയിൽ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്.
കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാൾ കുടുംബശ്രീക്ക് ലഭിച്ചതോടെയാണ് ഇവർക്ക് അവസരമൊരുങ്ങിയത്.ഡൽഹിയിൽനടന്ന രാജ്യാന്തര വ്യാപാര മേളകളിൽ ഉൾപ്പെടെ ഒട്ടേറെ ഭക്ഷ്യമേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്. സിലക്ഷൻ കിട്ടിയപ്പോൾ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ഡൽഹിലേക്ക് പറന്നെത്തുകയായിരുന്നു ഇവർ.
മേളയുടെ തുടക്കം മുതൽ തിരുവിതാംകൂർ കൊച്ചി മലബാർ രുചികൾ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുമായി ഇവർ സന്ദർശകരുടെ മനം കവർന്നു. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികൾ, ചിക്കൻ വിഭവങ്ങൾ, ലഘുഭക്ഷണങ്ങൾ, കപ്പ, മീൻകറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകർഷണം. ഗവർണർമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഫുഡ്സ്റ്റാൾ സന്ദർശിച്ചു. 9 ദിവസത്തെ മേളയിൽ അഞ്ചു ലക്ഷം രൂപ വരുമാനവും നേടി.