കൂടുതൽ വനിതാ ഹോസ്റ്റലുകൾ വേണം: സ്റ്റുഡന്റ് പാർലമെന്റ്

Mail This Article
ന്യൂഡൽഹി ∙ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ ഗേൾസ് സ്റ്റുഡന്റ് പാർലമെന്റിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹ്തക്കറും മുഖ്യാതിഥികളായി. എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ സെക്രട്ടറി ശാലിനി വർമ, ദേശീയ വനിത കോഓർഡിനേറ്റർ മനു ശർമ ഖട്ടാരിയ, സംസ്ഥാന അധ്യക്ഷൻ പ്രഫ.തപൻ കുമാർ ബിഹാരി, കേന്ദ്ര പ്രവർത്തകസമിതി അംഗം നിമയാങ് സുമേർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അപരാജിത, നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ മിലിന്ദ് മറാഠെ, മോണിക അറോറ എന്നിവർ പ്രസംഗിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിലേറെ പ്രതിനിധികളാണു ഗേൾസ് സ്റ്റുഡന്റ് പാർലമെന്റിൽ പങ്കെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകൾ നിർമിക്കാനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വനിതകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകണം, ഗ്രാമീണ മേഖലകളിൽനിന്നു നഗരങ്ങളിലേക്കു പഠനത്തിനായി പോകുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് അനുവദിക്കണം, വനിതാ ഗവേഷകർക്ക് പ്രത്യേക സഹായം നൽകണം, സ്വയംപ്രതിരോധ പരിശീലനത്തിനു പ്രാധാന്യം നൽകണം തുടങ്ങിയ ആവശ്യങ്ങളും ചർച്ച ചെയ്തു.