ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ തിരക്ക് നിയന്ത്രിക്കണം
Mail This Article
ന്യൂഡൽഹി ∙ ‘നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല’– ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച അപകടത്തിന്റെ ദൃക്സാക്ഷികളായ എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ്. അപകടത്തിൽപെട്ടു മരിച്ചവരിലേറെയും കുംഭമേളയ്ക്കു പോകാനെത്തിയ യാത്രക്കാരാണ്. എന്നാൽ, സാധാരണ ദിവസങ്ങളിലും ജനത്തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പിന്നിൽ തന്നെയാണ്.
അടുക്കിവച്ചതുപോലെ ആളുകൾ കിടന്നുറങ്ങുന്നത് സ്റ്റേഷനു മുന്നിലെ വരാന്തയിലെ സ്ഥിരം കാഴ്ചയാണ്. രാത്രി വൈകിയുള്ള ട്രെയിനുകളിൽ വന്നവരും മണിക്കൂറുകൾ വൈകിയുള്ള ട്രെയിനിനു പുറപ്പെടാനുള്ളവരും ഇക്കൂട്ടത്തിലുണ്ടാകും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു ദൂരസ്ഥലങ്ങളിലേക്കുള്ള ട്രെയിനിൽ പുറപ്പെടാനായി അയൽ സംസ്ഥാനങ്ങളിൽനിന്നു നേരത്തേ വന്നു തമ്പടിച്ചിരിക്കുന്ന സംഘങ്ങളെയും കാണാം. അവരെയെല്ലാം മറികടന്നുവേണം ടിക്കറ്റെടുക്കാനും മുന്നോട്ടുനീങ്ങാനും. അടിസ്ഥാന സൗകര്യങ്ങളുള്ള കാത്തിരിപ്പുകേന്ദ്രങ്ങളോ വിശ്രമമുറികളോ ഉണ്ടായിരുന്നെങ്കിൽ അഭയാർഥികളെ പോലെ ഇവർക്ക് ഇങ്ങനെ കിടക്കേണ്ടി വരുമായിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി 15ലെ അപകടത്തിനു പിന്നാലെ ന്യൂഡൽഹി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാൻ റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തെ 60 സ്റ്റേഷനുകളിൽ കൺഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമിലേക്കു കടത്തിവിടൂ എന്നും സ്റ്റേഷൻ ഡയറക്ടർമാർക്കു കൂടുതൽ അധികാരം നൽകുമെന്നും തീരുമാനിച്ചിരുന്നു. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, പട്ന സ്റ്റേഷനുകളിൽ ജനത്തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്.
ഉത്സവ സീസണിലും സ്കൂൾ, കോളജ് അവധിക്കാലങ്ങളിലും മലയാളികൾ നാട്ടിലേക്കുള്ള യാത്രയ്ക്കായി ആശ്രയിക്കുന്നത് ന്യൂഡൽഹി, നിസാമുദ്ദീൻ സ്റ്റേഷനുകളെയാണ്. കേരള എക്സ്പ്രസ് ഉൾപ്പെടെ 13 ട്രെയിനുകളാണ് 2 സ്റ്റേഷനുകളിൽ നിന്നായി ഡൽഹിയിൽനിന്നു കേരളത്തിലേക്കു സർവീസ് നടത്തുന്നത്. ഓണം, ക്രിസ്മസ്, ഈസ്റ്റർ, വിഷു തുടങ്ങിയ സീസണുകളിൽ നേരത്തേ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ പോലും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. രാത്രി 8നു പുറപ്പെടുന്ന കേരള എക്സ്പ്രസിൽ ടിക്കറ്റ് കിട്ടിയാൽ തന്നെ ന്യൂഡൽഹി സ്റ്റേഷനിലെത്തുന്നവർ പണിപ്പെട്ടു വേണം 16–ാം നമ്പർ പ്ലാറ്റ്ഫോമിലെത്താൻ.
റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ മറ്റു നിർദേശങ്ങൾ
∙ മുതിർന്ന ഐആർടിഎസ് ഉദ്യോഗസ്ഥർക്കു സ്റ്റേഷൻ ഡയറക്ടറുടെ ചുമതല നൽകും.
∙ സ്റ്റേഷനിലെ മറ്റെല്ലാ വകുപ്പുകളുടെയും മേൽനോട്ടച്ചുമതല ഡയറക്ടർക്കായിരിക്കും.
∙ ജനത്തിരക്ക്, ട്രെയിനുകളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽപന നിർത്തിവയ്ക്കാൻ സ്റ്റേഷൻ ഡയറക്ടർക്കു നിർദേശം നൽകാം.
∙ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ അനൗൺസ്മെന്റിനും യാത്രക്കാർക്കു
മറ്റു നിർദേശങ്ങൾ നൽകുന്നതിനുമുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.
∙ അടിയന്തര സാഹചര്യങ്ങളിലും മറ്റും എളുപ്പത്തിൽ തിരിച്ചറിയുന്നതിനു റെയിൽവേ ഉദ്യോഗസ്ഥർക്കു പ്രത്യേക യൂണിഫോം.
∙ കൺഫേം ടിക്കറ്റില്ലാത്തവർ പ്രത്യേകം നിർദേശിച്ചിരിക്കുന്ന സ്ഥലത്തു കാത്തുനിൽക്കണം,
പ്ലാറ്റ്ഫോമിലേക്കു പ്രവേശനം നൽകില്ല.
∙ 12*6 മീറ്ററുള്ള പുതിയ മേൽപാലം.
∙ സ്റ്റേഷനകത്തും പുറത്തും വ്യാപകമായി സിസിടിവി ക്യാമറകൾ.
∙ ഉത്സവകാലത്തും മറ്റും ജനത്തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കൺട്രോൾ സെന്ററുകൾ.