ഒരാഴ്ചയ്ക്കിടെ ശുദ്ധജലവിതരണം തടസ്സപ്പെട്ടത് പലതവണ; കുടിക്കാൻ പോലും കിട്ടിയില്ല

Mail This Article
ന്യൂഡൽഹി ∙ ജലബോർഡിന്റെ പൈപ്പുകളിലും പ്ലാന്റുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ പലതവണ ശുദ്ധജലവിതരണം തടസ്സപ്പെട്ടു. ചില സ്ഥലങ്ങളിൽ പൈപ്പിലൂടെ വെള്ളം വരുന്നത് കുറഞ്ഞ അളവിലാകുമെന്ന് ജലബോർഡ് മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, വേനൽക്കാലത്തിനു മുൻപേ തന്നെ ജലവിതരണം പ്രതിസന്ധിയിലായത് ജനങ്ങളെ വലച്ചു.
മയൂർവിഹാർ, ഗ്രേറ്റർ കൈലാഷ്, മെഹ്റോളി, ഗ്രീൻ പാർക്ക്, മുനീർക്ക, ദക്ഷിൺപുരി, ദ്വാരക, പഞ്ച്ശീൽ, പുഷ്പവിഹാർ, ജനക്പുരി, രോഹിണി, മംഗോൾപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് ജലവിതരണം തടസ്സപ്പെട്ടത്.മയൂർവിഹാറിൽ സ്വകാര്യ കമ്പനികൾ ശുദ്ധജലത്തിന് ഇരട്ടിവില ഈടാക്കിയെന്ന പരാതിയും ഉയർന്നു. തുടക്കത്തിൽ 10 ലീറ്റർ വെള്ളത്തിന് 50 രൂപ ഈടാക്കിയവർ ആവശ്യക്കാർ കൂടിയപ്പോൾ 100 രൂപ വരെയാണ് വാങ്ങിയത്. മിക്കയിടങ്ങളിലും മാലിന്യം കലർന്ന വെള്ളമാണ് പൈപ്പിൽ എത്തുന്നതെന്നും പരാതിയുണ്ട്.
കർശന ജാഗ്രത
പുതിയ ജലവിതരണ പദ്ധതികൾ, കൂടുതൽ വാട്ടർ ടാങ്കുകൾ, പൊട്ടിയ പൈപ്പുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ, ഗുണനിലവാര പരിശോധന തുടങ്ങി വേനൽക്കാലം മുന്നിൽക്കണ്ട് കരുതൽനടപടിയെടുക്കുന്നുണ്ടെന്ന് എൻഎഡിഎംസി വൈസ് പ്രസിഡന്റ് കുൽജിത് സിങ് ചഹൽ പറഞ്ഞു. എൻഡിഎംസി പരിധിക്കുള്ളിൽ മാത്രം 18,366 ശുദ്ധജല കണക്ഷനുകളാണുള്ളത്. അതിൽ 3,509 എണ്ണം വാണിജ്യ കണക്‌ഷനും 11,846 എണ്ണം വീടുകളിലേക്കുമാണ്. 3,011 എണ്ണം മറ്റു വിഭാഗങ്ങളിൽപെട്ട കണക്‌ഷനുകളാണ്. ‘വേനൽക്കാലത്ത് എൻഎഡിഎംസിയുടെ പരിധിയിൽ ഒരാൾക്ക് പോലും ശുദ്ധജലം ലഭിക്കാതിരിക്കില്ല. ഡൽഹി സർക്കാരുമായും ജലബോർഡുമായും േചർന്ന് കരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്’– വൈസ് ചെയർമാൻ അറിയിച്ചു.
സമ്മർ ആക്‌ഷൻ പ്ലാൻ
വേനൽ കടുക്കുന്നതോടെ ശുദ്ധജലവിതരണം തടസ്സപ്പെടാതിരിക്കാൻ എൻഡിഎംസി സമ്മർ ആക്‌ഷൻ പ്ലാൻ–2025 തയാറാക്കി. അതിന്റെ ഭാഗമായി പുതിയ 8 ടാങ്കറുകൾ വാടകയ്ക്കെടുക്കും. കൂടാതെ 12 പുതിയ സിഎൻജി ടാങ്കറുകൾ വാങ്ങും. നിലവിലുള്ള റിസർവോയറുകളുടെ സംഭരണശേഷി വർധിപ്പിക്കും. കാലിബാരി കൺട്രോൾ റൂം, ജോർബാഗ്, വിനയ് മാർഗ് എന്നിവിടങ്ങളിലാണ് പ്രധാന റിസർവോയറുകൾ.
സാധാരണ വേനൽക്കാലത്ത് ഗോൾ മാർക്കറ്റ്, രാഷ്ട്രപതി ഭവൻ, പാർലമെന്റ് സമുച്ചയം, നോർത്ത്–സൗത്ത് ബ്ലോക്ക്, ആർഎംഎൽ ആശുപത്രി, മന്ദിർമാർഗ് എന്നിവിടങ്ങളിലാണ് ശുദ്ധജലവിതരണം തടസ്സപ്പെടാറുള്ളത്. ഈ സാഹചര്യമൊഴിവാക്കാൻ ഇത്തവണ കൂടുതൽ വാട്ടർ ടാങ്കർ തയാറാക്കി നിർത്തും. എൻഎഡിഎംസിയുടെ പരിധിയിൽ വരുന്ന ചേരി പ്രദേശങ്ങളിൽ ജലവിതരണത്തിനായി 16 വലിയ ടാങ്കർ ട്രോളികൾ അയയ്ക്കും.
ഏപ്രിൽ മുതൽ വിനയ് മാർഗിൽ 24 മണിക്കൂറും ജലവിതരണം നടത്താനുള്ള പദ്ധതി പൂർത്തിയാകും. ഹർ ഘർ ജൽ പദ്ധതിയുടെ ഭാഗമായി അടുത്ത 6 മാസത്തിനുള്ളിൽ 34 ജെജെ ക്ലസ്റ്ററുകളിലായി 9,386 കുടിവെള്ള കണക്‌ഷനുകൾ നൽകുമെന്നും സമ്മർ ആക്‌ഷൻ പ്ലാനിലുണ്ട്.
കൺട്രോൾ റൂം
ശുദ്ധജല പ്രശ്നങ്ങൾ പരിഹരിക്കാനും പരാതികൾ അറിയിക്കാനും എൻഎഡിഎംസി കൺട്രോൾ റൂം ആരംഭിച്ചു. ഉപഭോക്താക്കൾക്കു ടോൾ ഫ്രീ നമ്പറിൽ വിളിച്ച് തങ്ങളുടെ പരാതികൾ റജിസ്റ്റർ ചെയ്യാം.ടോൾ ഫ്രീ നമ്പർ: 1533ഹെൽപ്‌ലൈൻ: 011–23743642, 23360683വാട്സാപ്: 8588887773