നാടൻ ഊണും മീൻ കറിയും: ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Mail This Article
ന്യൂഡൽഹി∙ ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നല്ല നാടൻ ഊണും മീൻ കറിയും ആവോളം ആസ്വദിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേർന്നു. കപ്പയും മത്തി വറുത്തതും ചിക്കൻ കറിയും അട പ്രഥമനും ഊണിനൊപ്പം ഉണ്ടായിരുന്നു. കഫേയിൽ പഴംപൊരി കൂടുതലായി വേണമെന്ന് തന്നോട് പലരും ആവശ്യമുന്നയിച്ചതായി മന്ത്രി കുടുംബശ്രീ അംഗങ്ങളെ അറിയിച്ചു. ഒന്നരമാസമായി ട്രയൽ റൺ അടിസ്ഥാനത്തിൽ കഫേ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവർക്കാന്ന് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്. കോട്ടയം സ്വദേശി ടി.എസ് ജിതിൻ ആണ് മുഖ്യ പാചകക്കാരൻ. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകുന്ന സ്ഥാപനമായ റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ പി അജയകുമാർ മേൽനോട്ടം നിർവഹിക്കുന്നു.