പാർട്ടി ഭേദമില്ല; നോമ്പിന്റെ പുണ്യവുമായി ഹംസയ്ക്കൊപ്പം പ്രതാപനും ചിത്തരഞ്ജനും

Mail This Article
ന്യൂഡൽഹി ∙ ഓൾഡ് ഡൽഹിയുടെ ഹൃദയഭൂമിയിൽ, ആത്മീയ ചൈതന്യം ചൊരിയുന്ന ജുമാ മസ്ജിദിന്റെ മുറ്റത്ത് അവർ ഹൃദയം ചേർത്തിരുന്നു. മതവും പാർട്ടി വ്യത്യാസവുമെല്ലാം പടിക്കുപുറത്തായിരുന്നു. നോമ്പുപുണ്യം ജീവിതവ്രതമായി കൊണ്ടുനടക്കുന്ന സിപിഎം എംഎൽഎ പി.പി.ചിത്തരഞ്ജനും കോൺഗ്രസ് മുൻ എംപി ടി.എൻ.പ്രതാപനുമാണ് ഇന്നലെ വൈകിട്ടു ജുമാ മസ്ജിദിലെത്തി നോമ്പുതുറന്നത്. കടൽമണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ഇന്നു നടത്തുന്ന പാർലമെന്റ് മാർച്ചിനായി ഡൽഹിയിലെത്തിയ ഇരുവരെയും നോമ്പുതുറക്കാൻ ജുമാ മസ്ജിദിലേക്കു കൂട്ടിക്കൊണ്ടുപോയത് പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായിരുന്ന കെ.എസ്.ഹംസയാണ്.
കെഎസ്‌യുവിൽ പ്രവർത്തിക്കുന്ന കാലം തൊട്ടേ നോമ്പുപിടിക്കുന്നത് ശീലമാക്കിയതാണ് പ്രതാപൻ. ഇതിപ്പോൾ നാൽപതാം വർഷമാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുസ്‌ലിം കൂട്ടുകാരോടൊപ്പം ചെറിയ രീതിയിൽ തുടങ്ങിയത്, പിന്നീട് ഗൗരവത്തോടെ ജീവിതത്തിന്റെ ഭാഗമാക്കി. ഇപ്പോൾ നോമ്പുകാലം പൂർണമായും ആചരിക്കും. നോമ്പുതുറക്കുന്നത് പൂർണമായും സസ്യാഹാരത്തിൽ ഒതുക്കും. ജീരകക്കഞ്ഞിയും വെജിറ്റബിൾ സാലഡുമൊക്കെയാണ് പതിവ്.
ആലപ്പുഴ നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് ചിത്തരഞ്ജൻ നോമ്പ് അനുഷ്ഠാനം ജീവിതത്തിന്റെ ഭാഗമാക്കിയത്. അന്നു നഗരസഭയിലെ 23 കൗൺസിലർമാർ മുസ്‌ലിം സമുദായക്കാരായിരുന്നു. അവർക്കു പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയതാണ്. തുടങ്ങിയതിൽ പിന്നെ മുടക്കിയിട്ടില്ല. എവിടെയായാലും തൊട്ടടുത്തുള്ള പള്ളിയിലെത്തിയാകും നോമ്പുതുറക്കുക. പുലർച്ചെ കലക്ടറേറ്റ് പരിസരത്തെ സാലിക്ക ബസാറിൽനിന്ന് ചായ കുടിച്ച ശേഷമാണ് നോമ്പിലേക്കു കടക്കുന്നത്. നോമ്പുപിടിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ശേഷം സംയമനം പാലിക്കുന്നതിൽ ഉൾപ്പെടെ ഒട്ടേറെ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇരുവരും പറയുന്നു.