വാടിവീണ സ്വപ്നങ്ങൾ; നീതിതേടി സ്ക്രീനിൽ

Mail This Article
ന്യൂഡൽഹി ∙ 4 പതിറ്റാണ്ട് മുൻപ് നേരിട്ടനുഭവിച്ച ഭോപാൽ മഹാദുരന്തത്തിന്റെ നേർക്കാഴ്ച, ‘ബറിയൽ ഓഫ് ഡ്രീംസ്’ (സ്വപ്നങ്ങളുടെ ശവസംസ്കാരം) എന്ന ഡോക്യുമെന്ററിയിലൂടെ തിരശീലയിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ ആർ.ശരത്. അന്ന് ദുരന്തത്തിൽനിന്ന് ഓടി രക്ഷപ്പെട്ടതാണ് ശരത്. എന്നാൽ, ജീവിതത്തിൽ പലപ്പോഴായി ആ ഓർമകൾ അദ്ദേഹത്തെ വേട്ടയാടി. അന്നും ഇന്നും നീതി ലഭിക്കാത്ത ഒട്ടേറെപ്പേരോടുള്ള കടമ നിർവഹിക്കലാണ് ശരത്തിന് ഈ ഡോക്യുമെന്ററി. പുരസ്കാരങ്ങളും സാമ്പത്തിക നേട്ടവുമല്ല, കമ്പനികളും രാഷ്ട്രീയ നേതാക്കളും നിഷേധിച്ച നീതി, നിയമവ്യവസ്ഥയിലൂടെ നേടിയെടുക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
ജനറൽ പിക്ചേഴ്സ് രവിയുടെ (കെ.രവീന്ദ്രനാഥൻ നായർ) മകൻ പ്രതാപ് നായരുടെ സിനിമാ നിർമാണരംഗത്തേക്കുള്ള കടന്നുവരവു കൂടിയാണ് 30 മിനിറ്റുള്ള ഈ ഡോക്യുമെന്ററി. അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയനു’ശേഷം ജനറൽ പിക്ചേഴ്സ് സിനിമ നിർമിച്ചിട്ടില്ല. ഇന്നലെ ഡൽഹിയിൽ ഫിലിംസ് ഡിവിഷൻ ഓഡിറ്റോറിയത്തിൽ ആദ്യ പ്രദർശനം നടത്തി. ഡോക്യുമെന്ററിയുടെ വരുമാനം ഭോപാൽ ദുരന്തത്തിൽപെട്ടവർക്കായി ചെലവിടുമെന്ന് പ്രതാപ് നായർ പറഞ്ഞു. ദേശീയ പുരസ്കാരം നേടിയ സായാഹ്നം, സ്ഥിതി, ശീലാബതി, പറുദീസ, ദ് ഡിസയർ, ബുദ്ധനും ചാപ്ലിനും, സ്വയം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശരത്.
സീൻ 1: 1984 ഡിസംബർ 2 ഭോപാൽ
കൊല്ലം സ്വദേശിയായ ആർ.ശരത്, സുഹൃത്ത് ശ്രീപ്രകാശിന്റെ സഹായത്തോടെയാണ് എംഫിലിനു ഭോപാൽ സർവകലാശാലയിൽ ചേരാൻ എത്തിയത്. യൂണിയൻ കാർബൈഡ് കമ്പനിക്കു സമീപമുള്ള പിഡബ്ല്യുഡി ക്വാർട്ടേഴ്സിൽ രാത്രി സുഹൃത്തിനൊപ്പം ടിവി കണ്ടിരിക്കെയാണ് അടുത്തവീട്ടിലെ സൂഫിയെന്ന പെൺകുട്ടി വിഷവാതകച്ചോർച്ചയെക്കുറിച്ച് അറിയിച്ചത്. കോളജിൽ ശരത്തിന്റെയും ശ്രീപ്രകാശിന്റെയും ജൂനിയറായിരുന്നു സൂഫി.

പെട്ടെന്നുതന്നെ ശരത്തും സുഹൃത്തും നഗരത്തിനു പുറത്തേക്ക് ഓടി. എന്നാൽ, തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനായി എതിർദിശയിലേക്കാണ് സൂഫി ഓടിയത്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ ശവക്കൂനകൾക്കു നടുവിൽനിന്നാണ് അവളെ കണ്ടെത്തിയത്.
സീൻ 2: കേരളം
ദുരന്ത ശേഷം എംഫിൽ പഠനം മതിയാക്കി കേരളത്തിലെത്തി ജേണലിസം കോഴ്സിനു ചേർന്നെങ്കിലും ആ ഓർമകൾ ശരത്തിനെ വേട്ടയാടി. തനിക്ക് മാരക രോഗങ്ങൾ വന്നേക്കുമെന്നും വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വരെ പലപ്പോഴും ഭയപ്പെട്ടിരുന്നെന്ന് ശരത് ഓർത്തെടുത്തു. ദുരന്തത്തെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. എന്നാൽ, ചെറിയൊരു ബജറ്റിൽ തട്ടിക്കൂട്ടിയാൽ പോരാ, വലിയ പരിശ്രമവും റിസർച്ചും നടത്തണമെന്നു മനസ്സിലുറപ്പിച്ചു. പിന്നീട് സിനിമാ സംവിധാനത്തിലേക്ക് എത്തിയപ്പോഴും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചപ്പോഴും ഭോപാൽ മനസ്സിൽ മായാതെ കിടന്നു.
സീൻ 3: ഭോപാൽ
ജനറൽ പിക്ചേഴ്സ് ഡോക്യുമെന്ററി നിർമാണം ഏറ്റെടുത്തതോടെ ശരത്തിന്റെ സ്വപ്നത്തിനു ചിറകുമുളച്ചു. 30 വർഷമാണ് ചിത്രത്തിന്റെ റിസർച്ചിനായി ചെലവിട്ടത്. ഭോപാൽ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടൻ കൺവീനർ അബ്ദുൽ ജബ്ബാറായിരുന്നു ശരത്തിന്റെ സഹായി. എന്നാൽ, ഡോക്യുമെന്ററി പൂർത്തിയാകും മുൻപേ, 2019ൽ അദ്ദേഹം മരിച്ചു. പിന്നീട് പല തടസ്സങ്ങളും താണ്ടിയാണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്.
ദുരന്തം നടന്ന ഫാക്ടറിയോ സ്ഥലമോ ചിത്രീകരിക്കാൻ സർക്കാർ അനുമതി നൽകിയില്ല. രഹസ്യം കാക്കുന്ന ഭൂതങ്ങളെ പോലെ അവയൊക്കെ സർക്കാർ പൊതിഞ്ഞുപിടിച്ചിരിക്കുകയാണെന്ന് ശരത് പറഞ്ഞു. ദുരന്തത്തിന്റെ 40–ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 3ന് ഭോപാലിലായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം. ഭോപാൽ ദുരന്തകഥ പറയുന്ന മുഴുനീള സിനിമയെടുക്കാൻ തയാറെടുക്കുകയാണ് ശരത് ഇപ്പോൾ.