റജിസ്ട്രാർ ഇല്ലാതെ 3 മാസം; ഡിഎംസി പിരിച്ചുവിടണമെന്ന ശുപാർശ: വിമർശനം, ആശങ്ക
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മെഡിക്കൽ കൗൺസിൽ (ഡിഎംസി) പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനം. ലഫ്.ഗവർണർ വി.കെ.സക്സേനയ്ക്കു സർക്കാർ നൽകിയ ‘പ്രപ്പോസൽ ഫോർ കൺട്രോൾ ഓഫ് ഗവൺമെന്റ് ഓവർ ഡൽഹി മെഡിക്കൽ കൗൺസിൽ അണ്ടർ സെക്ഷൻ 29 ഓഫ് ഡിഎംസി ആക്ട് 1997’ എന്ന ഫയലിലെ പ്രധാന ശുപാർശ കൗൺസിൽ പിരിച്ചുവിടണമെന്നാണ്. 1998ൽ കൗൺസിൽ രൂപീകരിച്ചതിനു ശേഷം ഇങ്ങനെയൊരു ശുപാർശ ആദ്യമായാണ് ലഫ്. ഗവർണർക്കു മുന്നിലെത്തുന്നത്.
ഡൽഹിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയാണ് ഡിഎംസിയുടെ പ്രധാന ചുമതല. ചികിത്സാ പിഴവുകൾ, ആരോഗ്യപ്രവർത്തകരുടെ മോശം പെരുമാറ്റം തുടങ്ങിയ പരാതികളിൽ തീരുമാനമെടുക്കേണ്ടതും ഡിഎംസിയാണ്. കഴിഞ്ഞ 3 മാസമായി റജിസ്ട്രാറുടെ കസേര ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനങ്ങൾ നിലച്ചു. കൗൺസിൽ ഉടൻ പിരിച്ചുവിടുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് ഡിഎംസി അംഗങ്ങളും പറഞ്ഞു.
കൗൺസിലിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ഫെബ്രുവരിയിലാണ് റജിസ്ട്രാറായിരുന്ന ഡോ.ഗിരീഷ് ത്യാഗിയെ സർക്കാർ നീക്കിയത്. 2019ൽ വിരമിക്കേണ്ടിയിരുന്ന ഡോ. ത്യാഗി ചട്ടവിരുദ്ധമായി പദവിയിൽ തുടരുകയായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് കൗൺസിൽ യോഗം ചേർന്ന് ഡോ. ഗിരീഷ് ധൻകറിന്റെ പേര് ശുപാർശ ചെയ്തെങ്കിലും സർക്കാർ ഇതുവരെ അംഗീകാരം നൽകിയില്ല.
സുതാര്യതയില്ല
അടുത്ത ഒക്ടോബറിൽ ഡിഎംസി കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു സർക്കാർ നീക്കം. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ പിരിച്ചുവിട്ട് സർക്കാർ നോമിനികളെ നിയമിക്കുന്നത് ആരോഗ്യരംഗത്ത് മോശം പ്രവണതകൾക്ക് വഴിയൊരുക്കുമെന്നു വിമർശനമുണ്ട്. ചികിത്സ പിഴവുകൾ ഉൾപ്പെടെയുള്ള പരാതികളിൽ തീർപ്പുകൽപ്പിക്കാനുള്ള കൗൺസിലിൽ രാഷ്ട്രീയ പ്രാതിനിധ്യമുണ്ടാക്കുന്നത് സുതാര്യത ഇല്ലാതാക്കും. നഗരത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമകൾ രാഷ്ട്രീയ ബന്ധമുള്ളവരാണെന്നു ഡിഎംസി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.‘ഡിഎംസിയുടെ തീരുമാനങ്ങളിലോ, പ്രവർത്തനങ്ങളിലോ ഇതുവരെ സർക്കാർ ഇടപെടലുണ്ടായിട്ടില്ല. കൗൺസിൽ പിരിച്ചുവിടാനുള്ള തീരുമാനം മാറ്റി തിരഞ്ഞെടുപ്പിനു വഴിയൊരുക്കണം’– 10 വർഷം ഡിഎംസി കൗൺസിൽ അംഗമായിരുന്ന ഡോ. അരവിന്ദ് ചോപ്ര പറഞ്ഞു.
താളം തെറ്റി
റജിസ്ട്രാർ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവരുടെ റജിസ്ട്രേഷൻ ഉൾപ്പെടെ മുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഡൽഹിയിൽ പ്രാക്ടിസ് ചെയ്യണമെങ്കിലും ഡിഎംസിയിൽ റജിസ്ട്രേഷൻ നിർബന്ധമാണ്. യുജി മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള പ്രൊവിഷനൽ സർട്ടിഫിക്കറ്റും ലഭിക്കുന്നില്ല. മെഡിക്കൽ വിദ്യാർഥികൾക്ക് വിദേശത്ത് തുടർപഠനം നടത്തുന്നതിനും ഡോക്ടർമാർക്ക് ഡൽഹിക്കു പുറത്ത് പ്രാക്ടിസ് ചെയ്യുന്നതിനും ഡിഎംസിയുടെ അനുമതി വേണം.
‘റജിസ്ട്രേഷൻ, എൻഒസി തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള 400ലേറെ അപേക്ഷകളാണു കഴിഞ്ഞ 3 മാസമായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. റജിസ്ട്രാർ പദവിയിൽ നിയമനം നടക്കാതെ കൗൺസിലിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല’– ഡിഎംസി വൈസ് പ്രസിഡന്റ് ഡോ.നരേഷ് ചാവ്‌ല പറഞ്ഞു.‘പെർമനന്റ് റജിസ്ട്രേഷൻ നമ്പറിന് അപേക്ഷ നൽകിയിട്ട് ഇതുവരെ ലഭിക്കാത്തതിനാൽ എവിടെയും ജോലിക്കു അപേക്ഷിക്കാനാകുന്നില്ല. ഈ നമ്പർ ലഭിക്കാതെ പ്രാക്ടിസ് ചെയ്യാനും കഴിയില്ല’– എൻഡിഎംസി മെഡിക്കൽ കോളജിൽനിന്ന് അടുത്തയിടെ പഠനം പൂർത്തിയാക്കിയ ഡോ.വൃഷാങ്ക് ഗുപ്ത പറഞ്ഞു.
അടിമുടി കടം
ശമ്പളക്കുടിശിക, വാടകക്കുടിശിക, നികുതി എന്നിവയുൾപ്പെടെ 2.5 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണു നിലവിൽ ഡിഎംസിക്കുള്ളത്. കഴിഞ്ഞ ഏപ്രിൽ 29നു ചേർന്ന് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സിൽ ഡിഎംസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോ വിഹാറിലെ ഡിഎംആർസിയുടെ കെട്ടിടത്തിലാണു കൗൺസിൽ പ്രവർത്തിക്കുന്നത്. ജിഎസ്ടി കുടിശിക മാത്രം 30 ലക്ഷം രൂപയുണ്ട്. വാടക മുടങ്ങിയ വകയിൽ ഡിഎംആർസിക്ക് 17 ലക്ഷം രൂപ നൽകാനുണ്ട്.