ഡൽഹി മൃഗശാലയിൽ നൈറ്റ് സഫാരി

Mail This Article
ന്യൂഡൽഹി∙ മഹേശ്വറിനു രാത്രിയിൽ ഉറക്കം തീരെയില്ല, ഇണയും തുണയുമായ മഹാഗൗരിയും നാലു മക്കളും കൂട്ടിന് ഉണർന്നിരിപ്പുണ്ട്. തൊട്ടപ്പുറത്തു താമസിക്കുന്ന സുന്ദരവും ശൈലജയും പറയുന്നതും ഇതുതന്നെ, ‘രാത്രി തീരെ ഉറക്കമില്ല’. ആരുടെ കാര്യമെന്നല്ലേ; മറ്റാരുടേയുമല്ല, ഡൽഹി മൃഗശാലയിലെ സിംഹങ്ങളുടെ കുടുംബവിശേഷം.ഉറക്കമിളച്ചു കാത്തിരിക്കുന്ന ഇവരെ രാത്രിയിൽ കാണാൻ അവസരമൊരുക്കുകയാണു ഡൽഹി മൃഗശാല അധികൃതർ. രാത്രികളിൽ കടുവയെയും സിംഹത്തെയും കുറുക്കനെയുമൊക്കെ അടുത്തു കാണാൻ ഡൽഹി മൃഗശാല(നാഷനൽ സുവോളജിക്കൽ പാർക്ക്) ഒരു മണിക്കൂർ ദൈർഘ്യമുള്ള നൈറ്റ് സഫാരി തുടങ്ങുന്നു.
ഇതിനായുള്ള സാധ്യതാ പഠനങ്ങൾ അന്തിമഘട്ടത്തിലെത്തി. പുതിയ പദ്ധതി മൃഗശാലയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നാണു വിലയിരുത്തുന്നത്. 2009 മുതൽ ഡൽഹി മൃഗശാലയിൽ 4 സിംഹങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 28നു മഹേശ്വറിനും മഹഗൗരിക്കും നാലു കുട്ടികളുണ്ടായതോടെ എണ്ണം എട്ടായി.
വേനൽക്കാലത്ത് രാത്രി 8 മുതൽ 9 വരെയും ശൈത്യകാലത്ത് രാത്രി 7 മുതൽ 8 വരെയും ആയിരിക്കും നൈറ്റ് സഫാരി. സന്ദർശകരുടെ വാഹനങ്ങളിൽ ലൈറ്റ് ഉണ്ടാകില്ല. അതേസമയം മൃഗങ്ങളുടെ കൂടുകളിൽ ഡിം ലൈറ്റുകൾ പിടിപ്പിക്കും. ഇതു മൃഗങ്ങളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഉപകരിക്കുമെന്നു മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു.കഠ്മണ്ഡു നാഷനൽ സുവോളജിക്കൽ പാർക്കിലെ മാതൃകയിലായിരിക്കും ഡൽഹി മൃഗശാലയിലും നൈറ്റ് സഫാരി ഒരുക്കുന്നത്.
ഒരേസമയം 50 മുതൽ 100 പേർക്കു വരെയായിരിക്കും ബുക്കിങ്. പകൽ ഈടാക്കുന്ന സന്ദർശന ഫീസിനേക്കാൾ കൂടുതലായിരിക്കും നൈറ്റ് സഫാരിക്ക് ഈടാക്കുക. നൈറ്റ് സഫാരിക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. വന്യമൃഗങ്ങളുടെ ഉറക്കം, പെരുമാറ്റം എന്നിവയെ പ്രതികൂലമായി ബാധിക്കരുത്. പരിസ്ഥിതി പ്രവർത്തകരുടെയും ജന്തുശാസ്ത്ര വിദഗ്ധരുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണം.