അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ഓൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി); എഎപിക്ക് പുതിയ വിദ്യാർഥി സംഘടന

Mail This Article
ന്യൂഡൽഹി ∙ ഭിന്നത രൂക്ഷമാക്കി പാർട്ടി ദേശീയ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയതോടെ ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി സംഘടന ഛാത്ര യുവ സംഘർഷ സമിതി (സിവൈഎസ്എസ്) പിരിച്ചുവിട്ട് പുതിയ സംഘടന രൂപീകരിച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ഓൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി) എന്ന പുതിയ സംഘടന രൂപീകരിച്ചത്. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കോളജ് വിദ്യാർഥികളുമെത്തിയിരുന്നു.
പുതിയ സംഘടനയുടെ കീഴിൽ രാജ്യത്തെ എല്ലാ കലാലയങ്ങളിലും വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കും. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാകും. എഎപി മുന്നോട്ടുവച്ച സത്യസന്ധത എന്ന രാഷ്ട്രീയ സന്ദേശമായിരിക്കും കലാലയങ്ങളിൽ എഎസ്എപിയും പ്രചരിപ്പിക്കുക. വിദ്യാർഥികളും യുവാക്കളും സജീവമായി രാഷ്ട്രീയത്തിൽ ഇടപെടണമെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
സിവൈഎസ്എസിന്റെ മുഖമായിരുന്ന വന്ദന സിങ് കഴിഞ്ഞവർഷം എഎപി നേതൃത്വവുമായി അകന്നു. പാർട്ടിക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയ രാജ്യസഭ എംപി സ്വാതി മലിവാളിനൊപ്പം വന്ദനയും കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെ വിമർശിച്ചു.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എഎപി പിൻവാങ്ങിയതിനെതിരെയും സിവൈഎസ്എസ് രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കുന്നത് അരാഷ്ട്രീയ നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥി നേതാക്കൾ എഎപി നേതൃത്വത്തെ പരാതിയും അറിയിച്ചു.
എഎപിക്കു ഭരണമുള്ള പഞ്ചാബിലെ സർവകലാശാലകളിൽ ഉൾപ്പെടെ സിഐഎസ്എസിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഡൽഹിയിലെ സർവകലാശാലകളിലും കോളജുകളിലും സംഘടനയ്ക്കു കാര്യമായ മുന്നേറ്റമുണ്ടായില്ല. തുടർച്ചയായി 2 വർഷം ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലും സിവൈഎസ്എസ് മത്സരിച്ചില്ല. 2013ൽ രൂപീകരിച്ച സിഐഎസ്എസിനു 2017ൽ രാജസ്ഥാനിലെ കലാലയങ്ങളിൽ മാത്രമാണ് എടുത്തുപറയാവുന്ന വിജയമുണ്ടായത്.
2022ൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും തൊട്ടടുത്ത വർഷം എൻഎസ്‌യുഐ പരാജയപ്പെടുത്തി. അതിനിടയ്ക്ക് പഞ്ചാബിൽ സിഐഎസ്എസ് പ്രവർത്തകർ കൂട്ടത്തോടെ സിരോമണി അകാലിദളിന്റെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയിൽ(എസ്ഒഐ) ചേരുകയും ചെയ്തു. അതിനിടെയാണ് ഒരുവിഭാഗം എഎപി നേതൃത്വത്തിനെതിരെ തുടർച്ചയായി വിമർശനങ്ങളുന്നയിച്ചത്. അതോടെ സിവൈഎസ്എസ് പിരിച്ചുവിട്ടു പുതിയ സംഘടന രൂപീകരിക്കാൻ എഎപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസും ബിജെപിയും നേട്ടങ്ങളുണ്ടാക്കിയത് വർഗീയ ഭിന്നിപ്പ് മുതലെടുത്ത്: കേജ്‌രിവാൾ
∙ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കഴിഞ്ഞ 75 വർഷമായി മുഖ്യധാര രാഷ്ട്രീയ പാർട്ടികളെല്ലാം വർഗീയ രാഷ്ട്രീയ പ്രവർത്തനമാണു നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ഹിന്ദു–മുസ്‌ലിം ഭിന്നിപ്പ് മുതലെടുത്താണ് ഇക്കാലമത്രയും കോൺഗ്രസും ബിജെപിയും നേട്ടങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എഎപിയുടെ വിദ്യാർഥി ഘടകം അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ഓൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി)യുടെ രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യധാര കക്ഷികളിൽനിന്നു വ്യത്യസ്തമായി ബദൽ രാഷ്ട്രീയമാണ് എഎപി മുന്നോട്ടുവച്ചത്. പാർട്ടിയുടെ വിദ്യാർഥി ഘടകം രൂപീകരിച്ചതും ഈയൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ്’– കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ വലിയ ഇടവേളയ്ക്കു ശേഷമാണ് കേജ്‌രിവാൾ പൊതുവേദിയിൽ എത്തിയത്. ഡൽഹി വിട്ട കേജ്‌രിവാൾ പഞ്ചാബ് രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്ന ആരോപണങ്ങൾക്കിടയാണ് ഇന്നലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ സംസ്ഥാന സർക്കാരിനെതിരെ കേജ്‌രിവാൾ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്.
‘ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തി 3 മാസത്തിനുള്ളിൽ തന്നെ വിദ്യാഭ്യാസ മേഖലയെ തകർത്തു. സ്വകാര്യ സ്കൂളുകളിലെ അനിയന്ത്രിത ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധങ്ങൾ വ്യാപകമായി. സ്വകാര്യ സ്കൂൾ മാഫിയകളെ എഎപി സർക്കാർ കർശനമായി നിയന്ത്രിച്ചിരുന്നു. ഡൽഹിയിൽ 10 വർഷത്തിനു ശേഷം വൈദ്യുതി തടസ്സം പതിവായി. ആരോഗ്യമേഖലയിലും പ്രതിസന്ധികളാണ്. എഎപി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടപ്പാക്കിയ വികസനം ബിജെപി അധികാരത്തിലെത്തിയതോടെ നിലച്ചു’– കേജ്‌രിവാൾ കൂട്ടിച്ചേർത്തു.