നടപടി പിൻവലിച്ച് എംസിഡി; മാലിന്യശേഖരണത്തിന് യൂസർ ഫീസ് ഈടാക്കില്ല
Mail This Article
ന്യൂഡൽഹി ∙ മാലിന്യശേഖരണത്തിനു ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചു. ആംആദ്മി പാർട്ടി കൂടിയാലോചനകൾ ഇല്ലാതെയാണു ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്നും പിൻവലിക്കണമെന്നും ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ദേവ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു തീരുമാനമെന്നു മേയർ സർദാർ രാജാ ഇഖ്ബാൽ സിങ് പറഞ്ഞു.
വസ്തുനികുതി കുടിശികയുള്ളവർക്ക് ഗഡുക്കളായി തുക അടയ്ക്കാൻ സൗകര്യം ചെയ്തു നൽകുമെന്നും മേയർ പ്രഖ്യാപിച്ചു. റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുമായുള്ള യോഗ ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ഡൽഹി ബിജെപി മീഡിയ ഹെഡ് പ്രവീൺ ശങ്കർ കപൂർ വിളിച്ചുചേർത്ത യോഗത്തിൽ ഒട്ടേറെ നിർദേശങ്ങളാണു വന്നത്. ഇക്കാര്യങ്ങളും പരിഗണിക്കുമെന്നു മേയർ പറഞ്ഞു.
എഎപി ഭരണകാലത്ത് അവതരിപ്പിച്ച ബില്ലിനെ മറികടക്കാൻ ഇന്ന് മുനിസിപ്പൽ കോർപറേഷൻ യോഗത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും മേയർ ഉറപ്പു നൽകി. കെട്ടിട നികുതിയിൽ അഞ്ചു വർഷം വരെ കുടിശികയുള്ളവർക്ക് പിഴ കൂടാതെ തുക അടയ്ക്കാൻ സൗകര്യമൊരുക്കുമെന്നും മേയർ യോഗത്തിൽ അറിയിച്ചു.
കെട്ടിട നികുതിക്കൊപ്പം ചേർക്കരുതെന്ന് എഎപി
മാലിന്യനീക്കത്തിനുള്ള യൂസർ ഫീസ്, കെട്ടിട നികുതിക്കൊപ്പം ഈടാക്കുന്നത് അന്യായമാണെന്ന് ആം ആദ്മി പാർട്ടി. രണ്ടു തുകയും ഒന്നിച്ച് ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും എംസിഡി പ്രതിപക്ഷ നേതാവ് അങ്കുഷ് നാരായൺ പറഞ്ഞു. 900 ചതുരശ്രയടി വരെയുള്ള വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.