ADVERTISEMENT

ചിറ്റൂർ∙ വിദേശിയായ ആമ ചിറ്റൂരിലെ കുളത്തിൽ കണ്ടത് നാട്ടുകാർക്ക് കൗതുകമായി. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ‘റെഡ് ഇയേർഡ് സ്ലൈഡർ’ ഇനത്തിൽപ്പെട്ട ആമയാണ് വടക്കത്തറ കുളത്തുമേട്ടിൽ കാര്യക്കാർ കുളത്തിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ യുവാക്കൾ മീൻ പിടിക്കുന്നതിനായി ഇട്ട വലയിലാണ് ആമ കുരുങ്ങിയത്. ആമയുടെ ചെവിക്കു ചുറ്റും ചുവന്ന നിറമുള്ളതിനാലാണ് ഈ പേര് ലഭിക്കാൻ കാരണം.

കൂടാതെ ആമയുടെ പുറന്തോടിലും തലയിലുമെല്ലാം മഞ്ഞയും കറുപ്പും നിറത്തിലുള്ള വരകളും ജനശ്രദ്ധ ആകർഷിക്കുന്നതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യൻ കോഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ സ്ഥലത്തെത്തി. തുടർന്ന് വന്യജീവി വിദഗ്ധരുമായി ബന്ധപ്പെട്ടാണ് ഇത് വിദേശയിനം ആമയാണെന്ന് ഉറപ്പാക്കിയത്.

പിന്നീട് കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ.സുബൈറും സംഘവും സ്ഥലത്തെത്തി ആമയെ കൊണ്ടുപോയി. ഇത് റെഡ് ഇയേർഡ് സ്ലൈഡർ എന്നയിനം ആമയാണെന്നും തെക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം ആമകളെ കണ്ടുവരുന്നതെന്നും സുബൈർ പറഞ്ഞു. വലിയ സ്ഥാപനങ്ങളിലും മറ്റും അലങ്കാരത്തിനായി ഇപ്പോൾ കേരളത്തിലും ഇത്തരം ആമകളെ വളർത്താറുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ആമയെ മുൻപ് കണ്ടെത്തിയിട്ടുണ്ടെന്നും എന്നാലിത് വനംവകുപ്പിന്റെ വന്യജീവി സംരക്ഷണ പട്ടികയിൽ വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരായ എൻ.മണികണ്ഠൻ, സി.അയ്യപ്പൻ, പി.രാമകൃഷ്ണൻ, എസ്.സന്തോഷ്, വി.ശാന്തി, എസ്.ചന്ദ്രിക, പി.രേണുകാദേവി, അനന്തപത്മനാഭൻ എന്നിവർ ചേർന്നാണ് ആമയെ വനം വകുപ്പിന് കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com