ADVERTISEMENT

ആലത്തൂർ∙ സൂക്ഷ്മ മൂലക വളക്കൂട്ടും  വകീടനാശിനികളുമായി ആലത്തൂർ പാടശേഖരങ്ങളിൽ ഡ്രോൺ ഇറങ്ങി. കാർഷിക വികസന പദ്ധതിയായ നിറയും ഹരിത മിത്ര സൊസൈറ്റിയുമാണു കാർഷിക സർവകലാശാല ജൈവ കീടരോഗ നിയന്ത്രണ വിഭാഗം ചാഴിക്കെതിരായി വികസിപ്പിച്ചെടുത്ത ബ്യുവേറിയ എന്ന ജൈവ കീട നാശിനിയും സൂക്ഷ്മ മൂലക വളക്കൂട്ടും ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്തത്. നെല്ലിന്റെ മണിത്തൂക്കം വർധിപ്പിക്കുന്ന ബോറോൺ, സിലിക്ക, പൊട്ടാഷ് തുടങ്ങിയ മൂലകങ്ങളുടെ വിവിധ കൂട്ടുകളും നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയാറാക്കിയ മൈക്രോ സ്പ്രേകളുമാണു കതിർ വരുന്നതിനു മുൻപായി നെല്ലോലകളിൽ തളിച്ചത്.

ഒരു ഏക്കറിൽ സാധാരണ രീതിയിൽ തളിക്കാൻ 100 ലീറ്റർ മിശ്രിതം ആവശ്യമാണ്. എന്നാൽ ഡ്രോൺ ഉപയോഗിക്കുന്നതിനാൽ 20 ലീറ്റർ മതി. ചെലവ് കുറയ്ക്കുന്നതിനോടൊപ്പം വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ നെല്ലോലകളിൽ എളുപ്പം പടർന്നു വേഗത്തിൽ ആഗിരണം ചെയ്യുന്നതു മൂലം വിളവ് വർധിക്കും. തൃശൂർ ജില്ലയിലെ കോൾപാടങ്ങളിൽ സ്പ്രേ ചെയ്തു വിജയിച്ച ഡ്രോണുകൾ കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെയും മാനദണ്ഡങ്ങൾക്ക് വിധേയമായാണു തയാറാക്കിയിരിക്കുന്നത്. കാക്കനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോനൈസ് ഡ്രോൺ സിസ്റ്റംസ് രൂപകൽപന ചെയ്ത ആഗ്രോ ഡ്രോൺ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് അധികൃതർ പറഞ്ഞു.അപകടസാധ്യതയുള്ള ഘട്ടങ്ങളിൽ സ്വയം നിയന്ത്രിക്കുകയും ചെയ്യാം.

ആലത്തൂർ നിയോജക മണ്ഡലത്തിൽ പരിസ്ഥിതി സൗഹൃദ ഏകീകൃത നെൽക്കൃഷി നടത്തുന്ന 3100 ഏക്കറിൽ സ്പ്രേ ചെയ്യും. 700 രൂപയാണു കർഷകരിൽ നിന്ന് ഈടാക്കുന്നത്. ഹരിതമിത്ര സൊസൈറ്റി അംഗങ്ങൾക്ക് 200 രൂപ സബ്സിഡി നൽകും.കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷൻ ടി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. മധു സുബ്രഹ്മണ്യനായിരുന്നു മുഖ്യാതിഥി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി പ്രകാശ്, പദ്ധതി കൺവീനർ എം.വി. രശ്മി, പഞ്ചായത്ത് ഉപാധ്യക്ഷ കെ. രമ, എം.എ. നാസർ, പി. വിജയൻ, ആർ. ഉണ്ണി, മുഹമ്മദ് ഫുവാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com