ADVERTISEMENT

ചെർപ്പുളശ്ശേരി ∙ പെരിന്തൽമണ്ണ റോഡിലെ ആലിയക്കുളത്ത് പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 50 പവൻ ആഭരണങ്ങൾ കവർന്നു. ആലിയക്കുളം ‘ഗായത്രി’ യിൽ ചന്ദ്രശേഖരപ്പണിക്കരുടെ വീട്ടിലെ പല മുറികളിലായി 4 അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണു മോഷ്ടാക്കൾ കവർന്നത്. പന്ത്രണ്ടായിരം രൂപയും നഷ്ടപ്പെട്ടു. ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്കു പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച രാത്രി വീടു പൂട്ടി ചന്ദ്രശേഖരപ്പണിക്കരും കുടുംബവും പോയിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണു വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. 

വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നെങ്കിലും അതു തകർത്തിട്ടില്ല. വീട്ടിലെ വൈദ്യുതി ബന്ധം ഫ്യൂസ് ഊരി വിച്ഛേദിച്ച നിലയിലായിരുന്നു. സിഐ പി.പ്രമോദ്, എസ്ഐ തോംസൺ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പൊലിസ്  പ്രാഥമിക പരിശോധന നടത്തി.  ഷൊർണൂരിൽ നിന്നെത്തിയ പൊലീസ് നായ റോക്സി മണം പിടിച്ചു സമീപത്തെ വീട്ടുവളപ്പിൽ ചെന്നു മടങ്ങി. പാലക്കാട്ടുനിന്നു കെ.വി.അജേഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

പിന്നിൽ വിദഗ്ധ സംഘമെന്നു സൂചന 

ചെർപ്പുളശ്ശേരി ∙ ആലിയക്കുളത്തു നടന്ന വൻ കവർച്ചയ്ക്കു പിന്നിൽ വിദഗ്ധ സംഘമെന്നു പൊലീസ് നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധ സംഘങ്ങൾ മുൻപ് നടത്തിയ വൻ കവർച്ചയ്ക്കു സമാനമായ രീതിയാണ് ചെർപ്പുളശ്ശേരിയിലും മോഷ്ടാക്കൾ സ്വീകരിച്ചിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്ലൗസ് ഉപയോഗിച്ചത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒന്നിലധികം വിരലടയാളങ്ങൾ സ്ഥലത്തു നിന്നു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. അലമാരയുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ചുറ്റിക മുറിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ നിന്നു കണ്ടെടുത്തു. ചന്ദ്രശേഖരപ്പണിക്കരുടെ വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്ന ചുറ്റികയാണത്. 

മോഷ്ടിക്കുന്നതിനു വേണ്ടി കൂടുതൽ ഉപകരണങ്ങൾ കയ്യിൽ കരുതാത്ത രീതിയാണ് വിദഗ്ധ സംഘം അവലംബിക്കുക. അതും ഇവിടെ സംഭവിച്ചിരിക്കുന്നു.  മോഷണം നടക്കുന്ന സമയങ്ങളിലെ ഫോൺ വിവരങ്ങൾ ടവർ കേന്ദ്രീകരിച്ച് ശേഖരിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. സാധാരണഗതിയിൽ പ്രഫഷനൽ സംഘം മോഷ്ടിക്കാൻ വരുമ്പോൾ ഫോൺ ഉപയോഗിക്കുക പതിവില്ലാത്തതാണെങ്കിലും അതു കൂടി അന്വേഷണ വിധേയമാക്കാനാണു പൊലീസ് നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com