ADVERTISEMENT

ഒറ്റപ്പാലം∙ നഗരസഭ നടത്തുന്ന പൊതുപരിപാടിക്കു ബസ് സ്റ്റാൻഡ് യാർഡിലെ ഇന്റർലോക് ടൈൽസ് (പൂട്ടുകട്ട) പൊളിച്ചു നീക്കി പന്തൽ. അപകടങ്ങൾ  ആവർത്തിക്കുമ്പോഴും  ടൈൽസ് പൊളിയുമെന്ന വാദം ഉന്നയിച്ചു യാർ‍ഡിൽ റബർ ഹംപുകൾ സ്ഥാപിക്കാൻ തയാറാകാത്ത നഗരസഭയാണു സ്വന്തം പരിപാടിക്കു ടൈൽസ് അടർത്തിമാറ്റി പന്തൽ ഉയർത്തിയത്. 

യാർഡിന്റെ തേക്കേ അറ്റത്തു പത്തിടത്താണ് ഇന്നലെ ടൈൽസ് പൊളിച്ചു കാൽ നാട്ടി തുണി പന്തൽ നിർമിച്ചത്. ഇന്നു (22) 10നു നടത്തുന്ന നഗരസഭയിലെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിനാണു പന്തൽ. ബസ് സ്റ്റാൻഡ് വിപുലീകരണത്തിനു ശേഷം അപകടങ്ങൾ ആവർത്തിക്കപ്പെട്ടതോടെയാണു യാർഡിൽ റബർ ഹംപുകൾ സ്ഥാപിക്കാൻ ഗതാഗത ക്രമീകരണ സമിതി തീരുമാനിച്ചത്.

പൂട്ടുകട്ട പൊളിക്കേണ്ടി വരുമെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ മൂന്നു മാസം മുൻപു ലോട്ടറി വിൽപനക്കാരൻ സ്വകാര്യ ബസ് ഇടിച്ചു മരിച്ചതിനു പിന്നാലെയാണു ഹംപുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിനു ശേഷം  ഒരു മാസം മുൻപു സ്വകാര്യ ബസിന്റെ ചക്രം കയറിയിറങ്ങി മലപ്പുറം സ്വദേശിയായ യുവതിയുടെ കാലിനു പരുക്കേൽക്കുകയും ചെയ്തു.

നാലു ദിവസം മുൻപു സ്വകാര്യ ബസിനു മുന്നിൽ നിന്നു 2 സ്ത്രീകൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും ഹംപ് സ്ഥാപിക്കണമെന്ന ആവശ്യം സജീവമാകും. അപ്പോഴെല്ലാം ടൈൽസിനു കേടുപാടു സംഭവിക്കുമെന്ന വാദം ഉയർത്തി ഒഴിഞ്ഞുമാറുകയായിരുന്നു നഗരസഭ. അതേസമയം, പൊളിച്ചുമാറ്റിയ കട്ടകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചോളാമെന്നു പന്തലിന്റെ കരാറുകാർ ഉറപ്പു നൽകിയിട്ടുണ്ടെന്നാണു നഗരസഭാ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരിയുടെ പ്രതികരണം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com