ADVERTISEMENT

പൂരം കാണാൻ ശിവകുമാറില്ല

ശ്രീകൃഷ്ണപുരം ∙ അവിനാശിയിൽ ബസപകടത്തിൽ മരിച്ച കാട്ടുകുളം ഉദയ നിവാസിൽ ശിവകുമാറിനു കണ്ണീരോടെ വിട. പരിയാനംപറ്റ പൂരം കൂടാൻ എത്തുന്ന ശിവകുമാറിനെ കാത്തുനിന്നവരുടെ മുന്നിലെത്തിയത് പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ശിവകുമാറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള തമിഴ്നാട് സർക്കാരിന്റെ ആബുലൻസ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണു കാട്ടുകുളത്തെ ഉദയ നിവാസിന്റെ പടിക്കലെത്തിയത്.

palakkad-avinasi-accident1
അവിനാശി അപകടത്തിൽ മരിച്ച ശിവകുമാറിന് ആദരാഞ്ജലികളർപ്പിക്കാൻ കാട്ടുകുളത്തെ ഉദയ നിവാസിലെത്തിയവർ.

ശിവകുമാറിന്റെ വേർപാട് ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.അവസാനമായി ഒരുനോക്കു കാണൻ വൻ ജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പലരും കണ്ണുകൾ തുടച്ചു. ചടങ്ങുകൾക്കു ശേഷം ഇന്നലെ രാവിലെ പത്തേകാലോടെ സംസ്കാരത്തിനായി ഐവർ മഠത്തിലേക്ക് ആംബുലൻസ് നീങ്ങിത്തുടങ്ങി മുഖ്യമന്ത്രിക്കു വേണ്ടി ഡപ്യൂട്ടി തഹസിൽദാർ റീത്ത് സമർപ്പിച്ചു.

ശിവകുമാറിന്റെ സഹോദരന്റെ മകൻ ഗൗതം ചിതയ്ക്കു തീ കൊളുത്തി. എംഎൽഎമാരായ പി. ഉണ്ണി, പി.കെ. ശശി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പി. അരവിന്ദാക്ഷൻ, പഞ്ചായത്ത് അധ്യക്ഷൻമാരായ കെ. ജയദേവൻ, സി.എൻ. ഷാജു ശങ്കർ തുടങ്ങി ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിക്കാനെത്തി.

palakkad-avinasi-accident2
തിരുവേഗപ്പുറ ചെമ്പ്ര ആലിൻചുവട് കൊണ്ടപ്പറമ്പിൽ കളത്തിൽ രാഗേഷിന്റെ (35) മൃതദേഹത്തിൽ അന്തിമകർമങ്ങൾ നടത്തുന്ന ഇളയ മകൻ സൗരവ്.

രാഗേഷിന്‍റെ സ്വപ്നങ്ങൾ ബാക്കി

കൊപ്പം∙ അവിനാശിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച തിരുവേഗപ്പുറ കൊണ്ടപ്പറമ്പിൽ കളത്തിൽ രാഗേഷ് (35)ന് നാടിന്റെ അന്ത്യാ‍ഞ്ജലി. ഭാര്യ സാന്ദ്രയും മക്കളായ സാരംഗും സൗരവും ചേർന്നാണ് അന്തിമ കർമങ്ങൾ നടത്തിയത്. പൊതുദർശനത്തിനു ശേഷം മൃതദേഹം അന്തിമ കർമങ്ങൾക്കായി എടുത്തപ്പോൾ കൂട്ടക്കരച്ചിലായി. കണ്ടു നിന്നവരെല്ലാം വിതുമ്പി. ഇന്നലെ രാവിലെ ഒൻപതരയ്ക്കു വിലാപ യാത്രയായി ചെറുതുരുത്തി പുണ്യതീരത്തായിരുന്നു സംസ്കാരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു.

അന്തിമോപചാരം അർപ്പിക്കാൻ സി. പി. മുഹമ്മദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എത്തിയിരുന്നു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണു രാഗേഷ്. വീടിന്റെ നവീകരണം പൂർത്തിയാക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണു രാഗേഷിന്റെ അകാല മരണം.

palakkad-avinasi-accident3
റോസിലിയുടെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ വീട്ടിൽ നിന്നെടുത്തപ്പോൾ ചിത്രം: മനോരമ

റോസിലിക്ക് നാടന്റെ വിട

വാളയാർ ∙ തിരുപ്പൂർ അവിനാശി വാഹനാപകടത്തിൽ മരിച്ച ചന്ദ്രനഗർ ശാന്തി കോളനിയിൽ റോസിലിക്ക് നാടിന്റെ യാത്രാ മൊഴി.
അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട തന്റെ മകൻ അലനെ മാറോടണച്ചാണു റോസിലിയുടെ മകൻ സണ്ണി അമ്മയ്ക്കു വിട നൽകിയത്. അപകടത്തിൽ പരുക്കേറ്റ സോന ചികിത്സയിൽ കഴിയുകയാണ്. ഭർത്താവ് സണ്ണിക്കൊപ്പം സൗദി അറേബ്യയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി നഴ്സ് ജോലിക്കായുള്ള പരീക്ഷ എഴുതാനാണു തിങ്കളാഴ്ച റോസിലിക്കും മകൻ അലനുമൊപ്പം ബെംഗളൂരുവിലേക്കു പോയത്. പരീക്ഷ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണു ദുരന്തം.

സോനയുടെ പരീക്ഷ കഴിയുന്നതുവരെ അലനെ നോക്കിയതു റോസിലിയായിരുന്നു. മടക്ക യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റുകളിലാണു സോനയും അലനും ഇരുന്നിരുന്നത്. എന്നാൽ അലനു ചുമയും ജലദോഷവും കൂടിയതോടെ റോസിലി തന്നെ കണ്ടക്ടറോട് ഇരുവരെയും സീറ്റ് മാറ്റിയിരുത്താൻ ആവശ്യപ്പെട്ടു.

ഇതു പ്രകാരമാണ് സോനയ്ക്കും അലനും പകരം സീറ്റുമാറിയിരുന്ന രാഗേഷും ജിസ്മോൻ ഷാജുവും ഈ സീറ്റിലേക്ക് എത്തിയത്. ഇതിനു മണിക്കൂറുകൾ കഴിഞ്ഞാണ് മൂവരുടെയും ജീവനെടുത്ത അപകടം നടന്നത്. തലയ്ക്കു പരുക്കേറ്റെങ്കിലും സോനയ്ക്കു ബോധമുണ്ടായിരുന്നു. അമ്മയെ തിരക്കിയെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്നു മാത്രമാണ് അറിയിച്ചിരുന്നത്. ചന്ദ്രനഗർ പ്രോവിഡൻഷ്യൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കു ശേഷം മൃതദേഹം യാക്കര സെമിത്തേരിയിൽ സംസ്‌കരിച്ചു.ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക സമുദായ പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com