ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മേൽപാത മണ്ണി‌ട്ട് ഉയർത്തുന്ന ജോലികളാണിപ്പോൾ. 4000 ലോഡ് മണ്ണാണ് ഇനി മേൽപാതയ്ക്ക് വേണ്ടത്. മണ്ണിന്റെ കുറവ് നിർമാണത്തെ ബാധിക്കാതിരിക്കാൻ മണ്ണ് നിറയ്ക്കാൻ പ്രത്യേക അനുമതി ബന്ധപ്പെട്ടവർ നല്‍കിയിട്ടുണ്ടെന്ന് നിർമാണ കമ്പനിയായ കെഎംസി അധിക‍ൃതർ പറഞ്ഞു.

മലയോര മേഖലയിലെ വിവിധ മേഖലകളിൽ നിന്ന് ആവശ്യത്തിന് മണ്ണ് ലഭിക്കുന്നുണ്ട്. ഇതിനിടെ ഇടനിലക്കാർ മണ്ണ് മറിച്ച് വിൽക്കുന്നതിനെതിരെ ശക്തമായ നടപടിയും സ്വീകരിക്കുന്നുണ്ട്. ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയോടെ ദേശീയപാതയ്ക്കായി മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്താൻ വ്യാജ പരാതികൾ നൽകുന്നതായി നിയമപ്രകാരം മണ്ണെടുക്കുന്ന കമ്പനികൾ പറയുന്നു.

മണ്ണ് നികത്തിക്കഴിഞ്ഞാൽ ക്വാറി വേസ്റ്റ് ഇട്ട് ബലപ്പെടുത്തി ടാറിങ് ജോലികൾ തുടങ്ങും. ഹോട്ടൽ ഡയാന മുതൽ റോയൽ ജംക്‌ഷൻ വരെയുള്ള ഭാഗങ്ങൾ ടാറിങ് നടത്തി അടുത്തമാസം ആദ്യവാരം മേൽപാതയും മേൽപാലവും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം.

∙ആറുവരിപ്പാതയിൽ അനിശ്ചിതത്വം

ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ മുടങ്ങിക്കിടക്കുന്ന നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്. പന്നിയങ്കര, വഴുക്കുമ്പാറ, പട്ടിക്കാ‌ട് സർവീസ് റോഡുകൾ പൂര്‍ത്തിയാക്കാനുണ്ട്. തുരങ്കം തുറക്കുകയും വടക്കഞ്ചേരി മേൽപാലം ഗതാഗത യോഗ്യമാക്കുകയും ചെയ്താൽ ടോൾപിരിവ് തുടങ്ങും. ഇതിനുള്ള നടപടിയാണ് നടക്കുന്നത്. 

മുടിക്കോടും മുളയം റോഡിലും അടിപ്പാത നിർമിക്കുന്നതിൽ അനിശ്ചിതത്വമുണ്ട്. ആറുവരിപ്പാത നിർമാണം തുടങ്ങിയശേഷം ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട പുതിയ പദ്ധതികളുടെ നിർമാണം തുടങ്ങിയിട്ടില്ല. ടോൾ പിരിവ് ആരംഭിക്കുന്നതിന് വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെയുള്ള ആറുവരിപ്പാതയുടെ പുതിയതായി നിർമിച്ച റോഡിന്റെ തകർന്ന ഭാഗങ്ങൾ റീടാറിങ് നടത്തേണ്ടതുണ്ട്.

∙വനംവകുപ്പ്  വിട്ടുവീഴ്ചയ്ക്കില്ല

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ സ്ഥലങ്ങൾ വാണിയമ്പാറയിലും, കുതിരാനിലും പട്ടിക്കാടും മുടിക്കോടും വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതുമൂലം ദേശീയപാതയിലെ മൂന്ന് കിലോമീറ്റർ സ്ഥലത്തെ പാത നിർമാണം അനിശ്ചിതത്വത്തിലാണ്.

കുതിരാൻ തുരങ്കമുഖത്ത് സുരക്ഷാഭീഷണി സൃഷ്ടിച്ച് വീഴാൻ തയാറായി നിൽക്കുന്ന പാറക്കൂട്ടം പൊട്ടിച്ച് നീക്കാൻ ഇതുവരെ നടപടിയില്ല. വനഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രേഖാമൂലം അപേക്ഷ നൽകണമെന്നും ഇതിന് നിർമാണ കമ്പനി തയാറാകുന്നില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ ഓൺലൈനിൽ എല്ലാ അപേക്ഷകളും നൽകിയിട്ടും വനംവകുപ്പ് പിടിവാശി ഉപേക്ഷിക്കുന്നില്ലെന്നാണ് കെഎംസി പറയുന്നത്.

തുരങ്കനിർമാണം ഇനിയും വൈകും

കുടിശ്ശിക നൽകുന്നത് അനിശ്ചിതത്വത്തിലായതോടെ തുരങ്കനിർമാണം ഇനിയും വൈകും. ഇടത് തുരങ്കത്തിലെ ജോലികൾ 70 ശതമാനവും വലത് തുരങ്കത്തിലേത് പകുതിയും പൂർത്തിയായപ്പോഴാണ് തൊഴിലാളികളും ഡ്രൈവർമാരും വാഹനഉടമകളും പണിമുടക്കാരംഭിച്ചത്.ഇതിനിടെ തുരങ്കനിർമാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിനെ മാറ്റി പുതിയ കമ്പനിക്ക് കരാർ നൽകിയതായി പറയുന്നുണ്ടെങ്കിലും പണി മാത്രം നടക്കുന്നില്ല. കൂലി കിട്ടിയില്ലെങ്കിൽ തുരങ്കത്തിനുള്ളിൽ നിർമാണം അനുവദിക്കില്ലെന്ന് തൊഴിലാളികളും ജീവനക്കാരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com