ചൂടാണ്; പാമ്പിനെയും പന്നിയെയും കരുതിയിരിക്കണമെന്ന് വനംവകുപ്പ്

പാമ്പുമായി അബ്ബാസ്.
SHARE

കൊപ്പം ∙ ചൂട് കാലത്ത് ജനാലകൾ തുറന്നിടരുതെന്നും രാത്രിയിൽ വെളിച്ചമില്ലാതെ നടക്കരുതെന്നും വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകളും വന്യജീവികളും പുറത്തിറങ്ങി ശല്യമാകുന്ന പരാതികൾ പതിവായതോടൊണ് വനംവകുപ്പിന്റെ നിർദേശം. വീട്ടിലും പാതയോരത്തും നിർത്തിയിടുന്ന വാഹനങ്ങളും വീട്ടിലെ കിടപ്പുമുറികളും ദിവസവും പരിശോധിക്കണം. ഉണക്കാനിട്ട തുണികൾ എടുക്കുമ്പോഴും വിറകു പുരകളിൽ കയറുമ്പോഴും ശ്രദ്ധിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.

ഈർപ്പമുള്ള പ്രദേശമെന്നതിനാൽ പാമ്പുകൾ വീടുകൾക്കകത്തും ചുറ്റും കയറിക്കൂടുന്നത് പതിവാണ്. കൊപ്പം പറക്കാട് ഭാഗത്ത് കോഴിഫാമിനുള്ളിൽ നിന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചർ ബൈജു മലമ്പാമ്പിനെ പിടികൂടിയിരുന്നു. തിരുവേഗപ്പറ പൈലിപ്പുറത്തെ ഒരു വീട്ടിൽ നിന്ന് മലമ്പാമ്പിനെ പിടികൂടിയത് രാത്രിയാണ്. വീടിനോട് ചേർന്ന കാട്ടിൽ നിന്നെത്തിയ പെരുമ്പാമ്പിനെ വീട്ടുമുറ്റത്ത് നിന്നാണ് പിടികൂടിയത്. സമീപത്തെ കിണറുകളിൽ നിന്ന് കാട്ടുപന്നികളെയും ഉദ്യോഗസ്ഥർ പിടികൂടി.

കൂടല്ലൂർ കല്ലുമുറിക്കൽ മൊയ്തുണ്ണിയുടെ വീട്ടിലെ അടുക്കളയിൽ കയറിക്കുടിയ രണ്ടു മീറ്റർ നീളമുള്ള മൂർഖനെ വനംവകുപ്പിന്റെ നിർദേശത്തോടെ പാമ്പ് പിടിത്തക്കാരൻ കൈപ്പുറം അബ്ബാസ് ഇന്നലെ പിടികൂടി. പുലർച്ചെ പാത്രങ്ങളെടുക്കാൻ അടുക്കളയിലെത്തിയ വീട്ടമ്മയാണ് പത്തി വിടർത്തി നിൽക്കുന്ന നിലയിൽ മൂർഖനെ കണ്ടത്. അടുക്കളയുടെ തുറന്നിട്ട ജനാല വഴിയാണ് പാമ്പ് കയറിയതെന്ന് സംശയിക്കുന്നു. ചൂട് ശക്തമായതോടെ രാപകൽ വ്യത്യാസമില്ലാതെയാണ് വിഷജന്തുക്കളും വന്യജീവികളും പുറത്തിറങ്ങുന്നത്. പട്ടാമ്പി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസവും ഡസൻ കണക്കിനു പാമ്പുകളെയും കാട്ടുപന്നികളെയുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
FROM ONMANORAMA