ADVERTISEMENT

പാലക്കാട്  ∙ രാപ്പകലില്ലാതെ അധ്വാനിക്കുന്നതിന്റെ മൂല്യം അവർ കണ്ണീരും ചേർത്ത് ഒഴുക്കിക്കളഞ്ഞു. കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കാത്തതിനാൽ ഇന്നലെ കണ്ണീരിൽ കുതിർന്ന ദിനം. ചിലരെല്ലാം അയൽവാസികൾക്കു സൗജന്യമായി നൽകിയപ്പോൾ പലരും കൃഷിയിടങ്ങളിൽ ഒഴുക്കിക്കളഞ്ഞു. 

കാലിത്തീറ്റ വില വർധനയും വൈക്കോൽ ക്ഷാമവും വെള്ളക്കുറവുമെല്ലാം അതിജീവിച്ച് കർഷകർ വളർത്തുന്ന പശുക്കളുടെ പാലാണ് ഒഴുക്കിക്കളയേണ്ടി വന്നത്. ചായക്കടകൾ ഇല്ലാത്തതിനാൽ ആ വഴിക്കും വിൽപന നടന്നില്ല. വരും ദിവസങ്ങളിൽ ഏർപ്പെടുത്തിയ സംഭരണ നിയന്ത്രണവും കർഷകർക്കു തിരിച്ചടിയാകും.

∙ ഏറ്റവുമധികം ക്ഷീര കർഷകരും ഉൽപാദനവും ഉള്ള മേഖലയാണു ചിറ്റൂർ ചിറ്റൂർ. എണ്ണായിരത്തിമുന്നൂറിലധികം  കർഷകർ 1,20,000 ലീറ്റർ പാലാണ് പ്രതിദിനം ക്ഷീര സംഘങ്ങൾ വഴി മിൽമയ്ക്കു നൽകുന്നത്. ഇതിൽ 10 ലീറ്റർ മുതൽ 650 ലീറ്റർ വരെ പാൽ അളക്കുന്ന കർഷകരുണ്ട്. ഒരു ദിവസം മുടങ്ങിയാൽ 20,000 രൂപയിലേറെയാണ് ഫാം നടത്തുന്ന ക്ഷീര കർഷകർക്ക് നഷ്ടമാകുന്നത്.  സംഘങ്ങൾ വഴി പാൽ എടുക്കാത്ത ദിവസങ്ങളിൽ തമിഴ്നാട്ടിലെത്തിച്ച് അനാഥാലയങ്ങൾക്കു സൗജന്യമായി നൽകുന്ന കർഷകരുമുണ്ടിവിടെ. ഇപ്പോൾ അതും നടക്കില്ല.

∙ അട്ടപ്പാടിയിൽ  ഇരുപതിനായിരം ലീറ്റർ പാലുൽപാദിപ്പിക്കുന്നുണ്ട്,15 ക്ഷീര സംഘങ്ങളുണ്ട്. കർഷകരുടെ പ്രധാന ഉപജീവന മാർഗമാണിത്. വലിയ ഡയറി യൂണിറ്റുകളില്ല. 10 മുതൽ 100 ലീറ്റർ വരെ പാൽ സംഘങ്ങളിൽ അളക്കുന്ന കർഷകരാണ് കൂടുതലും.ആദിവാസി കർഷകരുമുണ്ട്.പ്രതിദിനം പതിനയ്യായിരം ലീറ്റർ വരെ മിൽമ ശേഖരിക്കുന്നുണ്ട്. പാൽ സംഭരണം മടങ്ങിയതും നിയന്ത്രിക്കുന്നതും കർഷകരെ കണ്ണീരിലാക്കും.

പാൽ എന്ന സമ്മാനം

കുഴൽമന്ദം മേഖലയിലെ പ്രധാന ക്ഷീര സംഘങ്ങളായ കളപ്പെട്ടി,കുത്തനൂർ സംഘങ്ങളിൽ പാൽ സംഭരണം നടന്നില്ല. ക്ഷീരകർഷകർ അയൽക്കാർക്ക് മിതമായ നിരക്കിലും സൗജന്യമായും നൽകി. വേനൽക്കാലമായതിനാൽ തൈര്, മോര് എന്നിവയ്ക്കായി പലരും നീക്കിവച്ചു.സൊസൈറ്റിയിൽ നിന്നുള്ള വരുമാനം ഇല്ലാതായി. അതേസമയം ചെറിയ സംഘങ്ങളിൽ പാൽ സംഭരണം നടന്നു.   ഉപഭോക്താക്കൾക്ക് പാൽ ലഭിക്കാത്ത സ്ഥിതിയുമുണ്ടായി.കളപ്പെട്ടിയിൽ നിത്യേന 780-800ലീറ്ററും കുത്തനൂരിൽ 900 ലീറ്ററുമാണ് സംഭരണം.

ശീതീകരണസംവിധാനം ഇല്ല

ശീതീകരണ സംവിധാനം ഉള്ള ക്ഷീരസംഘങ്ങൾക്കു സൂക്ഷിക്കാം.. എന്നാൽ പല സംഘങ്ങൾക്കും ചില്ലിങ് പ്ലാന്റ് ഇല്ല. ചിലയിടത്ത് കർഷകർ ക്ഷീരസംഘത്തിൽ എത്തിച്ച പാൽ പ്രാദേശികമായി വിറ്റുപോയിരുന്നു. എന്നാൽ നാട്ടിൽ പണി നടക്കാത്ത സാഹചര്യത്തിൽ പാലിനു മുടക്കാൻ പലർക്കും കഴിയില്ല. തൈരാക്കി മാറ്റുമെങ്കിലും അതിനും വിപണന സാഹചര്യം ഇല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com