ADVERTISEMENT

മണ്ണാർക്കാട്∙ മങ്കടയിൽ നിന്ന് സേലത്തേക്ക് കാൽനടയായി പുറപ്പെട്ട തമിഴ്നാട് സ്വദേശികളായ നാലംഗ സംഘത്തെ മണ്ണാർക്കാട് പൊലീസ് തടഞ്ഞു. ഇവരെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് എംഇഎസിൽ പ്രവർത്തിക്കുന്ന അതിഥി ഭവനിലേക്കു മാറ്റി.ഇന്നലെ രാവിലെയാണ് നാലംഗ സംഘം മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. 

ചോദ്യം ചെയ്തപ്പോൾ സേലത്തേക്ക് പോകുകയാണെന്നു പറഞ്ഞു. തിരിച്ചു പോകുന്ന പച്ചക്കറി വണ്ടികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടക്കാൻ തുടങ്ങിയതെന്നും മങ്കട മുതൽ ഇതുവരെ ഒരു വണ്ടിയും ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് മങ്കടയിൽ നിന്നു നടക്കാൻ തുടങ്ങിയത്. വാഹനം കിട്ടിയില്ലെങ്കിൽ നടന്ന് സേലത്ത് എത്താനായിരുന്നു തീരുമാനം. ഇവിടെ കൂലി പണിക്ക് വന്നതാണ്. 

പണിയില്ലാതെ പിടിച്ചു നിൽക്കാനാവില്ല. വീട്ടിൽ ചെറിയ കുട്ടികളും മാതാപിതാക്കളുമാണ് ഉള്ളത്. എങ്ങനെയെങ്കിലും അവരുടെ അടുത്ത് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയതെന്നു സേലം സ്വദേശികളായ സുബ്രഹ്മണ്യൻ, അസലൻ, ഇളവരശൻ, അറുമുഖൻ എന്നിവർ പറഞ്ഞു. ഇവരെ പരിശോധനയ്ക്ക് ശേഷം മണ്ണാർക്കാട് എംഇഎസ് സ്കൂളിൽ പ്രവർത്തിക്കുന്ന അതിഥി ഭവനിലേക്ക് മാറ്റിയതായി സിഐ എം.കെ. സജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com