ADVERTISEMENT

ഷൊർണൂർ∙ ജീവനക്കാരുടെ പ്രതിഷേധത്തിനിടെ ഷൊർണൂരിൽ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി തുടങ്ങി. ട്രാക്ക് പാക്കിങ് മെഷിൻ ഉപയോഗിച്ചു ട്രാക്കുകൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇന്നു കൂടുതൽ തൊഴിലാളികളെ നിയോഗിക്കാനും നിർദേശമുണ്ട്. കോവിഡ്–19ന്റെ സാഹചര്യത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ് ഇപ്പോഴത്തെ അറ്റകുറ്റപ്പണിയെന്നു സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ(എസ്ആർഎംയു) പരാതിപ്പെട്ടിരുന്നു. 

എന്നാൽ 30 പേർ വേണ്ട ജോലി എട്ട് തൊഴിലാളികളെ ഉപയോഗിച്ചാണ് നടത്തുന്നത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാനാണിതെന്ന് പറയുന്നു. നേരത്തെ കാസർകോട്,പയ്യന്നൂർ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണിക്ക് നിർദേശം വന്നുവെങ്കിലും യൂണിയൻ ഇടപെടലിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള കാസർകോട് രണ്ടാഴ്ചയോളം നിർത്തിയിട്ട ട്രാക്ക് പാക്കിങ് മെഷിൻ വാഗണാണ് ഷൊർണൂരിലേക്ക് എത്തിച്ചത്. 

അതേ സമയം കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഇത് സംബന്ധിച്ചു ചീഫ് ട്രാക്ക് എൻജിനീയർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സാനിറ്റൈസർ, സോപ്പ്, മാസ്ക് തുടങ്ങിയവയും ജീവനക്കാർക്ക് ലഭ്യമാക്കുമെന്നും ഉത്തരവിലുണ്ട്. എന്നാൽ സുരക്ഷാ മുന്നറിയിപ്പുകളൊന്നും പാലിക്കാതെയായിരുന്നു പ്രവർത്തനങ്ങളെന്ന് യൂണിയൻ ആരോപിക്കുന്നു.

ട്രോളി മാൻ കുഴഞ്ഞു വീണു

ഷൊർണൂർ∙ ട്രാക്ക് പാക്കിങ് മെഷിൻ ഉപയോഗിച്ചു ട്രാക്കുകൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കിടെ റെയിൽവേ ട്രോളി മാൻ കുഴഞ്ഞു വീണു. ഷൊർണൂർ റെയിൽവേ സെക്ഷൻ എൻജിനീയർ ഓഫിസിലെ ട്രോളിമാൻ എ.കെ ഗോപാലൻ(56) ആണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ഷൊർണൂർ‌ സബ് ഡിവിഷനൽ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com