ADVERTISEMENT

ഒറ്റപ്പാലം ∙ കോവിഡ് കാലത്ത് കഥകളി കലാകാരൻ സദനം മോഹനന്റെ മനസ്സിൽ കത്തുന്ന കളിവിളക്കിലെ തിരിനാളത്തിനു പൊരിവെയിലിന്റെ ചൂടാണ്. വേഷത്തിനു സിമന്റിന്റെ മണം. കഥ പറയുന്ന ഹസ്ത മുദ്രകളിൽ ചെങ്കല്ലു ചുമന്ന തഴമ്പ്. കണ്ണുകളിൽ ഭാവം കരുണം. ഇപ്പോൾ കെട്ടിയാടുന്ന നിർമാണത്തൊഴിലാളിയുടെ വേഷം നേരംപോക്കിന്റെ കളിയല്ല, പൊള്ളുന്ന ജീവിതമാണ്. ചുനങ്ങാട് മയിലുംപുറം പുത്തൻവീട്ടിൽ കുളങ്ങരയിൽ മോഹനൻ (46) പേരൂർ സദനം അക്കാദമിയിൽ 7 വർഷം കഥകളി പഠിച്ച കലാകാരനാണ്. കഴിഞ്ഞ 18 വർഷമായി എറണാകുളത്തു കഥകളി രംഗത്തായിരുന്നു ജോലി. കൊച്ചിൻ കൾചറൽ സെന്റർ എന്ന സ്ഥാപനത്തിൽ ദിവസവും വൈകിട്ട് വിനോദ സഞ്ചാരികൾക്കു കഥകളി പരിചയപ്പെടുത്തുന്ന വേഷക്കാരിലൊരാൾ.

ലോക്ഡൗണിനു മുൻപേ, വിദേശ ടൂറിസ്റ്റുകൾ നിരീക്ഷണത്തിലായ ഘട്ടത്തിൽത്തന്നെ കൊച്ചിയിലെ സ്ഥാപനം അ‌ടച്ചു. മാർച്ച് 8നു പ്രതിമാസ പതിവുപോലെ 2 ദിവസത്തെ അവധിക്കു നാട്ടിലെത്തിയിരുന്ന മോഹനൻ വീട്ടിലിരിപ്പായി. അമ്മയും ഭാര്യയും 2 പെൺമക്കളും ഉൾപ്പെട്ട കുടുംബത്തിലേക്കുള്ള വരുമാനം നിലച്ചു. കൂട്ടുകാരും കഥകളി മേഖലയിലെ 2 സ്ഥാപനങ്ങളും നൽകിയ സഹായങ്ങളായിരുന്നു ആദ്യനാളുകളിൽ ആശ്വാസം. ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്കു സർക്കാർ പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. വീടു നിർമാണത്തിനു വാങ്ങിയ വായ്പയുടെ ബാധ്യതയും പെരുകുന്നു.

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി നാട്ടിൽ നിർമാണ മേഖല ഉണർന്നതോടെ, അയൽവാസിയും സുഹൃത്തും ബിൽഡിങ് കോൺട്രാക്ടറുമായ സുകുമാരനെ സമീപിച്ചു. ജീവിക്കാനായി ചോദിച്ചു വാങ്ങിയ നിർമാണത്തൊഴിലാളിയുടെ വേഷമണിഞ്ഞിട്ട് ഒന്നരയാഴ്ചയായി. വേങ്ങശ്ശേരിയിൽ വീടുപണിക്കു മുടങ്ങാതെ പോകുന്നു. വിദേശ രാജ്യങ്ങളിലുൾപ്പെടെ കഥകളി അവതരിപ്പിച്ചിട്ടുള്ള സദനം മോഹനൻ ഏതാനും പരസ്യ ചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com