ADVERTISEMENT

കടമ്പഴിപ്പുറം ∙ അപകടം പതിവായ പുഞ്ചപ്പാടം വളവ് നിവർത്തണം എന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസമുണ്ടായ ദമ്പതികളുടെ ദാരുണാന്ത്യം നാടിനെ കണ്ണീരണിയിച്ചു. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. രണ്ടാഴ്ച മുൻപ് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് ലോറി ഇടിച്ച് പരുക്കേറ്റിരുന്നു.

കൊടും വളവ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. ഇടക്കാലത്ത് റോഡ് നവീകരണം നടന്നെങ്കിലും വളവ് നിവർത്തൽ ബന്ധപ്പെട്ടവർ ഗൗനിച്ചില്ല. ചെറുതും വലുതുമായ അപകടങ്ങൾ ഇടവേളകൾ ഇല്ലാതെ തുടർന്നിട്ടും അധികൃതർ മൗനം തുടരുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.

എല്ലാത്തിനും സാക്ഷിയായി, പുഞ്ചപ്പാടം വളവിൽ സ്ഥാപിച്ച ‘അപകട മേഖല’ എന്ന ബോർഡ് മാത്രം. ഇതിനോടു ചേർന്ന് സ്ഥാപിച്ച സിഗ്നൽ വിളക്കുകൾ കത്താതായിട്ട് 2 വർഷമായി. ബോർഡ് സ്ഥാപിച്ചാൽ അപകടം തടയാൻ ആകുമെന്ന പിഡബ്ല്യുഡി വകുപ്പിന്റെ കണക്കുകൂട്ടൽ പാടെ തെറ്റി. ഇവിടെ അപകടം ഒഴിഞ്ഞ നേരമില്ല.

Palakkad News
വിൻസന്റ്

ഡ്രൈവർ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം ∙ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലോറി ഡ്രൈവറെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിംഗനെല്ലൂർ വേലന്താവളം ഞായകത്താറം വീട്ടിൽ വിൻസന്റിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

നടുക്കം മാറാതെ സമീപവാസികൾ

ശ്രീകൃഷ്ണപുരം ∙ പുഞ്ചപ്പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം മാറാതെ സമീപവാസികൾ. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു. അപകടത്തിൽ മരിച്ച ദമ്പതികൾ കഴിഞ്ഞ ഏപ്രിലിലാണ് പുഞ്ചപ്പാടത്തേക്കു താമസം മാറിയതെങ്കിലും ദിവസങ്ങൾക്കകം ഇരുവരും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

കടമ്പൂരിലുള്ള മകളുടെ വീട്ടിൽ പോയി മടങ്ങവെ ഇന്നലെ രാത്രി ഒൻപതോടെയാണ് ദാരുണാന്ത്യം. അമിത വേഗത്തിൽ വന്ന ലോറി റോഡിൽനിന്നു തെന്നിമാറി നിയന്ത്രണംവിട്ട് എതിർവശത്തേക്കു തലകീഴായി മറിയുകയായിരുന്നുവെന്ന്  ദൃക്സാക്ഷി കൂടിയായ സമീപവാസി പറഞ്ഞു. ഈ സമയം എതിരെ വന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. 

നിയന്ത്രണംവിട്ടു വന്ന ലോറിയുടെ മുന്നിൽനിന്നു തലനാരിഴയ്ക്കാണു മറ്റൊരു ബൈക്ക് യാത്രികൻ രക്ഷപ്പെട്ടതെന്നു പറയുന്നു. മരിച്ച ഗോപാലകൃഷ്ണനും സജിതയും കല്ലുവഴി സ്വദേശികളാണ്. കല്ലുവഴിയിലുള്ള വീടും സ്ഥലവും വിറ്റതിനുശേഷം പുഞ്ചപ്പാടം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണു നിലവിൽ താമസിച്ചിരുന്ന വീടിന് അഡ്വാൻസ് നൽകുകയും ആ വീട്ടിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്തത്. ഈ വീടിന് 100 മീറ്റർ മാത്രം അകലത്തിലാണ് അപകടം സംഭവിച്ചത്. മകൾ ശ്രുതുയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. മകൻ ശ്രീരാഗ് വിദ്യാർഥിയാണ്. വീട്ടിലുണ്ടായിരുന്ന ശ്രീരാഗും അപകട ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു.  

സംസ്കാരം നടത്തി 

അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. മൃതദേഹം തറവാടുവീട്ടിൽ എത്തിച്ചപ്പോൾ ദുഃഖം അണപൊട്ടി. ഇവരുടെ മക്കളെ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു നാട്ടുകാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com