ADVERTISEMENT

പാലക്കാട് ∙ മേയ് 9നു ചെന്നൈയിൽനിന്നു വാളയാറി‍ൽ എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പൊലീസുകാരിൽ ഭൂരിഭാഗത്തിനെയും ക്വാറന്റീനിൽ അയച്ചില്ല. 

രോഗി എത്തിയപ്പോൾ വാളയാറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ 14 ദിവസത്തേക്കു വീട്ടുനിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് മേയ് 14നു തീരുമാനിച്ചിരുന്നു. എന്നാൽ, വാളയാറിൽ പൊലീസുകാരെ നിയോഗിച്ച ഡ്യൂട്ടി ഷെ‍ഡ്യൂൾ പ്രകാരം രോഗി എത്തിയ 9നു വാളയാറി‍ൽ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരിൽ 51 പേർ മെഡിക്കൽ ബോർഡിന്റെ തീരുമാനം വന്നശേഷവും മേയ് 23 വരെയുള്ള പല ദിവസങ്ങളിലും ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ‍ഒരു ദിവസം മുതൽ 8 ദിവസം വരെയാണു പലരും ജോലിചെയ്തിരിക്കുന്നത്. 

9നു രാവിലെ 10നു വാളയാറിൽ വിവിധ നടപടിക്രമങ്ങൾക്കായി കാത്തുനിൽക്കെ കുഴഞ്ഞുവീണ രോഗിയെ എടുത്തുപൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ട പൊലീസുകാരും അവിടെ ഇദ്ദേഹത്തെ പരിചരിച്ച നഴ്സുമാരും ഉൾപ്പെടെയുള്ളവരെ ഐസലേഷനിലാക്കിയിരുന്നു. ലോ റിസ്‌ക് പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ട  മറ്റുള്ളവരോടാണു വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഏതാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരൊഴികെ മറ്റുള്ളവരെ മെഡിക്കൽ ബോർഡ് നിർദേശം അവഗണിച്ച് വീണ്ടും അതിർത്തിയിൽ തന്നെ ജോലിക്കു നിയോഗിക്കുകയായിരുന്നു.മേയ് 9ന് അതിർത്തിയിൽ എത്തിയ എംപിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ടി.എൻ.പ്രതാപൻ എന്നിവരും എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com