ADVERTISEMENT

പാലക്കാട് ∙ ‘ഇവൾ ഒറ്റയ്ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’– പൈനാപ്പിളിൽ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു മുഖം തകർന്നു വേദന തിന്നു ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാം ഇതു പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഒരു നിമിഷം നിശ്ശബ്ദരായി. സഹ്യന്റെ ആ മകൾക്കൊപ്പം ഉദരത്തിൽ വളരാൻ തുടങ്ങിയ കുട്ടിയാന ലോകം കാണാതെ മടങ്ങി. മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറ വെള്ളിയാറിൽ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം രാജ്യത്തിന്റെ തന്നെ വേദനയായി. സംഭവത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ റിപ്പോർട്ട് തേടി.

മനുഷ്യരുടെ ക്രൂരതയിൽ മുഖം കുനിച്ചു വേദന പങ്കുവച്ചവരുടെ കൂട്ടത്തിൽ മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മേനക ഗാന്ധിയും ചലച്ചിത്ര താരങ്ങളായ അനുഷ്ക ശർമ, ശ്രദ്ധ കപൂർ, ജോൺ ഏബ്രഹാം, രൺദീപ് ഹൂഡ, പൃഥ്വിരാജ്, വ്യവസായി രത്തൻ ടാറ്റ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവരും ഉൾപ്പെടുന്നു. 

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണിയെന്നാണു വനംവകുപ്പിന്റെ നിഗമനം. പൈനാപ്പിൾ തിന്നപ്പോൾ പൊട്ടിത്തെറിച്ചു മേൽത്താടിയും കീഴ്ത്താടിയും തകർന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാൻ പോലും കഴിയാതെ കാട്ടാന പുഴയോരത്തു നിലയുറപ്പിച്ചു. മുറിവിൽ ഈച്ച വന്നു തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ പുഴയിൽ മുഖം പൂഴ്ത്തി. 4 ദിവസത്തോളം നീണ്ട ഇരിപ്പാണ് അവളുടെ ജീവൻ കവർന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണം. 

മേയ് 23നു പുഴയിൽ ആനയെ കണ്ട വനം ഉദ്യോഗസ്ഥർ കാട്ടിലേക്കു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നൽകാൻ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിഞ്ഞു. ഭ്രൂണത്തിന് 1–2 മാസം വളർച്ചയുണ്ടായിരുന്നു. ഗർഭിണിയായ കാട്ടാന അനുഭവിച്ച വേദന പുറത്തറിയുന്നത് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മോഹൻ കൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പിലൂടെയാണ്. ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ഡോ. അടലരശന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കും. പൊലീസ് കേസെടുത്തു. വനം വകുപ്പിന്റെ പരാതിയിൽ സ്ഫോടക വസ്തു അലക്ഷ്യമായി ഉപയോഗിച്ചതിനാണു കേസ്. 

ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ആർ. ശിവപ്രസാദ് തെളിവെടുത്തു. മണ്ണാർക്കാട് ഡിഎഫ്ഒ കെ. കെ. സുനിൽകുമാർ ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകും. മണ്ണാർക്കാട് റേഞ്ച് ഓഫിസർ യു.  ആഷിഖലിയുടെ നേതൃത്വത്തിൽ പൈനാപ്പിൾ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com