ADVERTISEMENT

പാലക്കാട്∙ മാസങ്ങളായി തെ‍ാഴിലും കൂലിയുമില്ലാതെ നട്ടംതിരിയുന്ന ഒട്ടേറെ കുടുംബങ്ങൾക്കു സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും താക്കീതും. നിത്യച്ചെലവിനു ബുദ്ധിമുട്ടുന്നവരേ‍ാടു വായ്പ വേഗം തിരിച്ചടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. 15 മുതൽ 17% വരെ പലിശയ്ക്കു സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വായ്പ വാങ്ങിയവർ ലേ‍ാക്ഡൗൺ കാലത്ത് അടവു മുടക്കിയതിനു മാസം 750 മുതൽ 1200 രൂപ വരെ പ്രത്യേക പലിശ നൽകണമെന്നാണു ചിലരുടെ അറിയിപ്പ്. അതു ചേ‍ാദ്യം ചെയ്തപ്പേ‍ാഴാണു ഭീഷണിയെന്നു വായ്പയെടുത്തവർ പറഞ്ഞു. 

ജില്ലയിൽ ആലത്തൂർ, മാങ്കുറുശ്ശി, മുതലമട, പുതുനഗരം, കരിപ്പേ‍ാട്, കെ‍ാടുവായൂർ, വടവന്നൂർ, പള്ളിമുക്ക്, പല്ലശ്ശന, ചിറ്റൂർ, ഗേ‍ാവിന്ദപുരം, മീനാക്ഷിപുരം, തൃത്താല എന്നിവിടങ്ങളിലെ നിർധന കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്. പണം വാങ്ങിയവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ലേ‍ാക്ഡൗൺ കാലത്ത് വായ്പയും പലിശയും ഈടാക്കുന്നതു സംസ്ഥാന സർക്കാർ തടഞ്ഞിരുന്നു. എന്നാൽ, ലേ‍ാക്ഡൗൺ ഒരു മാസം കഴിഞ്ഞപ്പേ‍ാൾ മുതൽ അതിർത്തി കേന്ദ്രമാക്കിയും തൃശൂരിലുമുളള ചില സ്ഥാപനത്തിലെ ജീവനക്കാർ നേരിട്ടെത്തി തുക ആവശ്യപ്പെടുന്നതായി സ്ത്രീകൾ പറഞ്ഞു. കണ്ടെയ്മെന്റ് മേഖലയിലുളളവരെ ഫേ‍ാൺ വഴിയാണു ബുദ്ധിമുട്ടിക്കുന്നത്. 

രേ‍ാഗവ്യാപനത്തെ തുടർന്നു പുറത്തിറങ്ങാ‍ൻ കഴിയാത്ത സാഹചര്യമാണെന്ന് അറിയിച്ചിട്ടും ഭീഷണി തുടരുന്നതായാണു പരാതി. മിക്കവരും 20,000 മുതൽ 40,000 രൂപവരെ വായ്പയെടുത്തിട്ടുണ്ട്. ആഴ്ചയിൽ 450 മുതൽ 1250 രൂപയാണു തിരിച്ചടവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു ലേ‍ാക്ഡൗണിൽ തുക കെ‍ാടുക്കാൻ കഴിഞ്ഞിട്ടില്ല. തിരിച്ചടവു വീഴ്ചയ്ക്കുള്ള പ്രത്യേക പലിശ വൈകിയാൽ പിഴപ്പലിശ നൽകണമെന്നാണ് ഒടുവിലത്തെ മുന്നറിയിപ്പ്. വായ്പയിൽ 20 അടവ് കഴിയുമ്പേ‍ാൾ അനുവദിക്കുന്ന പുതിയ വായ്പ ഉപയേ‍ാഗിച്ചാണ് ആദ്യകടത്തിന്റ കുടിശിക തീർക്കുക. കൂലിപ്പണി കുറയുകയും പണിക്കു കൂലി കുറയുകയും ചെയ്തതേ‍ാടെ മുൻപെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണു കുടുംബങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com