ADVERTISEMENT

പാലക്കാട് ∙ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോഡിൽ (കിഫ്ബി) ഉൾപ്പെടുത്തി 127.15 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. 5 നിലകളിൽ ആശുപത്രി ബ്ലോക്ക് ഉൾപ്പെടുന്ന ആദ്യ ഘട്ട പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു. ഒരു കെട്ടിട കോംപ്ലക്സിൽ തന്നെ എല്ലാ ചികിത്സയും ലഭ്യമാകുന്ന വിധത്തിലാണു പുതിയ ആശുപത്രി ബ്ലോക്ക് വിഭാവനം ചെയ്യുന്നത്. അത്യാധുനിക ചികിത്സാ ഉപകരണങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കും.

പുതിയ ആശുപത്രി ബ്ലോക്ക്: വിഭാവനം ചെയ്യുന്നത് ഇങ്ങനെ

ഗ്രൗണ്ട് ഫ്ലോറിൽ ഔട്ട് പേഷ്യന്റ് വിഭാഗം ഫാർമസി, ലബോറട്ടറി ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഒരുക്കും. ഒന്നാം നിലയിൽ ബാക്കി ഒപികളും 60 കിടക്കകൾ ഉൾപ്പെടുന്ന വാർഡും സജ്ജമാക്കും. രണ്ടാം നിലയിൽ 120 കിടക്കകൾ ഉൾക്കൊള്ളുന്ന വിശാല വാർഡ്. മൂന്നാം നിലയിൽ 60 കിടക്കൾ ഉള്ള സർജിക്കൽ വാർഡും 24 കിടക്കൾ വീതമുള്ള 2 തീവ്രപരിചരണ യൂണിറ്റുകളും (ഐസിയു) ഒരുക്കും. ശസ്ത്രക്രിയ നടത്തേണ്ട രോഗികളെയും ശസ്ത്രക്രിയകൾക്കു ശേഷമുള്ള രോഗികളെയും ശുശ്രൂഷിക്കുന്ന പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡാണു നാലാം നിലയിൽ സജ്ജമാക്കുക. 

പുതിയ കെട്ടിടം 

പൊളിച്ചുമാറ്റിയ പഴയ ടിബി വാർഡ് നിന്നിരുന്ന ഭാഗത്താണു പുതിയ ആശുപത്രി കോംപ്ലക്സ് നി‍ർമിക്കുക. 9.2 ഏക്കർ വിസ്തൃതിയിലാണ് ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവിലെ കെട്ടിടങ്ങൾ ചിതറിക്കിടക്കുന്നതിനാൽ സ്ഥലം ഉണ്ടായിട്ടും അതൊന്നും വേണ്ട വിധത്തിൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ഉള്ള കെട്ടിടങ്ങളി‍ൽ ഭൂരിഭാഗവും കാലപ്പഴക്കത്തിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ വികസനത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലം ജനപ്രതിനിധികളും സംയുക്തമായി പരിശ്രമിച്ചാണു പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്.

പട്ടികവർഗ കോളനിയിൽ വെളിച്ചമെത്തിക്കാൻ  40.34 ലക്ഷം അനുവദിച്ചു

കൊല്ലങ്കോട് ∙ വൈദ്യുതിയില്ലാത്ത പട്ടികവിഭാഗക്കാരുടെ വീടുകൾ വൈദ്യുതീകരിക്കാൻ 40.34 ലക്ഷം രൂപയുടെ പദ്ധതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുള്ള സ്ഥലങ്ങളിൽ വരുന്ന പട്ടികവർഗ കോളനികളിലെ 406 പട്ടികവിഭാഗക്കാരുടെ വീടുകൾ വൈദ്യുതീകരിക്കുന്നതിനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പട്ടികവർഗ ഓഫിസ് ആവശ്യപ്പെട്ടതിനെ തുടർന്നു കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട് പട്ടികവർഗ ഓഫിസർമാർ നടത്തിയ പരിശോധനയിലാണു വൈദ്യുതി തൂൺ ഉണ്ടായിട്ടും പലവിധ കാരണങ്ങളാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കാത്ത 406 വീടുകൾ ഉണ്ടെന്നു കണ്ടെത്തിയത്.

പാലക്കാട് പരിധിയിൽ 246 വീടുകളും ചിറ്റൂരിൽ 89 വീടുകളും കൊല്ലങ്കോട്ട് 71 പട്ടികവർഗ വീടുകളിലുമാണു വൈദ്യുതി കണക്‌ഷൻ നിലവിൽ ഇല്ലെന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത വീടുകൾക്ക് അടിയന്തര പ്രാധാന്യത്തോടെ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനു പദ്ധതി തയാറാക്കാൻ ജില്ലാ കലക്ടർ കെഎസ്ഇബിയോടു നിർദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി നടത്തിയ പഠനത്തിൽ 406 വീടുകളുടെ വയറിങ്, വൈദ്യുതീകരണം, കണക്‌ഷൻ, മീറ്റർ എന്നിവയ്ക്കായി 40,34,796 രൂപയുടെ പദ്ധതി തയാറാക്കി കലക്ടർക്കു റിപ്പോർട്ട് നൽകി.

കെഎസ്ഇബി തയാറാക്കിയ രൂപരേഖ പ്രകാരം പട്ടികവർഗ വകുപ്പിന്റെ കോർപസ് ഫണ്ടിൽ നിന്നും നടപ്പു സാമ്പത്തിക വർഷം കെഎസ്ഇബിക്ക് വൈദ്യുതീകരണത്തിനുള്ള തുക അനുവദിക്കുന്നതിനു ജില്ലാ കലക്ടർ ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി കണക്‌ഷൻ ഇല്ലാത്തതിനാൽ പട്ടികവർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാകാത്ത സ്ഥിതി കണക്കിലെടുത്താണു ദ്രുതഗതിയിൽ വൈദ്യുതീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com