ADVERTISEMENT

കൊല്ലങ്കോട് ∙ ഇന്ത്യൻ കടുവകൾ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു! 2018–19 കാലയളവിൽ രാജ്യത്തു നടത്തിയ, ക്യാമറ ഉപയോഗിച്ചുള്ള കടുവകളുടെ കണക്കെടുപ്പാണു (ക്യാമറ ട്രാപ്) ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സർവേ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്.  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിനു റെക്കോർഡ് ലഭിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിലൂടെ അറിയിച്ചു.

ക്യാമറ ട്രാപ് 

ഉൾക്കാടുകളിലെ വിവിധ ഭാഗങ്ങളിലായി മോഷൻ സെൻസറോ (മൃഗങ്ങളുടെ ചലനം മനസ്സിലാക്കി ഫോട്ടോ എടുക്കുന്ന രീതി), ഇൻഫ്രാറെഡ് സെൻസറോ, ലൈറ്റ് സെൻസറോ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിച്ചു മൃഗങ്ങളുടെ ചിത്രങ്ങളെടുക്കും. കടുവയുടെ ഭക്ഷണമാകുന്ന മൃഗങ്ങളുടെ സാന്നിധ്യം, കടുവയുടെ കാലടയാളം (പഗ്‌ മാർക്ക്), കാഷ്ഠം, മരത്തിൽ കടുവയുണ്ടാക്കുന്ന അടയാളങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സഞ്ചാരപഥം നിശ്ചയിച്ചാണു ക്യാമറകൾ സ്ഥാപിക്കുക. 2 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 2 ക്യാമറകൾ എന്നതാണു പ്രധാനമായും അവലംബിക്കുന്ന രീതി. പരസ്പരം അഭിമുഖീകരിച്ചു നിൽക്കുന്ന 2 മരങ്ങളിലായി 2 മീറ്റർ ഉയരത്തിലാകും ക്യാമറകളുടെ സ്ഥാനം.

ഇന്ത്യയിൽ 2967

രാജ്യത്തെ കടുവ സങ്കേതങ്ങൾ ഉൾപ്പെടെ 1,21,337 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ 26,838 ക്യാമറകളാണു സ്ഥാപിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ 2967 കടുവകളെ തിരിച്ചറിഞ്ഞു. 526 കടുവകളുള്ള മധ്യപ്രദേശാണു സംസ്ഥാനങ്ങളിൽ ഒന്നാമത്.

തിരിച്ചറിയൽ

ഒരു കടുവയുടെ ചിത്രം പലവട്ടം ക്യാമറയിൽ പതിഞ്ഞേക്കാം. ഇതിൽനിന്ന് ആവർത്തനമില്ലാതെ കടുവകളുടെ എണ്ണം വേർതിരിച്ചെടുക്കുന്നതു ശ്രമകരമായ ദൗത്യമാണ്. മറ്റു ജീവികളുടെ ചിത്രങ്ങളും ക്യാമറയിൽ പതിയും. ആദ്യം ഇവയെ ഒഴിവാക്കണം. പിന്നീടാണു കടുവകളെ വേർതിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സർവേയിൽ ആകെ ലഭിച്ചതു 76,651 കടുവ ചിത്രങ്ങൾ. ഇതിൽനിന്നു ശരീരഘടന, ശരീരത്തിലെ പാടുകൾ, വരകളുടെ എണ്ണം, നിറത്തിലെ വ്യത്യാസം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിശോധിച്ചാണു യഥാർഥ എണ്ണം നിശ്ചയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com