ADVERTISEMENT

ചിറ്റൂർ∙ നാട്ടുകാരും ബന്ധുക്കളും പരിചയക്കാരുമൊക്കെയായി ഒട്ടേറെപ്പേരെ വിളിച്ചു പേരക്കുട്ടിയുടെ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ലളിതമാക്കേണ്ടി വന്നതോടെ വിവാഹത്തിനു മാറ്റിവച്ച തുക മറ്റുള്ളവർക്കു കൂടി പ്രയോജനകരമാക്കുകയാണ് ഈ വയോധിക ദമ്പതികൾ.  നല്ലേപ്പിള്ളി തെക്കേദേശം പാറക്കൽ ലക്ഷ്മി വീട്ടിൽ രാഘവനും (81) തങ്കമണി രാഘവനും(72) ആണ് പേരക്കുട്ടി മീര ജയന്റെ വിവാഹച്ചെലവിനു മാറ്റിവച്ച മൂന്നേമുക്കാൽ ലക്ഷം രൂപ നിർധനരുടെ വിവാഹസദ്യയുടെ ചെലവിനായി നൽകുന്നത്.

തുക വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂണിറ്റ് പ്രസിഡന്റ് പി.അനീഷ്കുമാറിനെയും കുടുംബസുഹൃത്തായ ജിജിൻ കുമാറിനെയും ഏൽപിച്ചു. ഇന്നലെയായിരുന്നു ആർ.ജയകൃഷ്ണന്റെ മകളും രാഘവന്റെ പേരക്കുട്ടിയുമായ ഡോ.മീരയും പാലക്കാട് ചന്ദ്രനഗർ കലാധരന്റെ മകൻ ദർശനും തമ്മിലുള്ള വിവാഹം.  ഈ ദിവസം തന്നെയായിരുന്നു മറ്റു വിവാഹങ്ങളിലും ഭക്ഷണം നൽകാൻ ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ 50 വിവാഹങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു നടക്കാനിരിക്കുന്ന വിവാഹങ്ങൾ കണ്ടെത്തി ഭക്ഷണമെത്തിക്കാൻ വ്യാപാരിയായ അനീഷ്കുമാറിനെ സമീപിച്ചത്.

വിവാഹ ചടങ്ങുകൾക്കു കോവിഡ് മാനദണ്ഡപ്രകാരം 50 പേർക്കേ പങ്കെടുക്കാവൂ എന്നു സർക്കാർ നിർദേശമുണ്ട്. ഇതു കണക്കിലെടുത്താണ് ഓരോ വിവാഹത്തിനും 50 പേർക്കുള്ള സദ്യയുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒരു സദ്യയ്ക്ക് 150 രൂപ പ്രകാരം ഒരു വിവാഹത്തിന് 7500 രൂപയാണു നൽകുക. വിവാഹം നടക്കാനിരിക്കുന്ന നിർധനരെ കണ്ടെത്തി കേറ്ററിങ് സൗകര്യം വഴിയടക്കം വിവാഹത്തിനു ഭക്ഷണം എത്തിക്കുമെന്നു മുത്തച്ഛൻ രാഘവൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com