ADVERTISEMENT

പാലക്കാട് ∙ ‘എവിടെയും ദൈവത്തിന്റെ കരങ്ങളുണ്ട്. ഇല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ കഴിയില്ലായിരുന്നു’– ഇതു പറയുമ്പോഴും പാലക്കാട് വടക്കന്തറ ചൊക്കത്ത് വാസുദേവനും (67) കുടുംബത്തിനും കുവൈത്ത് യുദ്ധത്തിന്റെ നടുക്കിയ ഓർമകളാണു മനസ്സു നിറയെ.ഇറാഖിന്റെ കുവൈത്ത് ആക്രമണത്തിന് ഇന്ന് (ഓഗസ്റ്റ് 2ന് ) 30 വർഷം തികയുന്ന ദിനത്തിലും വാസുദേവന്റെ മനസ്സിൽ യുദ്ധസ്മൃതികൾ‍ക്കു നല്ല തെളിമ. ഇന്ത്യൻ സൈന്യത്തിൽ 10 വർഷം ജോലി ചെയ്ത വാസുദേവൻ 1988ൽ കുവൈത്തിൽ എത്തി. അവിടെ ഓയിൽ കമ്പനിയിൽ ജോലിയും അൽ അഹ്മദി എന്ന സ്ഥലത്തെ ക്വാർട്ടേഴ്സിൽ കുടുംബത്തോടൊപ്പമുള്ള ജീവിതവും. സമീപത്തു തന്നെ ഒരു ബന്ധുവും.

1990 ഓഗസ്റ്റ് രണ്ടിന് ഉറക്കത്തിനിടയിൽ ബന്ധുവാണ് ഇറാഖ് സൈന്യം കുവൈത്തിൽ എത്തിയെന്നറിയിച്ചത്. പുറത്തു വെടിയൊച്ചകൾ. പട്ടാള നീക്കം. 10 വർഷത്തെ സൈനിക ജീവിതത്തിനിടയിൽപോലും കണ്ടിട്ടില്ലാത്ത യുദ്ധസാഹചര്യം.രണ്ടു ദിവസത്തിനകം സൈന്യം നഗരം കൊള്ളയടിച്ചു. സ്കൂളുകളും ഓഫിസുകളും നിലച്ചു. ഇതിനിടെ രാത്രി ജോലിക്കു ഹാജരാകണമെന്ന് അധികൃതർ. വൈകിട്ട് ആറിന് ഓഫിസിലെത്തി. രാത്രി 9 മണിയോടെ ഷെല്ലുകൾ പതിക്കുന്ന ശബ്ദം. ഇതിനിടെ ഇറാഖ് സൈന്യം ഓഫിസിലുമെത്തി. രാത്രി ഭീതിയോടെ കഴിച്ചു കൂട്ടി. രാവിലെ വീട്ടിൽ നിന്നു ഭാര്യ സത്യഭാമയുടെ ഫോൺ, ഉടൻ വരാമെന്നു മറുപടി പറഞ്ഞു. ഇതിനിടെ പട്ടാളക്കാർ തന്നെയും മറ്റു ജീവനക്കാരെയും വീട്ടിലേക്കു വിട്ടു. അടുത്ത ദിവസം കുറച്ചു പട്ടാളക്കാരെത്തി വീണ്ടും കമ്പനിയിലേക്കു കൊണ്ടുപോയി. അങ്ങനെ 18 ദിവസം അവരുടെ കീഴിൽ ഭീതിയോടെ ജോലി ചെയ്തു.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കൾ രക്ഷപ്പെട്ടു. ഇറാഖി പട്ടാളക്കാർക്കൊപ്പമുള്ള നാളുകൾ ഇപ്പോഴും ഭയപ്പാടോടെയല്ലാതെ ഓർക്കാനാവില്ല വാസുദേവന്. ബന്ധുവിന്റെ കൂടി സഹായത്തോടെ 1990 സെപ്റ്റംബർ 22നു നാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു. ഓരോ വർഷവും ഓഗസ്റ്റ് 2 ആവുമ്പോൾ വാസുദേവന്റെ ഓർമകളിൽ ആ വെടിയൊച്ച മുഴങ്ങും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com