ADVERTISEMENT

പട്ടാമ്പി ∙ ശക്തമായ കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നഷ്ടങ്ങൾ. മരങ്ങൾ കട പുഴകി വീടുകൾക്ക് മേൽ വീണാണ് കൂടുതൽ നഷ്ടങ്ങൾ. തെങ്ങുകളും വാഴകളും കാറ്റിൽ ഒടിഞ്ഞും കർഷകർക്ക് നഷ്ടങ്ങളുണ്ടായി. മരച്ചില്ലകൾ വീടുകൾക്ക് മുകളിലേക്ക് വീണും വൈദ്യുത കാലുകളിലും കമ്പികളിലും വീണും നഷ്ടമുണ്ടായി. ചൊവ്വാഴ്ച രാത്രി വീശിയടിച്ച കാറ്റിലും കനത്ത മഴയിലുമാണ് നഷ്ടങ്ങൾ.

കൊള്ളനൂർ കരുവാരകാട്ടിൽ ഷാജിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയ നിലയിൽ.

രാത്രി നിലച്ച വൈദ്യുത ബന്ധം വൈകിട്ടാണ് പലയിടങ്ങളിലും പുന:സ്ഥാപിച്ചത് വൈദ്യുത ബന്ധം രാത്രി വൈകിയും പുനസ്ഥാപിക്കാത്ത പ്രദേശങ്ങളുമുണ്ട് താലൂക്കിൽ മരം വീണ് 83 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായി റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.

1.കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു തിരുവേഗപ്പുറ മാഞ്ഞാമ്പ്രയിൽ അബ്ദുവിന്റെ വീട് തകർന്ന നിലയിൽ. 2. കുലുക്കല്ലൂർ പഞ്ചായത്ത് 16ാം വാർഡിൽ മരം വീണു തകർന്ന ചെമ്മായിപ്പറമ്പ് മുഹമ്മദ്കുട്ടിയുടെ വീട്.

താലൂക്കിലെ പഞ്ചായത്തുകളിലെ കേടുപറ്റിയ വീടുകളുടെ എണ്ണം. കപ്പൂർ , 3 തൃത്താല 2, നാഗലശ്ശേരി 7, ചാലിശ്ശേരി 3, തിരുമിറ്റക്കോട് ഒന്ന് വില്ലേജ് 3, തിരുമിറ്റക്കോട് 2 വില്ലേജ് 7, പരുതൂർ 8, മുതുതല 23 വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും, പട്ടാമ്പി നഗരസഭ 2, തിരുവേഗപ്പുറ 4,വിളയൂർ 1, കുലുക്കല്ലുർ 2, കൊപ്പം 8, ഓങ്ങല്ലുർ 1, വല്ലപ്പുഴ 6. വില്ലേജ് ഓഫിസർമാർ നഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ച്  കണക്ക് തയാറാക്കി.

കൊപ്പം പഞ്ചായത്ത് മൂന്നാം വാർഡിൽ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന വടക്കേകര വേലായുധന്റെ വീട്.

മുതുതല

മുതുതല പഞ്ചായത്തിൽ 23 വീടുകൾക്ക് കേട് . മിക്ക പഞ്ചായത്തുകളിലും വൈദ്യുതി നിലച്ചു. വീടുകൾക്ക് മുകളിൽ മരങ്ങളും മരച്ചില്ലകളും വീണാണ് കേടുകളധികവും. വൈദ്യുത കാലുകൾ വീണും കാലുകൾക്കും കമ്പികൾക്കും മേൽ മരങ്ങളും മരച്ചില്ലകളും വീണുമാണ് വൈദ്യുതി ബന്ധം തകരാറിലായത്.

കെഎസ്ഇബി പട്ടാമ്പി സെക്‌ഷന് കീഴിൽ ശങ്കരമംഗലത്തും, കൂമ്പൻകല്ലിലും, വടക്കുമുറിയിലും, തറ, ആലിക്കപ്പറമ്പ് പ്രദേശങ്ങളിലും കിഴായൂർ നമ്പ്രത്തുമായ് 8 വൈദ്യുത കാലുകൾ വീണു. പലയിടങ്ങളിലും വൈകുന്നരത്തോടെയാണ് വൈദ്യുതി എത്തിയത്. . രാത്രി വൈകിയും കെഎസ്ഇബി ജീവനക്കാർ ജോലിയിലാണ്. പട്ടാമ്പിയിൽ രണ്ട് വീടുകളും ഓങ്ങല്ലൂരിൽ ഒരു വീടും വല്ലപ്പുഴയിൽ 6 വീടും കാറ്റിൽ മരം വീണ് കേടായി.

കൊപ്പം

∙ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാറ്റിലും മഴയിലും കൊപ്പം മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ . കൊപ്പം പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കേകര വേലായുധന്റെ തൊഴുത്തിനു മുകളിലേക്ക് മരം വീണു തൊഴുത്ത് തകർന്ന് ഗർഭിണിയായ പശു ചത്തു. പുലർച്ചെ മുന്നോടെയുണ്ടായ കനത്ത കാറ്റിലാണ് തൊഴുത്തിനു സമീപത്തെ മരം കടപുഴകി വീണത്.

ഒന്നാം വാർഡ് പുലാശ്ശേരി മൂച്ചിക്കൂട്ടത്തിൽ ചന്ദ്രൻ, മൂന്നാം വാർഡ് മേൽമുറി കുന്നുമ്മൽതൊടി ലക്ഷ്മി, ഒൻപതാം വാർഡ് കിഴക്കേകര അയ്യപ്പൻകാവിൽ അബ്ദുല്ലക്കുട്ടി, 12ാം വാർഡ് തൃത്താല കൊപ്പം കല്ലിങ്ങൽ മൊയ്തീൻ, 15ാം വാർഡ് പടനായകത്ത് ഉണ്ണി എന്നിവരുടെ വീടുകൾ മരവും തെങ്ങും വീണു തകർന്നു. തിരുവേഗപ്പുറ പഞ്ചായത്ത് മാഞ്ഞാമ്പ്രതേക്ക് വീണു അബ്ദുവിന്റെ വീടിന്റെ അടുക്കള തകർന്നു.

കുലുക്കല്ലൂർ പഞ്ചായത്തിൽ രണ്ടു വീടുകൾക്കാണ് കേട് പറ്റിയത്.  ആറാം വാർഡ് ചരലിപ്പറമ്പിൽ സുബ്രഹ്മണ്യൻ, 16ാം വാർഡ് ചെമ്മായിപ്പറമ്പ് മുഹമ്മദ്കുട്ടി എന്നിവരുടെ ഓട് മേഞ്ഞ വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. വിളയൂർ പഞ്ചായത്തിൽ കാര്യമായ നാശനഷ്ടങ്ങളില്ല. നാലു പഞ്ചായത്തുകളിലും മരങ്ങൾ വീണു വൈദ്യുതത്തൂണുകളും കമ്പികളും പൊട്ടി വീണതിനെ തുടർന്ന് പുലർച്ചെ മുതൽ മുടങ്ങിയ വൈദ്യുതി വിതരണം വൈകിട്ടോടെയാണ് പുനസ്ഥാപിച്ചത്. വാഴ, കവുങ്ങ്, തെങ്ങ് കൃഷികൾക്കും നാശം സംഭവിച്ചു. 

തൃത്താല 

∙മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശം. ഒട്ടേറെ മരങ്ങൾ കടപുഴകിയും പൊട്ടിയും വീണു.  മരം വീണ്  മുപ്പതോളം വൈദ്യുത കാലുകൾ ഒടിഞ്ഞതോടെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പട്ടിത്തറ, ചിറ്റപ്പുറം ഭാഗങ്ങളിൽ കാറ്റിൽ വാഴക്കുലകളും ഒടിഞ്ഞു വീണു. കാർഷിക വിഭവങ്ങൾക്കും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം അർധ രാത്രിയായിരുന്നു ശക്തമായ കാറ്റ് വീശിയത്.

തൃത്താല, പട്ടിത്തറ, ആലൂർ, കക്കാട്ടിരി, കാശാമുക്ക്, മുടവന്നൂർ, കണ്ണനൂർ, പരുതൂർ, ചിറങ്കര, കരിയന്നൂർ എന്നിവിടങ്ങളിലാണ് മരം വീണ് വൈദ്യുത കാലുകൾ തകർന്നത്.  തൃത്താല മുടവന്നൂർ റോഡിൽ മരം വീണതിനെ തുടർന്ന് വാഹന ഗതാഗതം കുറച്ചു സമയം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി.  തൃത്താല, പട്ടിത്തറ, പരുതൂർ പഞ്ചായത്തുകളിൽ മരം വീണ് ഒട്ടേറെ വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. കനത്തമഴയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.

കെഎസ്ഇബി

കുമരനല്ലൂർ ∙ ശക്തമായ കാറ്റ് വൈദ്യുതി വകുപ്പിന് കനത്ത നഷ്ടം . പടിഞ്ഞാറങ്ങാട‌ി, കുമ്പിടി വൈദ്യുതി സെക്‌ഷനുകൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.  25 ലധികം എൽടി പോസ്റ്റുകൾ തകർന്നു. 50 സ്ഥലത്ത് വൈദ്യുതി ലൈനുകളും പൊട്ടി വീണു. മരം കടപുഴകി വീണും കൊമ്പുകൾ ഒടിഞ്ഞ് വീണുമായിരുന്നു നാശം സംഭവിച്ചത്. പരിമിത മായ ജീവനക്കാരെ വെച്ച് കഠിന പ്രയത്നം ചെയ്താണ് പലയിടത്തും വൈദ്യുതി ബന്ധം വൈകുന്നേരത്തോടെ പുനഃസ്ഥാപിച്ചത്.

കപ്പൂർ വട്ടകുന്ന്,  കൊള്ളനൂർ ഭാഗത്താണ് കൂടുതൽ വൈദ്യുതി കാലുകൾ തകർന്നത്. പടിഞ്ഞാറങ്ങാടി സെക്‌ഷനിൽ മാത്രം 20 വൈദ്യുതി കാലുകൾ കാറ്റിൽ പൊട്ടിവീണു.  പലയിടത്തും വീടുകൾക്കും കാറ്റിൽ കേട് സംഭവിച്ചിട്ടുണ്ട്. കപ്പൂർ മക്കാട് കോളനിയിലെ കുമ്പാരൻതെരുവിൽ ഉണ്ണിക്കൃഷ്ണൻ, കൊള്ളനൂർ കരുവാരകാട്ടിൽ ഷാജി എന്നിവരുടെ വീടാണ് തകർന്നത്. കുമ്പിടി പെരുമ്പലത്ത് ഇടപ്പവളപ്പിൽ സരോജിനിയുടെ വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com