ADVERTISEMENT

വണ്ടിത്താവളം ∙ ഗേറ്റ് പരീക്ഷയിൽ മുൻപന്തിയിലെത്തി അട്ടപ്പാടിയിൽനിന്ന് ആദ്യമായി ഒരു വിദ്യാർഥി പാലക്കാട് ഐഐടിയിൽ എംടെക്കിനു പ്രവേശനം നേടിയിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള കുട്ടികൾക്കു പോലും ഉയർന്ന സ്കോർ നേടാൻ പ്രയാസമുള്ള ഗേറ്റ് പരീക്ഷ ആദിവാസി വിഭാഗത്തിൽപെട്ട എം.കൃഷ്ണദാസ് എളുപ്പത്തിൽ എത്തിപ്പിടിച്ചതിനുപിന്നിൽ ഒരാളുണ്ട്. വണ്ടിത്താവളം കെകെഎം എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ കെ.വിജയശേഖരൻ. 

അട്ടപ്പാടി കോട്ടത്തറ കൽക്കണ്ടിയൂരിലെ മാക്കുലൻ– സാവിത്രി ദമ്പതികളുടെ മൂത്ത മകൻ കൃഷ്ണദാസ് അഞ്ചാം ക്ലാസ് മുതലാണു പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചുപഠിക്കാനെത്തിയത്. ഒന്നു മുതൽ 4 വരെ മുള്ളിയിൽ ഹോസ്റ്റലിൽനിന്നു പഠിച്ചതിനു ശേഷം ചിണ്ടക്കി ഹോസ്റ്റലിൽ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട് അവിടുത്തെ ട്രൈബൽ ഓഫിസറുടെ നിർദേശപ്രകാരമാണു പട്ടഞ്ചേരി ഹോസ്റ്റലിൽ എത്തുന്നതും 5 മുതൽ 10 വരെ പട്ടഞ്ചേരി ഗവ.ഹൈസ്കൂളിൽ ചേർന്നു പഠിക്കുന്നതും.

ഹോസ്റ്റലിലെ കുട്ടികൾക്കു പ്രത്യേക കോച്ചിങ് നടത്തുന്ന സമയത്തു വിജയശേഖരനാണു കൃഷ്ണദാസിന്റെ മിടുക്ക് കണ്ടെത്തിയത്. കൃഷ്ണദാസിനു കണക്കിലുള്ള പ്രത്യേക താൽപര്യം അറിഞ്ഞതോടെ കണക്കിലും ഇംഗ്ലിഷിലും പ്രത്യേക കോച്ചിങ് നൽകുകയായിരുന്നു. വണ്ടിത്താവളം കെകെഎം എച്ച്എസ്എസിലായിരുന്നു പ്ലസ്ടു. പിന്നീട് എൻട്രൻസ് എഴുതി അകത്തേത്തറ എൻജിനീയറിങ് കോളജിൽ പ്രവേശനം നേടി.

എൻജിനീയറിങ് പാസായതോടെ കൃഷ്ണദാസിനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ച് വിജയശേഖരൻ മാഷ് തുടർ പരിശീലനം നൽകി. ആദ്യ ശ്രമത്തിൽ തന്നെ ഗേറ്റ് പാസായി കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയെങ്കിലും പാലക്കാട് തന്റെ കൺവെട്ടത്തു തന്നെ നിർത്തി പഠിപ്പിക്കണമെന്ന് വിജയശേഖരനു നിർബന്ധമുണ്ടായിരുന്നതുകൊണ്ടാണ് രണ്ടാമതും പരീക്ഷ എഴുതി സ്കോർ മെച്ചപ്പെടുത്തി പാലക്കാട് ഐഐടിയിൽ എംടെക്കിനു പ്രവേശനം നേടിയിരിക്കുന്നത്.

എങ്കിലും ഉയർന്ന സ്കോർ നേടാൻ വീണ്ടും ഗേറ്റ് എഴുതാനുള്ള തയാറെടുപ്പിലാണു അട്ടപ്പാടിയുടെ ഇൗ ടോപ് സ്കോറർ. സ്വന്തം മകൻ സിവിക്കു നൽകുന്നതിനേക്കാൾ പരിഗണനയും കരുതലും തനിക്കു വിജയശേഖരൻ മാഷ് നൽകുന്നുണ്ടെന്നു പറയുമ്പോൾ കൃഷ്ണദാസിന്റെ കണ്ണു നിറഞ്ഞു. തന്നെപ്പോലെ ഒട്ടേറെ ഹതഭാഗ്യരെ കണ്ടെത്തി ഉന്നത വിജയം നേടാൻ പ്രാപ്തനാക്കിയ പ്രിയ ഗുരുനാഥനോടുള്ള കടപ്പാടു തീർക്കാൻ കൂടുതൽ തിളക്കമാർന്ന വിജയങ്ങൾക്കായി പരിശ്രമിക്കുകയാണു കൃഷ്ണദാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com