ADVERTISEMENT

പാലക്കാട് ∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങളുടെ അമിത വേഗത്തിനു മോട്ടർ വാഹന വകുപ്പ് ഒന്നര വർഷത്തിനിടെ പിഴ ഇനത്തിൽ ഈടാക്കിയത് 11 കോടി രൂപ! നിയമലംഘനത്തിനു പിഴ അടയ്ക്കാതെ മുങ്ങി നടക്കുന്ന ഇതര സംസ്ഥാന വാഹനങ്ങളടക്കം 70,000 വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇനി മുതൽ അമിത വേഗത്തിൽ ഓടിക്കുന്ന ബൈക്കുകൾക്കും പിഴ ഈടാക്കും. നിയമലംഘനം കണ്ടെത്താനായി ജില്ലയിൽ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളും സ്ഥാപിക്കും.

ദേശീയപാതയിൽ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ 2019 ഏപ്രിലിലാണു സ്പീഡ് ഡിറ്റക്ടറ്റീവ് ക്യാമറകൾ പ്രവർത്തനം തുടങ്ങിയത്. ഇതുവരെ അമിത വേഗത്തിന് 2,22,658 കേസുകൾ റജിസ്റ്റർ ചെയ്തു. വാളയാർ മുതൽ വടക്കഞ്ചേരി വരെ ഇരുവശത്തുമായി 37 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ ഡ്രൈവറുടെ ചിത്രമടക്കം ക്യാമറയിൽ പതിയും. വടക്കാഞ്ചേരി ഭാഗത്തേക്ക് 19 ക്യാമറകളും വാളയാർ ഭാഗത്തേക്ക് 18 ക്യാമറകളും ഉണ്ട്. എത്ര ക്യാമറകളിൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നുവോ അത്രയും പിഴയും നൽകണം. ഒരു പ്രാവശ്യം കാറിന് 1500 രൂപയാണു പിഴ. മീഡിയം മോട്ടർ വാഹനങ്ങൾക്ക് 3000 രൂപയും.

കാർ അടക്കമുള്ള ചെറു വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററും ബൈക്കുകൾക്ക് 85ഉം ആണ്. ഇതുവരെ നിയമലംഘനം നടത്തിയ 2,49,707 സംഭവങ്ങളിൽ വകുപ്പ് നോട്ടിസ് നൽകി. ഇതിൽ 70,000 വാഹനങ്ങളുടെ ഉടമകൾ ഇതുവരെ പിഴ നൽകിയിട്ടില്ല. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നു ചുമതലയുള്ള കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ അനൂപ് വർക്കി, പാലക്കാട് ആർടിഒ പി. ശിവകുമാർ എന്നിവർ പറഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് ആർടിഒ ഓഫിസുമായി ബന്ധപ്പെട്ടു എന്തെങ്കിലും സേവനം ആവശ്യമായി വരുമ്പോൾ പിഴ അടയ്ക്കേണ്ടിവരും. ദേശീയ പാതകളിലെ അമിത വേഗം അടക്കമുള്ള നിയമലംഘന കണ്ടെത്താൻ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളും സ്ഥാപിക്കും.

ക്യാമറകളുടെ പ്രവർത്തനം വിലയിരുത്തി

പാലക്കാട് ∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിലെ അമിത വേഗം കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി. പാലക്കാടിന്റെ ചുമതല വഹിക്കുന്ന കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ അനൂപ് വർക്കി, പാലക്കാട് ആർടിഒ പി. ശിവകുമാർ, എൻഫോഴ്സ്മെന്റ് ആർടിഒ വി.എ. സഹദേവൻ എന്നിവരും കെൽട്രോൺ ഉദ്യോഗസ്ഥരും ചേർന്നാണു പരിശോധന നടത്തിയത്. ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാതയ്ക്കു സമീപത്തെ ജനങ്ങൾ ഗതാഗത നിയമം പാലിക്കണമെന്നും നിയമങ്ങളെക്കുറിച്ചു കുറച്ചുകൂടി ബോധവാന്മാരാകണമെന്നും പിഴ എല്ലാവർക്കും ഒരു പോലെയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com