ADVERTISEMENT

ചിറ്റൂർ∙ സംഭരിച്ച പച്ചക്കറിക്ക് ഒരാഴ്ചയ്ക്കുള്ളിൽ പണം കർഷകരിലെത്തും എന്നായിരുന്നു ഹോർട്ടികോർപിന്റെ വാക്ക്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംഭരിച്ച പച്ചക്കറിയുടെ പണം കിട്ടാതെ കഷ്ടപ്പെടുകയാണു കർഷകർ. കോവിഡ് പ്രതിസന്ധിക്കിടയിലും ഈമട്ടിൽ അധികൃതർ ചെയ്തതു കടുംകൈയായെന്നാണു കർഷകരുടെ പക്ഷം. എരുത്തേമ്പതി പഞ്ചായത്തിൽ മാത്രം അൻപതോളം കർഷകർക്ക് 3 മാസത്തിലേറെയായി ഹോർട്ടികോർപ് സംഭരിച്ചതിന്റെ തുക ലഭിച്ചിട്ടില്ല.

സംസ്ഥാനത്തുതന്നെ ‌ഏറ്റവുമധികം പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശമാണ് ജില്ലയുടെ കിഴക്കൻ മേഖലയായ വടകരപ്പതി, എരുത്തേമ്പതി, കൊഴി‍ഞ്ഞാമ്പാറ, പെരുമാട്ടി, എലപ്പുള്ളി പഞ്ചായത്തുകൾ. ഇവിടെ 50 ശതമാനത്തിലേറെ പച്ചക്കറി കർഷകരാണ്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ വിലയും വിപണിയുമില്ലായിരുന്നു. കൃഷി ഉഴുതുമറിക്കുക പോലും ചെയ്തു. വായ്പയെടുത്തതു തിരിച്ചടയ്ക്കാൻ പോലും വഴിയില്ലാത്ത കർഷകരോടാണു കാശ് കൊടുക്കാതെയുള്ള ഹോർട്ടികോർപിന്റെ സമീപനം.

വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥർ; വില മാത്രം കിട്ടുന്നില്ല

ഹോർട്ടികോർപ് മുഖേന സംഭരിച്ച പച്ചക്കറിയുടെ ബില്ലുകൾ ഒപ്പിട്ട് അതത് കൃഷിഭവനുകളിലേക്ക് അയച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ കാലതാമസമായിരിക്കാം നിലവിലെ പ്രതിസന്ധിക്കു കാരണം, ജില്ലാ മാനേജർ എസ്.അനസ് പറഞ്ഞു.

ഹോർട്ടികോർപിൽ നിന്നു ലഭിച്ച ബില്ലുകൾ അതത് കർഷകരുടെ പേരിൽ തരംതിരിച്ച് യഥാസമയം തന്നെ പ്രിൻസിപ്പൽ കൃഷി ഓഫിസിലേക്ക് അ‌യച്ചിട്ടുണ്ടെന്ന് കൃഷിഭവൻ അധികൃതരും പറയുന്നു. അതേസമയം ലഭിച്ച ബില്ലുകൾ മുഴുവൻ പരിശോധിച്ച് ട്രഷറിയിലേക്ക് നൽകിയിട്ടുണ്ടെന്നാണ് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ 3 മാസത്തിലേറെയായി കർഷകർക്ക് പച്ചക്കറിയുടെ വില കിട്ടാത്തതിന്റെ കാരണം മാത്രം ആർക്കും അറിയില്ല.

കർഷകർക്ക് നേരിട്ട് തുക നൽകണം

കൃഷിഭവൻ മുഖേനയാണ് ഹോർട്ടികോർപ് പച്ചക്കറി സംഭരിക്കു‌ന്നത്. കൃഷിഭവൻ നൽകുന്ന ബില്ലുകൾ ഹോർട്ടികോർപ് അധികൃതർ പരിശോധിച്ച് അതത് കൃഷിഭവനുകൾ മുഖേന തന്നെ കർഷകർക്ക് നേരിട്ട് തുക നൽകുകയാണു വേണ്ടത്. അതിനുള്ള നടപടി സ്വീകരിച്ചാൽ ഈ കാലതാമസം ഒഴിവാക്കാം. അതോടെ, സ്വകാര്യ വിപണിയെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകും, കർഷകർ പറയുന്നു.

വില കിട്ടാതെ കർഷകർ  വേലന്താവളത്തേക്ക്

ഹോർ‌ട്ടികോർപ് കർഷകരിൽ നിന്നു പച്ചക്കറി സംഭരിക്കുന്നതിനാൽ സ്വകാര്യ വിപണിയിൽ പച്ചക്കറിക്ക് ആവശ്യക്കാർ മോശമല്ലാത്ത വില നൽകാൻ നിർബന്ധിതരാകുന്നു. ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറിയുടെ വില കിട്ടാൻ വൈകുന്നതിനാൽ ചെറുകിട കർഷകർക്ക് സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ടിവരുന്നു. വില കിട്ടാനുള്ള കാലതാമസം കൊണ്ട് മാത്രം വടകരപ്പതി പഞ്ചായത്തിലെ ഭൂരിഭാഗം കർഷകരും ഹോർട്ടികോർപിനെ ഒഴിവാക്കി വേലന്താവളം മൊത്ത വിപണിയിലാണ് പച്ചക്കറി നൽകുന്നത്. നാലോ അഞ്ചോ രൂപ കുറഞ്ഞാലും പണം തൽസമയം കിട്ടുമെന്നതിനാലാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com