ADVERTISEMENT

നെന്മാറ∙ നീറ്റ് പരീക്ഷയിൽ 706 മാർക്കോടെ സംസ്ഥാനത്തു രണ്ടാം റാങ്ക് നേടിയ വിവരമറിഞ്ഞ് ഇന്നലെ അഭിനന്ദിക്കാനെത്തിയവരുടെ തിരക്കിലായിരുന്നു ലുലുവിന്റെ കുടുംബം. കഷ്ടപ്പാടുകൾക്കു നടുവിലാണെങ്കിലും ഉമ്മയുടെ തണലിൽ നേട്ടങ്ങൾ കൊയ്യുകയാണ് ലുലു. ഇടത്തരം കർഷക കുടുംബമായ അടിപ്പെരണ്ടത്തറ കെ.എ.കെ മൻസിലിൽ പരേതനായ അബ്ദുൽഖാദർ ഹാജിയുടെയും മെഹറുന്നീസയുടെയും ഇളയ മകളാണ് ലുലു. 

കരിമ്പാറ എംഇഎസ് പബ്ലിക് ട്രസ്റ്റ് സ്കൂളിൽ എൽകെജി മുതൽ പഠനത്തിൽ മികവു തെളിയിച്ച ലുലു എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടി. നെന്മാറ ഗവ. സ്കൂളിൽ നിന്നു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും (1200) നേടി. പഠനത്തോടൊപ്പം നാഷനൽ സർവീസ് സ്കീമിലും അംഗമായിരുന്ന ലുലു, ഹിന്ദി കഥ, കവിതാ രചന മത്സരങ്ങളിൽ സംസ്ഥാന തലത്തിലും പങ്കെടുത്തിട്ടുണ്ട്.

പ്ലസ്ടുവിലെ മികവ് കണക്കിലെടുത്ത് നീറ്റ് പ്രവേശന പരീക്ഷാ പരിശീലനത്തിനു പാലായിലെ കോളജിൽ ഫീസ് സൗജന്യമായിരുന്നു. ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയിൽ 96 ശതമാനം മാർക്ക്‌ നേടി. സംസ്ഥാന പ്രവേശന പരീക്ഷയായ കീമിൽ 1102 ാം റാങ്കും ഫാർമസി പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ 72ാം റാങ്കും നേടിയിരുന്നു. നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 22ാം റാങ്കാണെങ്കിലും ഒബിസി വിഭാഗത്തിൽ മൂന്നാം റാങ്കുണ്ട്.

11 വർഷം മുൻപ് ലുലുവിന്റ വാപ്പ മരിച്ചതോടെ മൂന്നു പെൺമക്കളുടെയും പഠനകാര്യങ്ങളിലെ ചുമതല ഉമ്മ ഏറ്റെടുക്കുകയായിരുന്നു. ബി.ടെക് പൂർത്തിയാക്കിയ ഒരു മകൾ എറണാകുളത്തെ സ്വകാര്യ കമ്പനിയിലാണ്. മറ്റൊരു മകളും ബി.ടെക് ബിരുദധാരിയാണ്. മദ്രസ വിദ്യാഭ്യാസത്തിൽ പ്ലസ്ടു പൂർത്തിയാക്കിയ ലുലു പൊതു പരീക്ഷകളിൽ സംസ്ഥാന തലത്തിൽ എട്ടാം റാങ്കും നേടിയിട്ടുണ്ട്.

രമ്യ ഹരിദാസ് എംപി, കെ.ബാബു എംഎൽഎ, അയിലൂർ പഞ്ചായത്ത് അധ്യക്ഷൻ കെ. സുകുമാരൻ, കെഎസ്‌യു ജില്ലാ കമ്മിറ്റി, മുസ്‌ലിം ലീഗ് കമ്മിറ്റി തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്കാരിക കമ്മിറ്റി പ്രവർത്തകരും മുൻ അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും അഭിനന്ദനവുമായി എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com