ADVERTISEMENT

പാലക്കാട് ∙ ചെല്ലങ്കാവ് കേ‍ാളനിയിൽ മരിച്ച ശിവന്റെ പേ‍ാസ്റ്റ്മേ‍ാർട്ടത്തിൽ നിന്ന് അകത്തുചെന്ന ദ്രാവകം എന്താണെന്നതു സംബന്ധിച്ചു കൃത്യമായ നിഗമനത്തിൽ എത്താനായിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം. കുടുതൽ അളവിൽ ദ്രാവകം ഉള്ളിൽ ചെന്നിട്ടുണ്ട്. രാസപരിശേ‍ാധനയിൽ മാത്രമേ അത് എന്താണെന്നു ശാസ്ത്രീയമായി വ്യക്തമാകൂ. സാംപിൾ പ്രത്യേക ദൂതൻ മുഖേന ലാബിലേക്ക് അയയ്ക്കും. അടുത്ത ദിവസം തന്നെ ഫലം ലഭിക്കുന്ന വിധത്തിലാണു നടപടി. കഴിച്ച വസ്തുവിന്റെ ഉറവിടം കണ്ടെത്താൻ ശക്തമായ അന്വേഷണം നടക്കുകയാണ്.

ദ്രാവകത്തിൽ പുറത്തു നിന്നു തന്നെ എന്തെങ്കിലും വസ്തുക്കൾ കലർത്തിയിട്ടുണ്ടേ‍ാ, ഊരിൽ എത്തിച്ച ശേഷം കലർത്തിയതാണോ എന്നു കണ്ടെത്തണം. പുറത്തു നിന്നു കലർത്തിയതാണെങ്കിൽ മറ്റു പലരും അത് ഉപയേ‍ാഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.ജില്ലാ ആശുപത്രിയിൽ ഒരാളുടെനില ഉച്ചയേ‍ാടെ കൂടുതൽ ഗുരുതരമായിട്ടുണ്ട്. 3 കേസായാണ് ഇപ്പേ‍ാൾ അന്വേഷിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതു പരിഗണനയിലാണ്. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം, എഎസ്പി സി. വിഷ്ണുപ്രദീപ്, ഡിവൈഎസ്പിമാരായ എസ്. ശശികുമാർ, എൻ. കൃഷ്ണൻ, സിഐമാരായ കെ.സി. വിനു, എൻ.എസ്. രാജീവ്, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഷാജി എസ്. രാജൻ എന്നിവർ സംഭവസ്ഥലത്തെത്തി.അന്വേഷണത്തിന് മേൽനേ‍ാട്ടം വഹിക്കാൻ എക്സൈസ് ജേ‍ായിന്റ് കമ്മിഷണർ കെ.സുരേഷ്ബാബു പാലക്കാട്ടെത്തി. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന യേ‍ാഗത്തിൽ സ്ഥിതിഗതികളും അന്വേഷണപുരേ‍ാഗതിയും വിലയിരുത്തി.

കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അയ്യപ്പനെ സംസ്കരിച്ച സ്ഥലത്തു ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പരിശോധന നടത്തുന്നു.        ചിത്രം: മനോരമ
കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അയ്യപ്പനെ സംസ്കരിച്ച സ്ഥലത്തു ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പരിശോധന നടത്തുന്നു. ചിത്രം: മനോരമ

വാറ്റുകേന്ദ്രങ്ങൾ സജീവം

അട്ടപ്പാടി വനമേഖലയിലെ വാറ്റുകേന്ദ്രങ്ങളിലൊന്നിൽ നിന്നുള്ള ദൃശ്യം.

അഗളി∙ കഞ്ചിക്കോട്ടെ ആദിവാസി കോളനിയിൽ മദ്യം കഴിച്ച് 5 പേർ മരിച്ചത് അട്ടപ്പാടിയെ പേടിപ്പിക്കുന്നു. മദ്യ വിൽപനയ്ക്കു നിയന്ത്രണങ്ങളുള്ള അട്ടപ്പാടിയിൽ വനമേഖലയിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാണ്. പുതൂർ പഞ്ചായത്തിലെ വനത്തോടു ചേർന്ന പ്രദേശങ്ങളിലാണു ചാരായനിർമാണ കേന്ദ്രങ്ങൾ ഭൂരിഭാഗവും. ആദിവാസി ഊരുകളുടെ പരിസരങ്ങളിൽ നാടൻ ചാരായം സുലഭമാണ്. മിക്കയിടത്തും ‍500 രൂപയ്ക്ക് ഒരു ലീറ്റർ നാടൻ ചാരായം ലഭിക്കും. മുള്ളി പരിസരത്തും പാലൂർ മേഖലയിലും ചാരായ നിർമാണവും വിപണനവും സജീവമാണ്.

മണ്ണാർക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും സർക്കാർ മദ്യവും അനധികൃതമായി വിൽപനയ്ക്കെത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ചെക്പോസ്റ്റുകളിൽ യാത്രാനിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തിയതോടെയാണ് ഉൾപ്രദേശങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ സജീവമായത്. എക്സൈസും പൊലീസും പരിശോധനകൾ തുടരുന്നുണ്ടെങ്കിലും വാറ്റിനും വിൽപനയ്ക്കും ഉപയോഗത്തിനും കുറവില്ല.

ഉത്തരമറിയാതെ ചെല്ലങ്കാവ് കോളനി

കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അയ്യപ്പന്റെ വീടിനു സമീപം കൂടിനിൽക്കുന്ന നാട്ടുകാർ.     ചിത്രം: മനോരമ
കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അയ്യപ്പന്റെ വീടിനു സമീപം കൂടിനിൽക്കുന്ന നാട്ടുകാർ. ചിത്രം: മനോരമ

പുതുശ്ശേരി ∙ വാളയാർ മലനിരകൾക്കു താഴെ, വനമേഖലയോടു ചേർന്നുള്ള ചെല്ലങ്കാവ് ആദിവാസി കോളനിയിൽ ഇപ്പോൾ ഭീതിയുടെ അടക്കംപറച്ചിലാണ്. ആദ്യ മരണത്തിന്റെ കാരണം മനസ്സിലാകാതിരുന്നതിനാൽ പൊലീസിനെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളെയും ഇവർ വിവരം അറിയിക്കാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നു കരുതുന്നു. അമിതമായി മദ്യം കഴിച്ചാലുണ്ടായേക്കാവുന്ന അബോധാവസ്ഥ മാത്രമാണെന്നാണു കരുതിയിരുന്നത്.

എന്നാൽ മണിക്കൂറുകൾക്കിടെ രണ്ടു പേർ മരിച്ചതോടെ പലരും ഭീതിയിലായി. എങ്കിലും ഇരുവരുടെയും സംസ്കാരം പൊലീസിനെയോ മറ്റു ബന്ധപ്പെട്ടവരെയോ അറിയിക്കാതെ നടത്തി.ഇതിനിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണു മദ്യപിച്ചവരിൽ ഭൂരിഭാഗം പേരും ചികിത്സ തേടിയത്. അപ്പോഴും എന്തു മദ്യമാണു കഴിച്ചത് എന്നതിൽ ഇവർക്കാർക്കും വ്യക്തതയുണ്ടായിരുന്നില്ലെന്ന് ഊരുമൂപ്പൻ വിശ്വനാഥൻ പറയുന്നു.

ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി വിവരങ്ങൾ തേടിയെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ ഊരുനിവാസികൾക്ക് കഴിഞ്ഞില്ല. കോളനിയിൽ ആകെ 23 വീടുകളിലായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 76 പേരാണു താമസം. കോളനിയിലുള്ളവർ എല്ലാം ഇരുളർ വിഭാഗക്കാരാണ്. കാലിവളർത്തൽ, വനത്തിൽ നിന്നു മരുന്നിനായി പച്ചില ശേഖരിക്കൽ, കൃഷി എന്നിവയാണ് ഇവരുടെ ഉപജീവനമാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com