ADVERTISEMENT

പനമ്പട്ട മേഞ്ഞ മേൽക്കൂരയിലൂടെ നോക്കിയാൽ മാനം കാണാം. ഇതാണവരുടെ വീട്. പുറത്തു കൂട്ടിയ അടുപ്പുകളിൽ അരി തിളയ്ക്കുന്നു. വിശപ്പോടെ അതിനു ചുറ്റും കുട്ടികളുണ്ട്. ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മരിച്ച 5 പേരുടെയും വീടുകളും പരിസരവും ഇങ്ങനെയാണ്. ചെല്ലങ്കാവിൽ 27 കുടുംബങ്ങളിൽ 10 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നത് ഓലപ്പുരയിലാണ്. ഇത് ഈ കോളനിയുടെ മാത്രം കാര്യമല്ല.

പോഷകാഹാരക്കുറവ്, ശിശുമരണം, മദ്യപാനം, വിദ്യാഭ്യാസ സൗകര്യക്കുറവ് , ഇവയെല്ലാം ആദിവാസി കോളനികളിലെ പതിവു കാഴ്ചയാണ്. അധികാരികൾ പല പദ്ധതികളുടെയും പേരു പറയുന്നുണ്ട്. ഒഴുക്കിയ പണത്തിന്റെ കണക്കു നിരത്തുന്നുണ്ട്. ഇതെല്ലാം എത്തിയിരുന്നെങ്കിൽ ഊരുകൾ സ്വർഗതുല്യമായേനെ. ഫണ്ടുകളുടെ ചോർച്ചയും നടപ്പാക്കുന്നതിലെ ജാഗ്രതക്കുറവും തന്നെയാണു പ്രധാന പ്രശ്നം.

കോവിഡ്  പട്ടിണിയിലാക്കിയ കുട്ടികൾ

വീടുകളിലെ സൗകര്യക്കുറവു കാരണം ഊരിലെ കുട്ടികളിൽ പലരും സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചാണു പഠിക്കുന്നത്. അവിടെയാകുമ്പോൾ സമയത്തു ഭക്ഷണവും നല്ല വസ്ത്രങ്ങളും കിട്ടും. അവധിക്കാലങ്ങളിൽ മാത്രമാണ് ഇവരിൽ പലരും വീടുകളിലെത്താറുള്ളു. അവധിക്കാലം ഹോസ്റ്റലുകൾ അടച്ചിടുമ്പോൾ പട്ടിണിയാകും. കോവിഡിനെത്തുടർന്ന് ഹോസ്റ്റലുകൾ അടച്ചതോടെ ഈ പ്രയാസം ശരിക്കും അനുഭവിച്ചു. ഓൺലൈൻ പഠനമെന്നു പറയുമ്പോഴും അതിനുള്ള സാഹചര്യം ഇല്ല. പലപ്പോഴും കുട്ടികൾ തന്നെ ചെറിയ കൂലിപ്പണിക്കു പോയാണ് സ്വന്തം കാര്യങ്ങൾ നടത്തുക.

ചെല്ലങ്കാവ് ആദിവാസി കോളനിയിലെ ഒറ്റമുറി വീടിന്റെ ഉൾവശം.
ചെല്ലങ്കാവ് ആദിവാസി കോളനിയിലെ ഒറ്റമുറി വീടിന്റെ ഉൾവശം.

തൊഴിലും കൂലിയുമില്ലാത്തവർ

കോളനികളിൽ പലർക്കും സ്ഥിരവരുമാനമില്ല. ചെല്ലങ്കാവിലെ ഇരുളർ വിഭാഗത്തിലുള്ളവർവർക്കു പച്ചില ശേഖരിക്കലും കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന ഉപജീവന മാർഗം. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും ദുരിതം വിതച്ചു തുടങ്ങിയതോടെ കാലക്രമേണ പലരും കൃഷി ഉപേക്ഷിച്ചു. നഷ്ടം വന്നതോടെ കാലിവളർത്തലും നിന്നു. ഇതോടെ ഊരിലുള്ളവർ പല പണികളിലേക്കു തിരിഞ്ഞു. ഇന്ന് ഊരിലുള്ള എല്ലാവരും കൂലിപ്പണിക്കാരാണ്. ഊരുമൂപ്പനും മറ്റൊരാളും മാത്രമാണ് താൽകാലിക വാച്ചർമാരായി ഉള്ളത്.

കൊല്ലുന്ന ലഹരി

ലഹരി തന്നെയാണ് കോളനിയുടെ ശാപം. പുകയില മുതൽ മദ്യം വരെ ലഹരി കിട്ടുന്ന എന്തും ഉപയോഗിക്കാവുന്ന അവസ്ഥയിലായി പലരും. എക്സൈസിന്റെ വിമുക്തി പോലെയുള്ള പദ്ധതികളുണ്ടെങ്കിലും അതിന്റെ ഗുണമൊന്നും ലഭിച്ചിട്ടില്ല. പല ഊരുകളിലും വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പട്ടികവർഗവികസന വകുപ്പിൽ ഫണ്ടിനു കുറവില്ല. ജില്ലാ പട്ടികവർഗ ഓഫിസർ മുതൽ ട്രൈബൽ പ്രമോട്ടർ വരെ ആദിവാസി സേവനത്തിനുണ്ട്. പൊലീസും എക്സൈസും ‌രംഗത്തുണ്ട്. എന്നാൽ ഇതിന്റെയൊന്നും ഗുണം കോളനികളിൽ കാണുന്നില്ല എന്നതാണു സത്യം. അതെക്കുറിച്ച് നാളെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com