ADVERTISEMENT

കഞ്ചിക്കോട് ∙ ചെല്ലങ്കാവ് ആദിവാസി ഊരിൽ 5 പേരുടെ മരണത്തിനു കാരണമായ ലഹരിവസ്തു വ്യാവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണെന്ന സംശയത്തെത്തുടർന്ന് പെ‍ാലീസും എക്സൈസും അന്വേഷണം ഊർജിതമാക്കി.മൃതദേഹത്തിൽ നിന്നെടുത്ത ദ്രാവകങ്ങളുടെ രാസപരിശേ‍ാധനാ ഫലം ലഭിച്ചാലേ‍‍ ദുരന്തകാരണം വ്യക്തമാകൂ. തൃശൂരിലെ ഫൊറൻസിക് ലാബിലേക്ക് അയച്ച സാംപിളുകളുടെ ഫലം അടുത്തയാഴ്ചയോടെയേ ലഭ്യമാകൂ. 

ദ്രാവകത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് എസ്.പി.ജി.ശിവവിക്രം പറഞ്ഞു. ആദ്യപരിശേ‍ാധനാഫലം ഉടൻ ലഭിക്കാൻ ‍ഡിജിപി മുഖേന നടപടി സ്വീകരിക്കും.കഞ്ചിക്കോട് മേഖലയിലെ പല വ്യവസായ സ്ഥാപനങ്ങളും ഇത്തരം സ്പിരിറ്റ് ഉപയോഗിക്കുന്നുണ്ട്. അതു ദുരുപയേ‍ാഗപ്പെടുത്തുന്ന സംഘങ്ങൾ വഴി സ്പിരിറ്റ് കേ‍ാളനിയിലെത്താനുള്ള സാധ്യതയാണ് പരിശേ‍‍ാധിക്കുന്നത്. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. 

വ്യവസായ സ്ഥാപനങ്ങളിലെ ആവശ്യത്തിനു വിവിധ രാസപദാർഥങ്ങൾ കലർത്തിയ സ്പിരിറ്റിൽ ശീതളപാനീയം കലർത്തി കുടിച്ചതിനെ തുടർന്ന് 3 യുവാക്കൾ മരിച്ച സംഭവം മുൻപ് മേഖലയിലുണ്ടായിട്ടുണ്ട്. ചെല്ലങ്കാവിൽ മരിച്ചവരുടെ പേ‍‍ാസ്റ്റ്മേ‍ാർട്ടം നടത്തിയപ്പോൾ വയറ്റിൽ കണ്ടെത്തിയ ദ്രാവകത്തിനു പായ്ക്കറ്റിൽ ശീതളപാനീയത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നാണ് എക്സൈസിനു ലഭിച്ച വിവരം. എക്സൈസും പൊലീസും ഇന്നലെയും ചെല്ലങ്കാവ്, മാപ്പിളക്കാട്, പയറ്റുകാട് ആദിവാസി ഊരുകളിൽ പരിശോധന നടത്തി. മദ്യം കൊണ്ടുവന്നതെന്നു കരുതുന്ന കന്നാസോ കുപ്പിയോ കണ്ടെത്തിനായില്ല. മരിച്ച ശിവനാണ് മദ്യം കൊണ്ടുവന്നതെന്നും ശിവന്റെ സഹോദരൻ മൂർത്തിയും അമ്മാവൻ രാമനുമാണ് ആദ്യം കഴിച്ചതെന്നും കോളനിയിലുള്ളവർ പൊലീസിനോടു പറഞ്ഞു.

ഇവർ മൂവരും മരിച്ചതോടെ ലഹരിവസ്തു എത്തിയത് എവിടെ നിന്നാണെന്നു കണ്ടെത്തുന്നത് ദുഷ്കരമായിരിക്കുകയാണ്. വ്യവസായമേഖലയിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് കോളനിയിലേക്കുള്ളത്. ശിവൻ സ്ഥിരമായി പല കമ്പനികളിലും കൂലിപ്പണിക്കും ചുമടിറക്കുന്ന ജോലിക്കും പോവാറുണ്ട്.മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഊരിലെത്തിച്ചു. ശിവന്റെ മൃതദേഹം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലും ബാക്കിയുള്ളവരുടേത് കഞ്ചിക്കോട് വാതക ശ്മശാനത്തിലുമാണ് സംസ്കരിച്ചത്.

ഡിവൈഎസ്പി എസ്. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനാണ് അന്വേഷണച്ചുമതല. മരിച്ച ശിവന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ചു സമിതി അധികൃതരും ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുയുസി) അധികൃതരും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വനിതാ ശിശുവികസന ജില്ലാ ഒ‍ാഫിസർ പി. മീര, ശിശുസംരക്ഷണ സമിതി ജില്ലാ ഒ‍ാഫിസർ ഒ.എസ്. ശുഭ, ശിശുക്ഷേമ സമിതി അംഗം വി.എസ് മുഹമ്മദ് കാസിം എന്നിവർ കേ‍ാളനിയിലെത്തി ബന്ധുക്കളും ഊരുമൂപ്പനും കുട്ടികളുമായി സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com