ADVERTISEMENT

മാനം കറുത്തു തുടങ്ങിയാൽ ചെല്ലങ്കാവ് ആദിവാസി ഊരിലെ മാരിയുടെ മനസ്സിൽ ഭീതി ഉരുണ്ടു കയറും. തകർന്നു വീഴാറായ കൂരയിൽ മകൾ പ്രസവിച്ചു കിടക്കുകയാണ്. ശക്തമായൊരു മഴ ആ കൂരയെ ഏതു നിമിഷവും ഇല്ലാതാക്കും. ഇതു മാരിയുടെ മാത്രമല്ല ജില്ലയിലെ വിവിധ ഊരുകളിലെ ഭവനരഹിതരുടെ അവസ്ഥയാണ്. മദ്യ ‌ദുരന്തത്തിൽ മരിച്ച 5 പേർക്കും സ്വന്തമായി ഭവനമില്ലായിരുന്നു. ഉള്ളതെല്ലാം ഇതുപോലത്തെ ഓലക്കൂരകളാണ്.

മണ്ണില്ലാത്തവർ, വീടില്ലാത്തവർ

അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ ഭൂരഹിതരില്ലെന്നാണ് അധികാരികളുടെ വാദം. എന്നാൽ, വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവർ ആയിരത്തിലേറെയുണ്ട്. അതിൽ എഴുന്നൂറോളം പേർക്ക് വീടു വേണം. അട്ടപ്പാടി ഒഴികെ ജില്ലയിൽ മറ്റു മേഖലകളിൽ 296 ആദിവാസി കോളനികളിലായി 585 ഭൂരഹിതരുണ്ട്. മുതലമട പഞ്ചായത്തിലാണ് ഭൂരഹിതർ ഏറെ. സ്വന്തമായി ഭൂമി ഉണ്ടായിട്ടും 391 പേർക്ക് വീടില്ല.എന്നാൽ, വിവിധ പദ്ധതികളിൽ വീടുകൾ അനുവദിച്ചിട്ടും പണി പൂർത്തീകരിക്കാത്തതാണു പലയിടത്തെയും പ്രശ്നം. കരാറുകാരൻ പണം കൈപ്പറ്റി മുങ്ങിയതടക്കം പല കാരണങ്ങൾ കൊണ്ടും വീടെന്ന സ്വപ്നം യാഥാർഥ്യമായിട്ടില്ല. ആദിവാസികളിൽ നിന്നു പണം പറ്റിച്ച കരാറുകാർക്കെതിരേ നടപടിയെടുക്കുമെന്നു പറയുമെങ്കിലും ഉണ്ടാകാറില്ല. ഒരിക്കൽ അനുവദിച്ചതിനാൽ വീണ്ടും വീട് ഇവർക്ക് കിട്ടുകയും ഇല്ല.

ലൈഫായപ്പോൾ വീടുവൈകി

ഫണ്ടില്ലാത്തതിനാൽ ആദിവാസി ഭവന പദ്ധതികൾ നിലച്ചതാണ് ചെല്ലങ്കാവ് ഊര് ഉൾപ്പെടെ ജില്ലയിലെ ആദിവാസി ഊരുകളിലെ വീടുകളുടെ നിർമാണം ഇഴയുന്നതിനു കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. പ്രത്യേക ആദിവാസി ഭവന പദ്ധതികളായ ഹഡ്കോ,അഡീഷനൽ ട്രൈബൽ പദ്ധതികൾ 2015 വരെയുണ്ടായിരുന്നു. ഇവ രണ്ടും നിലച്ചു. ഇവർക്ക് പൊതു വിഭാഗത്തിലുള്ള ലൈഫ്മിഷനിലൂടെയാണ് ഭവനം സാധ്യമാകുന്നത്. ഇതു കാലതാമസമുണ്ടാക്കുന്നുണ്ട്. ആദിവാസികളുടെ ഭവന പദ്ധതികൾ പൂർണമായി വകുപ്പിനു വിട്ടു നൽകണമെന്നാണ് ആവശ്യം.

തൊഴിലും കൂലിയുമില്ല

പഠിച്ച കുട്ടികൾ ഉണ്ടെങ്കിലും ജോലിയില്ലാത്തതിന്റെ നിരാശയാണ് പലരെയും ലഹരിയുടെ മാർഗത്തിലേക്കു കൊണ്ടുപോകുന്നതെന്നു സാമൂഹിക പ്രവർത്തകർ പറയുന്നു. അഗളിയിലെ കണക്കുപ്രകാരം അഭ്യസ്ത വിദ്യരായ ആദിവാസി യുവാക്കളിൽ 1176 പേർ തൊഴിൽരഹിതരാണ്. ജില്ലയിലെ മറ്റു മേഖലകളിൽ 1237 ആദിവാസി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. ഇവരിൽ പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദധാരികൾവരെയുണ്ട്. വനം, പൊലീസ് വകുപ്പുകളിൽ ഉൾപ്പെടെ താൽക്കാലിക നിയമനമെന്ന വാഗ്ദാനവും പൂർണമായി നിറവേറുന്നില്ല. നിലവിൽ സ്ത്രീകൾക്ക് തൊഴിലുറപ്പ് തൊഴിൽ മാത്രമാണ് ആശ്രയം. ആദിവാസി മേഖലയ്ക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണമെന്നാണ് നിർദേശമെങ്കിലും ഇതും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com