ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിൽ നമ്മുടെ കൂട്ടത്തിലൊരാളാണു ജയിച്ചുകയറുന്നത്.  നമുക്കൊപ്പം പഠിച്ചവർ, ജീവിച്ചവർ, തൊഴിലെടുത്തവർ... ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരായിരുന്ന ചിലർ ഇപ്പോൾ ചെയ്യുന്ന തൊഴിലും നേരത്തെ ചെയ്തിരുന്ന തൊഴിലുമെല്ലാം അറിയാം...

തെങ്ങുചെത്തുന്ന പെരുമാട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. മാരിമുത്തു

നോക്കൂ, മുൻ പ്രസിഡന്റ് ‘ചെത്തുന്നു’

പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയിട്ടും തന്റെ തൊഴിൽ ഒഴിവാക്കാൻ തയാറാകാത്തയാളാണു മാരിമുത്തു. പ്രസി‍‍ഡന്റ് പദവി ഒഴിഞ്ഞതോടെ ഇനി മാരിമുത്തു ‘ഫുൾടൈം ചെത്തുകാരനാകും’. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന മീനാക്ഷിപുരം സ്വദേശി ജി. മാരിമുത്തു ഏറെക്കാലമായി ചെത്തു തൊഴിലാളിയായിരുന്നു.

2015ൽ മത്സരിക്കാൻ ജനതാദൾ പാർട്ടി സീറ്റും പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകി. ജനപ്രതിനിധിയുടെ വരുമാനത്തിൽ മാത്രം മുന്നോട്ടുപോകാൻ കഴിയില്ലെന്നായപ്പോൾ ചെത്ത് തൊഴിലും തുടരാൻ തീരുമാനിച്ചു. പ്രസിഡന്റ് ചെത്തിനിറങ്ങുന്നത് മോശമാണെന്നു പറഞ്ഞവർക്ക് ഒരു ചെറുചിരി സമ്മാനിച്ച് മാരിമുത്തു ഉയരങ്ങളിലേക്കു കയറി.

രാവിലെ ചെത്തി കള്ളുകൊടുത്ത ശേഷം പഞ്ചായത്തിൽ പോകുന്നതായിരുന്നു പതിവ്. ഇനി മത്സരിക്കാനില്ലെന്നും പൊതുപ്രവർത്തന രംഗത്തും കൃഷിയിലും തുടരുമെന്നും മാരിമുത്തു പറയുന്നു.

എം.കെ. കുട്ടിക്കൃഷ്ണൻ

ന്യായാധിപനായ പ്രസിഡന്റ്; നാടിന്റെ പ്രിയ സഖാവ് 

പാലക്കാട് ∙ ‘യെസ് യുവർ ഓണർ, പ്രസിഡന്റേ, സഖാവേ’ ഈ വിളികളോട് ഉത്തരവാദിത്തബോധത്തോടെ പ്രതികരിച്ചിരുന്നയാളുണ്ട് മുണ്ടൂരിൽ. പഞ്ചായത്തഗംവും ജില്ലാ ജഡ്ജിയും പിന്നീട് പഞ്ചായത്ത് അധ്യക്ഷനുമായ എം.കെ. കുട്ടിക്കൃഷ്ണൻ.

1988 ജനുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണു മുണ്ടൂരിലെ ഏഴാം വാർഡ് ഒടുവങ്ങാടിൽനിന്നു കുട്ടിക്കൃഷ്ണൻ പഞ്ചായത്ത് അംഗമാകുന്നത്. പ‍ഞ്ചായത്ത് അംഗമായി തുടരാനായതു 2 മാസം മാത്രം. മുൻപ് എഴുതിയ മുൻസിഫ് പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച റാങ്ക്. മെംബർ സ്ഥാനം രാജിവച്ച് ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മുൻസിഫായിട്ടായിരുന്നു ആദ്യ നിയമനം.

പിന്നീടു ലക്ഷദ്വീപിലേക്കു മുൻസിഫ് മജിസ്ട്രേട്ടായി സ്ഥലം മാറ്റം. 3 വർഷത്തിനുശേഷം തിരിച്ചു കൊല്ലത്തെത്തി. പിന്നീട് ചിറ്റൂർ സബ് കോടതി മജിസ്ട്രേട്ടായി. ഇരിങ്ങാലക്കുട സബ് കോടതി പ്രിൻസിപ്പൽ സബ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്, കോഴിക്കോട് അഡീഷനൽ ജില്ലാ ജഡ്ജി, വിജിലൻസ് ജഡ്ജി, വിൽപന നികുതി അപ്‍ലേറ്റ് ട്രിബ്യൂണൽ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ഒറ്റപ്പാലം കുടുംബ കോടതി ജഡ്ജിയായ ശേഷം 2015ൽ വിരമിച്ചു. ആ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആറാം വാർഡിൽനിന്നു ജയിച്ചതോടെ മുണ്ടൂർ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.  ഗവ. വിക്ടോറിയ കോളജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണു രാഷ്ട്രീയത്തിലെത്തുന്നത്. 

പഞ്ചായത്ത് അധ്യക്ഷ സ്ഥാനമാണോ ന്യായാധിപ സ്ഥാനമാണോ പ്രിയപ്പെട്ടതെന്നു ചോദിച്ചാൽ കുട്ടിക്കൃഷ്ണൻ ഇങ്ങനെ പറയും– ‘രണ്ടും ജനസേവനമാണ്, രണ്ടിടത്തും നീതി നടപ്പാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ നേരിട്ട് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാം, കോടതിയിൽ നിയമത്തിന്റെ ചട്ടക്കൂടുണ്ട്’. ഇത്തവണ മത്സര രംഗത്തില്ലെങ്കിലും പാലക്കാട് വെണ്ണക്കരയിലെ വീട്ടിൽ ജനസവേനത്തിനു തയാറായി കുട്ടിക്കൃഷ്ണനുണ്ട്.

പറളി ചന്തപ്പുരയിൽ കെട്ടിട നിർമാണ ജോലിയിൽ ഏർപ്പെട്ട മുൻ പഞ്ചായ ത്ത് അധ്യക്ഷൻ വി.വി. ഹരിദാസ്

കെട്ടിടം പണിയാണ് ഇപ്പോൾ പഴയ പ്രസിഡന്റിന് ‘ലൈഫ്’

പറളി പ‍ഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തും ഇപ്പോഴും ‘എന്റെ വീടിന്റെ കാര്യമെന്തായി’ എന്നു പലരും വി.വി. ഹരിദാസിനോടു ചോദിക്കാറുണ്ട്. പ്രസിഡന്റായിരിക്കുമ്പോൾ ചോദിച്ചിരുന്നത് സർക്കാരിൽനിന്നു കിട്ടേണ്ട വീടിനെക്കുറിച്ചാണെങ്കിൽ ഇപ്പോൾ ചോദിക്കുന്നത് ഹരിദാസ് പണിയെടുത്തു നൽകുന്ന വീടിനെക്കുറിച്ചാണ്.

കാരണം പഴയ പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോൾ കെട്ടിട നിർമാണത്തൊഴിലാളിയാണ്. സിപിഎം അംഗമായിരുന്ന തേനൂർ വട്ടപ്പള്ളം സ്വദേശി ഹരിദാസ് 2010– 2015 കാലയളവിലാണു പ്രസിഡന്റായത്. അതിനു ശേഷം ജീവിതം മുന്നോട്ടുപോകാൻ കെട്ടിട നിർമാണ ജോലി തുടരുകയായിരുന്നു.

മുതലമട പഞ്ചായത്തിലെ ആദ്യ പട്ടികവർഗ വനിതാ അധ്യക്ഷ എ. ശാന്ത കൊല്ലങ്കോട് മാത്തൂരിലെ വീട്ടിൽ ആടിനു തീറ്റ കൊടുക്കുന്നു

ആളുകളുടെ പരാതിയില്ല; ആടുകളെ നോക്കി ‘ശാന്ത’മായ ജീവിതം

മുതലമട ∙ ആടുമേച്ചു നടന്ന കാലത്തുനിന്നു പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക്... വീണ്ടും ആടുകളുമായി കൂട്ടുകൂടിയുള്ള ജീവിതത്തിലേക്ക്... ഇങ്ങനെയാണു മുതലമട പഞ്ചായത്തിലെ ആദ്യ പട്ടികവർഗ വനിതാ അധ്യക്ഷ എ. ശാന്തയുടെ ജീവിതം. 2005ൽ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികവർഗ വനിതാ സംവരണമായതോടെ സിപിഎം അനുഭാവി ആറുമുഖന്റെ മകൾ എ. ശാന്തയ്ക്കു നറുക്കുവീണു. 

ആദ്യമാദ്യം ഗ്രാമസഭകളിൽ ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ എന്തു പറയണമെന്നറിയാതെ കണ്ണു നിറഞ്ഞൊഴുകി. പിന്നീട് തനിക്കും ധൈര്യം വന്നെന്നു ശാന്ത പറയുന്നു. പറമ്പിക്കുളത്തെ ഉൗരുകൂട്ടം കഴിഞ്ഞു രാത്രി 8നു മടങ്ങുമ്പോൾ റോഡിൽ നിൽക്കുന്ന ആനയെ കണ്ടു ഭയന്നു പനി പിടിച്ചുകിടന്നതും ഓർമകളിലുണ്ട്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോളിങ് ബൂത്തിലെത്തിയപ്പോൾ വോട്ടില്ല.

കൊല്ലങ്കോട് പഞ്ചായത്തിലെ മാത്തൂരിലേക്കു താമസം മാറ്റിയതോടെ വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്തതാവാമെന്നു ശാന്ത പറയുന്നു. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ദേവരാജിനൊപ്പം മാത്തൂരിലാണു താമസം. ഇനി ഒരു തിരഞ്ഞെടുപ്പിനുണ്ടോ എന്ന ചോദ്യത്തിനുത്തരം ഇങ്ങനെ: ഭർത്താവിന്റെ വീട് കോയമ്പത്തൂരാണ്, അവിടേക്കു താമസം മാറ്റണം.

എൻ.എം. നാരായണൻ നമ്പൂതിരി , കെ. രത്നമ്മ

അന്നു ചെയ്തതു ജോലി; 5 വർഷത്തേതു സേവനം

ഒറ്റപ്പാലം ∙ സർക്കാർ സർവീസ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥരാണു കഴിഞ്ഞ 5 വർഷം ഒറ്റപ്പാലത്തു ഭരണത്തിനു ചുക്കാൻ പിടിച്ച നഗരസഭാധ്യക്ഷനും ഉപാധ്യക്ഷയും. ഗസറ്റഡ് പദവിയിൽ വിരമിച്ച ജില്ലാ സപ്ലൈ ഓഫിസറാണു നഗരസഭാധ്യക്ഷനായിരുന്ന എൻ.എം. നാരായണൻ നമ്പൂതിരി. ഉപാധ്യക്ഷയായിരുന്ന കെ. രത്നമ്മ റിട്ട. ഡപ്യൂട്ടി തഹസിൽദാർ. 

ഇരുവർക്കും കന്നിയങ്കമായിരുന്നു 2015ലെ തിരഞ്ഞെടുപ്പ്. നഗരസഭയുടെ 36 അംഗ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ 15 പേരുടെ മാത്രം പിന്തുണയിലായിരുന്നു സിപിഎം നേതൃത്വത്തിൽ ഭരണം.  ഭൂരിപക്ഷമില്ലായ്മയുടെ നൂൽപ്പാലത്തിൽ 5 വർഷത്തെ ഭരണം പൂർത്തിയാക്കിയ അധ്യക്ഷനും ഉപാധ്യക്ഷയും ഇത്തവണ മത്സരത്തിനില്ല. 

സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടാത്തതിൽ നിരാശയില്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. സർക്കാർ ഉദ്യോഗത്തെയും ജനപ്രതിനിധിസഭയുടെ ഭരണത്തെയും എൻ.എം. നാരായണൻ നമ്പൂതിരി വിലയിരുത്തുന്നതിങ്ങനെ: ഉദ്യോഗസ്ഥനു തന്റെ അധികാരപരിധിയിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ കാലതാമസം ഉണ്ടാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ നേതൃത്വം കയ്യാളുമ്പോൾ ഭൂരിപക്ഷാഭിപ്രായവും പരിഗണിക്കണം. 

പാർട്ടിയും ജനങ്ങളും ഏൽപിച്ച അധികാരത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കൗൺസിലിലെ ഭൂരിപക്ഷമില്ലായ്മ പലപ്പോഴും പ്രതികൂലമായി. ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനായെങ്കിലും സ്വന്തം സംതൃപ്തിയുടെ കാര്യത്തിൽ അദ്ദേഹം സ്വയം വിലയിരുത്തിയ മാർക്ക് 60 ശതമാനം. ഒൗദ്യോഗിക ജീവിതത്തിൽ നേടിയ അറിവുകൾ നഗരസഭാ ഉപാധ്യക്ഷയുടെ കൃത്യനിർവഹണങ്ങളിൽ ഗുണകരമായെന്നാണു കെ. രത്നമ്മയുടെ സ്വയം വിലയിരുത്തൽ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com