ADVERTISEMENT

പാലക്കാട് ∙ പൈപ്പിലൂടെ അടുക്കളകൾക്കു പാചകവാതകവും വാഹനങ്ങൾക്ക് ഇന്ധനവും നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി മാർച്ച് അവസാനത്തോടെ കമ്മിഷൻ ചെയ്യുമെന്നു പ്രതീക്ഷ. കൂറ്റനാട് നിന്നു ബെംഗളൂരുവിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാർ വരെയെത്തിയാൽ പാലക്കാട്ടു വാതകം ലഭിക്കും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി– മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റനാട്– വാളയാർ– ബെംഗളൂരു പൈപ്പ് ലൈനിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 

കൂറ്റനാട് മുതൽ വാളയാർ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. ലൈൻ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയായ പല്ലൂർ, തുടർന്ന് വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ വഴിയാണു പൈപ്പ് ലൈൻ വാളയാറിലെത്തുന്നത്. പ്രധാന ലൈനിന്റെ ഭാഗമായ കൂറ്റനാട് സ്റ്റേഷന്റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റു സ്റ്റേഷനുകളുടെ നിർമാണം ജനുവരിയോടെ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണു ഗെയ്ൽ അധികൃതരുടെ പ്രതീക്ഷ. എന്നാൽ, കനാൽ തുറന്നു കൃഷിയിടങ്ങളിലേക്കു വെള്ളം വിട്ടുതുടങ്ങിയാൽ പണി വൈകും. 

ആദ്യം പാലക്കാട് നഗരത്തിൽ 

വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൈപ്പ് വഴി വാതകം എത്തിക്കുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്. ഗെയ്ൽ പൈപ്പ് ലൈനിൽ മലമ്പുഴ കനാൽ പിരിവ് ഭാഗത്തു കണക്ടിവിറ്റി പോയിന്റ് (വാതകം കൈമാറാനുള്ള സ്ഥലം) സ്ഥാപിച്ചാണു സിറ്റി ഗ്യാസ് പദ്ധതിക്കായി വാതകം എത്തിക്കുക. പാലക്കാട് നഗരപരിധിയിലായിരിക്കും തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തി‍ൽ 4 ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കും. അദാനി ഗ്രൂപ്പിനാണു വിതരണത്തിനുള്ള കരാർ ലഭിച്ചിരിക്കുന്നത്. 

സേലം പൈപ്പ് ലൈൻ പണിയും നടക്കുന്നു

പാലക്കാട്∙ റോഡ് മാർഗമുള്ള പാചകവാതക നീക്കം ഒഴിവാക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) ഭാരത് പെട്രോളിയവും ചേർന്നു നടപ്പാക്കുന്ന കൊച്ചി സേലം പൈപ്പ് ലൈൻ പദ്ധതിയുടെ പണിയും പുരോഗമിക്കുകയാണ്. 2022 ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണു പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ നിർദേശം. 

വൻതോതിലുള്ള വാതക നീക്കത്തിനായി ഉപയോഗിക്കുന്ന ബുള്ളറ്റ് ടാങ്കറുകൾ ഒട്ടേറെ അപകടങ്ങളാണു സൃഷ്ടിക്കുന്നത്. കൊച്ചി പുതുവൈപ്പിൽ സ്ഥാപിക്കുന്ന ഇറക്കുമതി ടെർമിനലിൽ നിന്നു കൊച്ചി– സേലം പൈപ്പ് ലൈനിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്നാട്ടിലും വാതകം എത്തിക്കാനും കഴിയും.

രണ്ടാം ഘട്ടം ഡിസംബറിൽ കമ്മിഷൻ ചെയ്തേക്കും

തിരുവനന്തപുരം ∙ കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പദ്ധതിയുടെ രണ്ടാം ഘട്ടമായ കൊച്ചി- മംഗളൂരു പൈപ്പ്‌ ലൈൻ ഡിസംബറിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

കാസർകോട് ചന്ദ്രഗിരി പുഴയ്ക്കു കുറുകെ 1.5 കിലോമീറ്റർ ദൂരത്ത് പൈപ്പ്‌ലൈൻ ശനിയാഴ്ച രാത്രി സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം മംഗളൂരുവിലെ വ്യവസായ ശാലകളിൽ വാതകം എത്തും. ബെംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാർ പൈപ്പ്‌ ലൈനും (94 കിലോമീറ്റർ) പൂർത്തിയായി. 2021 ജനുവരിയിൽ ഇതു കമ്മിഷൻ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com