ADVERTISEMENT

പാലക്കാട്ടെ ഏതെങ്കിലും നാട്ടിൻപുറത്തു ചെന്നു ‘മണികണ്ഠാ’ എന്നു നീട്ടിവിളിച്ചാൽ അ​ഞ്ചുപേരെങ്കിലും വിളികേട്ടെത്തും. വടക്കേക്കരയിൽ മണികണ്ഠൻ, ഓട്ടോ മണി, സൊസൈറ്റിയിലെ മണിയേട്ടൻ... മണികണ്ഠൻ  മാത്രമല്ല രമേഷ്, വേലായുധൻ, ചെന്താമര തുടങ്ങി പതിവു പേരുകൾ ഒട്ടേറെ. മത്സരിക്കുന്നവർക്കാണു പ്രശ്നം. ഒരേ പേരിൽ രണ്ടും മൂന്നുംപേർ വരുമ്പോൾ വോട്ടർക്കു കൺഫ്യൂഷൻ. ഞങ്ങളാരും അപരന്മാരല്ല, സ്വതന്ത്രരാണ് എന്നാണു മത്സരിക്കുന്നവർ പറയുക. സ്ഥാനാർഥികളുടെ പേരുകളിലെ ഒരുമയും പെരുമയും ഇങ്ങനെ

ലക്കിടി പേരൂർ 16ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കണ്ടരാമത്ത് സുരേഷ് ആണെങ്കിൽ സുരേഷ്, സുരേഷ് കുമാർ എന്നിവരും മത്സരത്തിന്.  വടകരപ്പതി 12ാം വാർഡിൽ കോൺഗ്രസിലെ ഐ. ജോൺ സ്വാമിക്കെതിരെ രണ്ടു ജോൺ ബ്രിട്ടോമാർ അങ്കത്തിന്  ഒറ്റപ്പാലം നഗരസഭ ഒന്നാം വാർഡിൽ (അനങ്ങൻമല) യുഡിഎഫ് സ്വതന്ത്രൻ വിജയൻ വരോടിനു സാമ്യമുള്ള പേരുമായി മൂന്നു പേർ. വിജയകുമാർ, വിജയൻ, എം. വിജയൻ  മണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി എ. ഹുസൈൻ ഷഫീക്കിനെതിരെ കെ.ബി. ഷഫീക്ക് മത്സരിക്കുന്നു. യുഡിഎഫിലെ വി.എം. അൻവർ സാദിഖിനെതിരെ വാർഡ് 5ൽ സാദിഖ്.

എരിമയൂരിൽ 2ാം കോൺഗ്രസ് സ്ഥാനാർഥി ഗീതാ ശിവദാസ്. ഗീത കുഞ്ഞനും ഗീത ശശികുമാറും സ്ഥാനാർഥികളായുണ്ട്.   കാവശേരി വാർഡ് 9ൽ യുഡിഎഫ് സ്ഥാനാർഥി സി. അനീഷിനൊപ്പം സ്വതന്ത്രനായി കെ. അനീഷ് മത്സരിക്കുന്നു.   ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ വാർഡ് 19ൽ കോൺഗ്രസ് സ്ഥാനാർഥി മുരളി തറക്കളത്തിനെതിരെ എം. മുരളി.  എലവഞ്ചേരി നാലാം വാർഡിൽ എൻഡിഎ സ്ഥാനാർഥി എൻ. ശബരീശനു സാമ്യവുമായി ശബരിനാഥ്.   അലനല്ലൂർ  22ാം വാർഡിൽ സിപിഎം സ്വതന്ത്രൻ അക്ബർ അലി പാറോക്കോട്ടിനെതിരെ അക്ബർ അലി തൂമ്പത്ത്. ഇതേ വാർഡിൽ പൂതാനി നസീർബാബുവിനെതിരെ നസീർ (ബാബു) എന്ന സ്വതന്ത്രൻ 

പെരിങ്ങോട്ടുകുറിശ്ശി വാർഡ് 6 മണിയൻപാറയിൽ ബിജെപിയുടെ സുരേന്ദ്രൻ തരൂരിനെതിരെ സുരേന്ദ്രൻ. വാർഡ് 9ൽ ബിജെപി സ്ഥാനാർഥി. കെ.പി. ജയപ്രകാശിനെതിരെ കെ. ആർ. ജയപ്രകാശൻ, കെ.എസ്. ജയപ്രകാശൻ എന്നിവർ. വാർഡ് 10, പിലാപ്പുള്ളി എൽഡിഎഫ് സ്ഥാനാർഥി രാജകൃഷ്ണനെങ്കിൽ (രാജേഷ്) കെ.യു. രാജേഷ്, രാജേഷ് എന്നിവരുമുണ്ട്. വാർഡ് 11ൽ ബിജെപി സ്ഥാനാർഥി കെ. ജയലക്ഷ്മിക്കെതിരെ സി. ജയലക്ഷ്മി.  പാലക്കാട് നഗരസഭയിൽ 13ാം വാർഡ് പുത്തൂർ സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥി വി. പ്രവീണും സ്വതന്ത്ര സ്ഥാനാർഥിയായി എസ്. പ്രവീണും ‌രംഗത്ത്. 17ാം വാർഡിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥി എം. വഹീദയും സ്വതന്ത്ര സ്ഥാനാർഥിയായി ബി. വഹീദയും മത്സരിക്കുന്നു. 

18ാം വാർഡ് കൊപ്പത്ത് കോൺഗ്രസ് സ്ഥാനാർഥി സുജാത എം.എയ്ക്ക് സാമ്യവുമായി സുജാത ജി. രംഗത്തുണ്ട്. വാർഡ് 35ൽ കോൺഗ്രസ് സ്ഥാനാർഥി എ. കൃഷ്ണൻ. സ്വതന്ത്ര സ്ഥാനാർഥി എൻ. കൃഷ്ണൻ. വാർഡ് 36, തിരുനെല്ലായി വെസ്റ്റിൽ കാജാഹുസൈൻ (സ്വതന്ത്രൻ), കെ.കെ. കാജാഹുസൈൻ (ഇടതു സ്വതന്ത്രൻ). വാർഡ് 40ൽ വിബിൻ. പി.എസ്(യുഡിഎഫ് സ്വതന്ത്രൻ), വിപിൻ. ബി (സ്വത)   തച്ചമ്പാറ പഞ്ചായത്ത് വാർഡ് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ചൂരിയോട അബ്ബാസ് മേലേതിൽ ആണെങ്കിൽ മറ്റൊരാൾ എം. അബ്ബാസ്. എൽഡിഎഫ് സ്ഥാനാർഥി അബൂബക്കർ മുച്ചിരിപ്പാടത്ത് ആണെങ്കിൽ മറ്റൊരാൾ അബൂബക്കർ കറുപ്പൻവീട്ടിൽ   കുമരംപുത്തുർ പഞ്ചായത്ത് രണ്ടാം വാർഡ് കേരള കോൺഗ്രസ് എം സ്ഥാനാർഥി സൽമയ്ക്കു സാമ്യവുമായി മറ്റൊരു സൽമ.  പട്ടഞ്ചേരി വാർഡ് 14, കടുചിറയിൽ യുഡിഎഫിലെ പി.എസ്. ശിവദാസിനെതിരേ വി. ശിവദാസ്   മണ്ണാർക്കാട് നഗരസഭ വാർഡ് 21ൽ, സിപിഎം സ്വതന്ത്രൻ മൻസൂറിനെതിരെ രണ്ടു മൻസൂർമാർ മത്സര രംഗത്ത്.

കണ്ണാടി ആറാം വാർഡിൽ എൽഡിഎഫ് സ്വത കെ. മണി മാങ്ങ ചിഹ്നത്തിലും മറ്റൊരു കെ. മണി ഹാർമോണിയത്തിലും മത്സരിക്കുന്നു.  കൊപ്പം പഞ്ചായത്തിൽ പതിനാറാം വാർഡിൽ മൂന്ന് ഇബ്രാഹിംകുട്ടിമാർ. എൽഡിഎഫിലെ എസ്. ഇബ്രാഹിംകുട്ടി, സ്വതന്ത്രരായ എസ്. ഇബ്രാഹിം കുട്ടി, സങ്കേതത്തിൽ ഇബ്രാഹിംകുട്ടി എന്നിവർ. യുഡിഎഫിലെ ഇ. മുസ്തഫയ്ക്കെതിരെ കെ. മുസ്തഫ മത്സരിക്കുന്നു. നാലാം വാർഡിൽ സിപിഎമ്മിലെ കെ.വി. ഷംസുദ്ദീനെതിരെ,കെ. ഷംസുദ്ദീൻ. പത്താം വാർഡിൽ വി. വത്സല യുഡിഎഫിനും വത്സല എൻഡിഎയ്ക്കും വേണ്ടി മത്സരിക്കുന്നു.

 കുലുക്കല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡ് പുറമത്രയിൽ യുഡിഎഫിലെ രാജൻ പൂതനായിൽ. സ്വതന്ത്ര സ്ഥാനാർഥി പൂതൻ രാജൻ. വലിയ പറമ്പ് പതിനാറാം വാർഡിൽ ലീഗ് സ്ഥാനാർഥി മനീഷ എം.കെ. സ്വതന്ത്രൻ മനീഷ് എ.പി. ചുണ്ടമ്പറ്റ വെസ്റ്റ് പതിനേഴാം വാർഡിൽ ഇ.കെ. മുഹമ്മദ് കുട്ടി ഹാജി യുഡിഎഫിനും  മുഹമ്മദ് കുട്ടി ഹാജി സ്വതന്ത്രനായും.  പുതുപ്പരിയാരത്ത് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂന്നു താഹിറുമാരാണു മത്സര രംഗത്ത്. എം. അബു താഹിർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. 

എച്ച്. അബു താഹിർ സ്വതന്ത്രനായും എം. താഹിർ സിപിഎമ്മിനായും രംഗത്തുണ്ട്. രണ്ടാം വാർഡിൽ ബിജെപിയുടെ ഉണ്ണിക്കൃഷ്ണനും സിപിഎമ്മിലെ കെ. ഉണ്ണിക്കൃഷ്ണനും മത്സരിക്കും. 

 കൊടുവായൂർ 8ാം  വാർഡ് നൊച്ചൂരിൽ എൽഡിഎഫിന്റെ എം. ആറുമുഖനെന്ന എം. മനോജിനെതിരെ എസ്. ആറുമുഖനും എം. മനോജെന്ന സ്ഥാനാർഥിയും മത്സരിക്കുന്നു. വാർഡ് 14 കണ്ണങ്കോടിൽ എൽഡിഎഫിന്റെ മണികണ്ഠനെതിരെ വി. മണികണ്ഠനും അതേ വാർഡിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി സന്തോഷിനെതിരെ (പൊന്നൻ) കെ. സന്തോഷും മത്സരിക്കുന്നു.

വടക്കഞ്ചേരിയിൽ 16 പേർ

വടക്കഞ്ചേരി പഞ്ചായത്തിൽ മുന്നണി സ്ഥാനാർഥികളുടെ പേരിനോടു സാമ്യമുള്ള 16 സ്വതന്ത്രർ മത്സരരംഗത്തുണ്ട്. പതിനേഴാം വാർഡ് കാളാംകുളത്ത് മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്ര ഷിജി ബിനോയ് ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എം. ഷിജിക്ക് ബലൂണാണു ചിഹ്നം. ആറാം വാർഡിൽ യുഡിഎഫിലെ സതീഷ് കുമാർ മത്സരിക്കുന്നിടത്ത് സി. സതീഷുണ്ട്. എട്ടാം വാർഡിൽ യുഡിഎഫിലെ വി. ശ്രീനാഥിനൊപ്പം കെ. ശ്രീനാഥും എൽഡിഎഫിലെ എൻ. സതീഷ്കുമാറിനെതിരേ സതീഷ് കുമാറും മത്സരിക്കുന്നു.

12–ാം വാർഡിൽ യുഡിഎഫിലെ ഇല്യാസ് പടിഞ്ഞാറെക്കളം മത്സരിക്കുമ്പോൾ ഐ. ഇല്യാസുണ്ട്. 13ാം വാർഡിൽ യുഡിഎഫിലെ സി. മുത്തുവും സ്വതന്ത്രനായി മുത്തുവും മത്സരിക്കുന്നു. 14ാം വാർഡിൽ യുഡിഎഫിലെ രമണി ഭാസ്കരനെതിരെ കെ. രമണിയുണ്ട‌്. 5ാം വാർഡിൽ യുഡിഎഫിലെ സി.കെ. ദേവദാസിനെതിരെ, ദേവദാസൻ മത്സരിക്കുന്നു. 18ാം വാർഡിൽ യുഡിഎഫിലെ എം. വേണുഗോപാലിനെതിരെ വേണു സ്വതന്ത്രനായുണ്ട്. 19ാം വാർഡിൽ യുഡിഎഫിലെ അമ്പിളി മോഹൻദാസിനെതിരെ അമ്പിളിയും എൽഡിഎഫിലെ ബിന്ദു ബാലനെതിരെ സി. ബിന്ദുവും  മത്സരിക്കുന്നു. പുതുക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മുൻ പഞ്ചായത്ത് അധ്യക്ഷൻ യുഡിഎഫിലെ പി.എ. ഇസ്മായിൽ മണപ്പാടത്തിനെതിരേ പി.എ. ഇസ്മയിൽ മത്സരിക്കുന്നു. കൈപ്പത്തി, പൈനാപ്പിൾ എന്നിവയാണു ചിഹ്നങ്ങൾ.

പേരിലുണ്ട് ‘വെറൈറ്റി’

അപരമാർക്കു പിടികിട്ടാത്ത ചില പേരുകളുമുണ്ട്. വടകരപ്പതി 15 വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ പേര് ആഞ്ചലിൻ മനോരഞ്ജിതം എന്നാണ്. മറ്റു ചില പേരുകൾ: കാഞ്ഞിരപ്പുഴ കാപ്പാകുർ‍ശിയിൽ ജനതാദൾ സ്ഥാനാർഥി മികുന. നെല്ലിയാമ്പതി പുലയൻമാറ ഒന്നാം വാർഡിൽ ഇടത് സ്ഥാനാർഥിയുടെ പേര് ചിത്തിരൻ പിള്ള. പുതുപ്പരിയാരം ആറാം വാർഡിൽ പ്രത്യുമ്നൻ താമരയിൽ മത്സരിക്കുന്നു. മുതലമട പന്ത്രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥി ആർ.അലൈരാജ്. പെരുമാട്ടി എട്ടാം വാർഡിൽ ജനതാദളിൽ പഞ്ചമണി. മുതലമട പഞ്ചായത്ത് പതിനൊന്നാം വാർഡിൽ  കോൺഗ്രസ് സ്ഥാനാർഥി ബി.ജയക്കൊടി. മുണ്ടൂർ പഞ്ചായത്ത് എഴക്കാട് പതിനേഴാം വാർഡിലെ സ്ഥാനാർഥി സബ്ജലത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com