ADVERTISEMENT

ഏഴരയ്ക്കാണു വണ്ടി. ഒന്നു കിഴക്കോട്ടും മറ്റൊന്നു പടിഞ്ഞാറോട്ടും.കിഴക്കോട്ടുള്ള പാസഞ്ചർ പാലക്കാട് ജംക്‌ഷൻ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലെത്തും. പടിഞ്ഞാറോട്ടുള്ള ഇന്റർസിറ്റി രണ്ടിലാണു വരേണ്ടത്. മൂന്നാം പ്ലാറ്റ്ഫോമിൽ ആർക്കും കാത്തിരിക്കാൻ ഒട്ടും നേരം കിട്ടാറില്ല, ഓടി വന്നു ട്രെയിനിൽ കയറുന്നവരേ ഉള്ളൂ. ഓടുന്നവർക്കു വേണ്ടി നിർത്തിക്കൊടുക്കുന്ന, കൈകാട്ടിയാൽ പോലും കാത്തുനിൽക്കുന്ന കോയമ്പത്തൂർ മെമു ആണത്. രണ്ടിലാണെങ്കിൽ നല്ല തിരക്കാണ്. മംഗളൂരു ഇന്റർസിറ്റിയെ കാത്തു നേരത്തെ തന്നെ ആളെത്തും. കാരണം സ്ഥിരക്കാർ മാത്രമല്ല, ‘അസ്ഥിര’ക്കാരും അതിലെ യാത്രക്കാരാണ്.

  ടൈം മെഷീനിൽ കാലം       അഞ്ചു വർഷം മുൻപ്...

 

പതിവു പോലെ മെമുവിൽ ഓടി വന്ന് സീറ്റ് പിടിച്ച ശേഷം നെറ്റിയിലെ വിയർപ്പു തുടച്ച് കോയമ്പത്തൂരിലെ ഐഒബി ഉദ്യോഗസ്ഥൻ ശിവരാമൻ ഉച്ചത്തിൽ വിളിച്ചു.... കലേ, അന്റെ വാർഡില് ആരു കൊണ്ടോവും. കൃഷ്ണകുമാറോ അതോ, എന്താ അവന്റെ പേര്? ആ രാജേഷ്.....ചന്ദ്രകലാധരൻ എന്ന പോത്തന്നൂരിലെ റെയിൽവേ ജോലിക്കാരന്റെ മറുപടി ഇങ്ങനെ: എന്റെ ശിവരാമേട്ടേ, ഒന്നും പറയാൻ പറ്റില്ലാട്ടോളീ...രണ്ടും നന്നായി ചവിട്ട്ണ്‌ണ്ട്. അതിന്റെ എടേക്കൂടെ മറ്റവമ്മാരും. ഏത്, ഇടതേയ്. പക്ഷേ അവര്ക്ക് കിട്ടൂലാ ട്ടോ...

ഇക്കുറി ബിജെപിയൊരു കലക്കു കലക്കുമെന്ന് കൽപാത്തിയിലെ വെങ്കിടേശ്വരൻ ഉറപ്പിച്ചു പറയും. അങ്ങനെ ഉറപ്പിക്കേണ്ടെന്ന് ജൈനിമേട്ടിലെ ബാബുവും. എല്ലാം ആളെ നോക്കി ചെയ്യുമെന്ന് കാജാഹുസൈൻ ചിരിക്കുന്നതോടെ സംഗതി പൂർണം.അവിടെ തുടങ്ങുകയാണ് പാലക്കാടിന്റെ രാഷ്ട്രീയം. പിന്നെ ആ ചർച്ച വേഗം കൂടിക്കൂടി ഒടുവിൽ ഇടിച്ചു കുത്തി പെയ്യും, അങ്ങ് പോത്തന്നൂർ വരെ. ചർച്ചകളിൽ മെയിൻ പാലക്കാട് നഗരസഭ തന്നെ. കാരണം മറ്റെല്ലാം ഏറെക്കുറെ മുൻകൂട്ടിക്കാണാവുന്ന കാര്യങ്ങളാണ്. ചിറ്റൂരും പട്ടാമ്പിയും കോൺഗ്രസിന്, ഷൊർണൂരും ഒറ്റപ്പാലവും മാർക്സിസ്റ്റിന്. പക്ഷേ, മണ്ണാർക്കാടും ചെർപ്പുളശ്ശേരിയും ചെറിയൊരു കൺഫ്യൂഷനാണ്. 

ഗ്രാമപഞ്ചായത്തിന് പക്ഷേ, രാഷ്ട്രീയം അത്ര കാര്യല്ല. ആളു വില കല്ലുവില എന്നാണു പ്രമാണം. അതിപ്പോൾ മങ്കരയായാലും തെങ്കരയായാലും ഒന്നു തന്നെ. കൊപ്പവും കൊല്ലങ്കോടും ഒരു പോലെ. കുലുക്കല്ലൂരിനും അയിലൂരിനും വ്യത്യാസമില്ല.പാസഞ്ചർ ട്രെയിൻ പോത്തനൂരിൽ എത്തുമ്പോഴേക്കും എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിലെത്തും. കേരളം ശരിയല്ല. ആരു വന്നിട്ടും ഒരു ഗുണവുമില്ല. അതൊക്കെ ഈ തമിഴ്നാട്. കണ്ടില്ലേ അവിടെ ഓവർബ്രിജ് വരുന്നു, റോഡ് വീതി കൂട്ടുന്നു... അങ്ങനെയങ്ങനെ നീളും തമിഴ് അപദാനങ്ങൾ. അകത്തേത്തറ നടക്കാവ് മേൽപാലത്തിന് വേണ്ടി ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കാത്തവരാണ് ഈ പ്രമേയം പാസാക്കുക.

ഇന്റർസിറ്റിയിലെ സ്ഥിതി പക്ഷേ, ഇങ്ങനെയല്ല. ഒച്ചയും ബഹളവും അൽപം കുറവാണ്. ഇതിലുള്ളവർ ആ യാത്രക്കിടയിൽ പരിചയപ്പെട്ടവരാണ്. തർക്കിക്കാൻ പറ്റില്ല. അതിനുള്ള പരിചയവുമില്ല. അതിന്റെയൊരു കുറവ് ഇന്റർസിറ്റിക്കുണ്ട്. എങ്കിലും ചുമരെഴുത്തിലെ മുൻതൂക്കം നോക്കി പ്രസ്താവന നടത്തും...ഇത്തവണ അവര് നേടും. 

അപ്പുറത്തു നിന്നു മറുപടി കിട്ടുംഎവിടുന്ന്? ഒന്നൂല്ല്യാ....

കോഴിക്കോട്ടെത്തുന്നതോടെ വട്ടമേശക്കാർ തീർത്തും ഇല്ലാതാവും.പാലക്കാടിനേക്കാൾ ചൂടുണ്ട് ഷൊർണൂരിന്. ഏറ്റവും വലിയ ഈ റെയിൽവേ സ്റ്റേഷനിൽ ഏറ്റവും കേമത്തിലാവും ചർച്ച. കണ്ണൂർ പാസഞ്ചറും നിലമ്പൂർ വണ്ടിയും ഏഴിനാണ്. നിലമ്പൂർ വണ്ടിയിൽ വാടാനാംകുറുശി മുതൽ മേലാറ്റൂർ വരെ ചർച്ചാ വിഷയമാണ്. പെരിന്തൽമണ്ണ നഗരസഭ പലരുടെയും അഭിമാനപ്രശ്നമാണ്. കണ്ണൂർ പാസഞ്ചറിൽ കോർപറേഷൻ ന്യൂസാണ് നായകൻ. തൃശൂർ മുതൽ കോഴിക്കോട് വരെ നാവിൽ വിളയാടും. അടുത്ത മേയറാര് എന്നു വരെ തീരുമാനിക്കും. 

വ്യത്യസ്തമായിരുന്നില്ല ബസ് യാത്രക്കാരുടെ അവസ്ഥയും. തിരഞ്ഞെടുപ്പു വിട്ടൊരു കളിയില്ല. 8.15നു മുനിസിപ്പൽ സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന പാരിജാതം ഒലവക്കോട് എത്തുമ്പോഴേക്കും സ്ഥിരം ഉത്സാഹകമ്മിറ്റിക്കാർ പാലക്കാടിന്റെ വ്യക്തതയില്ലായ്മയിൽനിന്നു പുതുപ്പരിയാരത്തിന്റെയും മുണ്ടൂരിന്റെയും ചുവന്ന മനസ്സുകളിലേക്ക് എത്തിനോക്കിത്തുടങ്ങിയിട്ടുണ്ടാകും. കോങ്ങാടിനും കടമ്പഴിപ്പുറത്തിനും അത്ര തീർച്ച പോര. വാർഡ് എണ്ണിയെണ്ണി കൂട്ടിയാലേ അവിടെ പറയാൻ പറ്റൂ. തർക്കം ഉറപ്പ്. തർക്കം തുടങ്ങിയാൽ കണ്ടക്ടർ ബാഗ് തൂക്കി വരുന്ന ഓമന നേരിട്ട് അതിൽ ഇടപെട്ടളയും. ആരെന്തു പറഞ്ഞാലും ഞങ്ങടെ ശ്രീകൃഷ്ണപുരം ഇടത്തോട്ടെന്നെ. കൂടിവന്നാൽ രണ്ടു സീറ്റ് പോവും, അത്രെന്നെ. പക്ഷേ, കരിമ്പുഴ കൈവിട്ട് പോവും ട്ടോ....

  ഇന്നലെ.....

പാലക്കാട് ജംക്‌ഷൻ സ്റ്റേഷൻ. സമയം രാവിലെ 7.30മെമു വരുന്ന മൂന്നും ഇന്റർസിറ്റിയുടെ രണ്ടും പ്ലാറ്റ്ഫോമുകൾ കാലിയാണ്. മുഖത്തു കറുത്ത തുണിയും കെട്ടി ചിലർ അവിടവിടെ ഇരിപ്പുണ്ട്. യാത്രക്കാരല്ലെന്നു തീർച്ച. ട്രെയിൻ വരാത്ത പ്ലാറ്റ്ഫോമിൽ അവർ എന്തിനു വെറുതെ? ആർക്കറിയാം. ഷൊർണൂരും ഒറ്റപ്പാലവും ഒക്കെ ഇങ്ങനെയാവും, ല്ലേ...ശരി, 8.25നു പാരിജാതത്തിൽ കയറി നോക്കാം.പണ്ട് എന്നും നിറഞ്ഞു വരാറുള്ള ആ ബസ് ഏതാനും യാത്രക്കാർ മാത്രമായി ഒലവക്കോട്ടെത്തി. ഓരോ സീറ്റിൽ ഓരോരുത്തരുണ്ട്. വായ് മൂടിക്കെട്ടി പ്രതിഷേധപ്രകടനത്തിനു പോവുന്നവരെപ്പോലെയാണ് അവരുടെ ഇരിപ്പ്. ആരുമൊന്നും മിണ്ടുന്നില്ല. ഏതു പഞ്ചായത്ത് ആരു ഭരിച്ചാലും അവർക്കൊന്നുമില്ലെന്നു തോന്നിപ്പോകും. ഒരൊറ്റയാൾ പോലും ലോകം കാണുന്നില്ല. കോവിഡ് കാലത്ത് കൈയിലെ മൊബൈൽ സ്ക്രീനിൽ അവർ സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി യുദ്ധം ചെയ്യുകയാണ്....മിണ്ടാതെ, ഉരിയാടാതെ.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com